തമിഴ്‌നാട്ടില്‍ എം കെ സ്റ്റാലിന്‍ ഇന്ന് രാവിലെ 10ന് സത്യപ്രതിജ്ഞ ചെയ്യും
ചെന്നൈ: മികച്ച വിജയത്തോടെ ഡിഎംകെ അധികാരത്തിലെത്തിയ തമിഴ്‌നാട്ടില്‍ മുഖ്യമന്ത്രിയായി എം കെ സ്റ്റാലിന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. അദ്ദേഹത്തോടൊപ്പം 33 അംഗ മന്ത്രിസഭയും അധികാരമേല്‍ക്കുമെന്നാണ് റിപോര്‍ട്ട്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് രാജ്ഭവനില്‍ ലളിതമായ ചടങ്ങിലാണ് സത്യപ്രതിജ്ഞ നടക്കുക. ദുരൈമുരുകനെപ്പോലുള്ള മുതിര്‍ന്ന നേതാക്കളെ നിലനിര്‍ത്തിയ മന്ത്രിസഭയില്‍ ഒരു ഡസനിലേറെ പുതുമുഖങ്ങളാണ്. ആദ്യമായി മുഖ്യമന്ത്രിയാവുന്ന സ്റ്റാലിന്‍ ആഭ്യന്തരം, പൊതുഭരണം, ഭിന്നശേഷി ക്ഷേമം തുടങ്ങിയ വകുപ്പുകളും വഹിക്കും. കഴിഞ്ഞ ഡിഎംകെ ഭരണകാലത്ത് (2006-11) പൊതുമരാമത്ത് പോലുള്ള വകുപ്പുകള്‍ വഹിച്ചിരുന്ന പാര്‍ട്ടി ജനറല്‍ സെക്രട്ടറി ദുരൈമുരുകന് ജലസേചന-ജലവിഭവ-ഖനികളും ധാതു വകുപ്പാണ് നല്‍കുക. അതിനിടെ, പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കാന്‍ അണ്ണാഡിഎംകെയുടെ പാര്‍ലമെന്ററി പാര്‍ട്ടി യോഗവും ഇന്ന് ചേരുന്നുണ്ട്.
തമിഴ്‌നാട്ടില്‍ ആകെയുള്ള 234 സീറ്റുകളില്‍ ഡിഎംകെ മുന്നണിക്ക് 158 സീറ്റുകളാണ് ലഭിച്ചത്. 10 വര്‍ഷം അധികാരത്തിലുണ്ടായിരുന്ന അണ്ണാ ഡിഎംകെ വെറും 76 സീറ്റിലൊതുങ്ങി.
അതേസമയം, പുതുച്ചേരിയില്‍ എന്‍ഡിഎ മന്ത്രിസഭയും ഇന്ന് അധികാരമേല്‍ക്കും. എന്‍ ആര്‍ കോണ്‍ഗ്രസ് നേതാവ് എന്‍ രംഗസ്വാമിയാണ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുക. ബിജെപി മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരുടെ സത്യപ്രതിജ്ഞ പിന്നീട് നടക്കുമെന്നാണ് റിപോര്‍ട്ട്.
MK Stalin to Take Oath as Tamil Nadu CM Today