തമിഴ്‌നാട്ടില്‍ സിഎഎ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് എം കെ സ്റ്റാലിന്‍

Update: 2024-03-13 05:08 GMT

ചെന്നൈ: സംസ്ഥാനത്ത് പൗരത്വ ഭേദഗതി നിയമം(സിഎഎ) ഒരു തരത്തിലും നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. തമിഴ്‌നാട്ടിലെ അഭയാര്‍ഥി ക്യാംപുകളില്‍ കഴിയുന്ന ന്യൂനപക്ഷങ്ങള്‍ക്കും ശ്രീലങ്കന്‍ തമിഴര്‍ക്കും എതിരാണ് സിഎഎയെന്നും അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാല്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രം തിടുക്കത്തില്‍ സിഎഎ നടപ്പാക്കാന്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. ഇത് കേവലം ഭരണഘടനയ്‌ക്കെതിരായല്ല, നാനാത്വത്തിനും മതേതരത്വത്തിനും ന്യൂനപക്ഷ സമുദായങ്ങള്‍ക്കും തമിഴ്‌നാട്ടിലെ അഭയാര്‍ഥി ക്യാംപുകളില്‍ കഴിയുന്ന ശ്രീലങ്കന്‍ തമിഴര്‍ക്കും എതിരാണെന്നും അദ്ദേഹം പറഞ്ഞു.

    ജനങ്ങള്‍ അവരെ ഉചിതമായ പാഠം പഠിപ്പിക്കും. ഡിഎംകെ സര്‍ക്കാര്‍ തമിഴ്‌നാട് നിയമസഭയില്‍ സിഎഎ പിന്‍വലിക്കാന്‍ പ്രമേയം കൊണ്ടു വന്നു. ഇതേ ആവശ്യം ഉന്നയിച്ച് കേന്ദ്രത്തിന് അയച്ചു. സുപ്രിം കോടതിയുടെ വിമര്‍ശനത്തില്‍ നിന്ന് രക്ഷപ്പെടാനും ജനങ്ങളെ വഴിതിരിച്ചുവിടാനും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനുമായാണ് കേന്ദ്ര സര്‍ക്കാര്‍ സിഎഎ വിജ്ഞാപനം നടത്തിയതെന്നും സ്റ്റാലിന്‍ പറഞ്ഞു. ഈ നിയമം ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കും. ഈ നിയമം അനാവശ്യമാണെന്നും അത് ഇല്ലാതാക്കണമെന്നും ഞങ്ങള്‍ വിശ്വസിക്കുന്നു. സംസ്ഥാനത്ത് സിഎഎ നടപ്പാക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ അനുവദിക്കില്ല. ഇന്ത്യയുടെ ഐക്യത്തെ ബാധിക്കുന്ന ഒരു നിയമവും നടപ്പാക്കാന്‍ ഈ സര്‍ക്കാര്‍ അനുവദിക്കില്ലെന്ന് തമിഴ്‌നാട്ടിലെ ജനങ്ങള്‍ക്ക് ഞാന്‍ ഉറപ്പ് നല്‍കുന്നുവെന്നും സ്റ്റാലിന്‍ വ്യക്തമാക്കി.




Tags:    

Similar News