മൊബൈല്‍ ഇന്റര്‍നെറ്റ് വേഗതയില്‍ ഇന്ത്യയ്ക്ക് 130ാം സ്ഥാനം; ഹോം ബ്രോഡ് ബാന്‍ഡില്‍ 71
ന്യൂഡല്‍ഹി: മൊബൈല്‍ ഇന്റര്‍നെറ്റ്, ഹോം ബ്രോഡ്ബാന്‍ഡ് വേഗതയില്‍ ഇന്ത്യ ഏറെ പിന്നിലെന്ന് ആഗോള വേഗനിര്‍ണയ സൂചികയായ ഓക്‌ലയുടെ റിപോര്‍ട്ട്. മൊബൈല്‍ ഡാറ്റ വേഗതയുടെ കാര്യത്തില്‍ ഇന്ത്യ 130ാം സ്ഥാനത്താണ്. രാജ്യത്ത് 10.15 എംപിബിഎസ് വേഗതയാണ് വാഗ്ദാനം ചെയ്യുന്നത്. യുഎഇയിലാണ് ഏറ്റവും വേഗതയേറിയ മൊബൈല്‍ ഡാറ്റ വേഗതയുള്ളത്-83.52 എംബിപിഎസ്. ദക്ഷിണ കൊറിയ 81.39 എംബിപിഎസുമായി രണ്ടാം സ്ഥാനത്തും ഖത്തര്‍ 78.38 എംബിപിഎസുമായി മൂന്നാമതുമാണ്. ഫിക്‌സഡ് ബ്രോഡ്ബാന്‍ഡ് ഡാറ്റയുടെ അടിസ്ഥാനത്തില്‍ സിംഗപ്പൂരാണ് മുന്നില്‍-197.26 എംപിബിഎസ്. ഹോങ്കോങ്(168.99 എംപിബിഎസ്) രണ്ടാമതും റുമാനിയ(151.55 എംപിബിഎസ്) മൂന്നാമതുമാണ്. ഇക്കാര്യത്തില്‍ ഇന്ത്യയുടെ സ്ഥാനം 71 ആണ്-വേഗത 35.98 എംബിപിഎസ്. ഇന്ത്യയില്‍ മൊബൈല്‍ ഇന്റര്‍നെറ്റ്, ഹോം ബ്രോഡ്ബാന്‍ഡ് വേഗത കുറഞ്ഞുവരുന്നതായാണ് ഓക്‌ലയുടെ റിപോര്‍ട്ട്.
റെസിഡന്‍ഷ്യല്‍ ഏരിയകളിലെ നെറ്റ്‌വര്‍ക്കുകളിലെ ലോഡ് ഗണ്യമായി വര്‍ധിച്ചതും വാണിജ്യ മേഖലകളില്‍ അധിക ലോഡിനായി മൊബൈല്‍ സേവന ദാതാക്കള്‍ നെറ്റ് വര്‍ക്കിന് മുന്‍ഗണന നല്‍കുന്നതും ആസൂത്രണമില്ലാത്ത ഉപയോഗ രീതികളുമാണ് ഇതിനു കാരണമെന്നും ചൂണ്ടിക്കാട്ടുന്നുണ്ട്. കൊവിഡ് 19 പകര്‍ച്ചവ്യാധികള്‍ക്കിടയില്‍ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ വീടുകളില്‍ നിന്നാണ് ജോലി ചെയ്യുന്നത്. ഇന്ത്യയിലും വര്‍ക്ക് ഫ്രം ഹോം ഉപയോഗം വര്‍ധിച്ചതായാണു കണക്ക്. ഇവരെല്ലാം ഇന്റര്‍നെറ്റിനെ കൂടുതലായി ആശ്രയിച്ചതോടെയാണ് മൊബൈല്‍ ഇന്റര്‍നെറ്റും ഹോം ബ്രോഡ്ബാന്‍ഡ് വേഗതയും കുറയുന്നത്. ഫിക്‌സഡ് ബ്രോഡ്ബാന്‍ഡ് ഡൗണ്‍ ലോഡ് വേഗത ഫെബ്രുവരിയില്‍ 39.65 എംബിപിഎസ് ആയിരുന്നുവെങ്കില്‍ മാര്‍ച്ചില്‍ 35.98 എംബിപിഎസായി കുറഞ്ഞു.
മൊബൈല്‍ ഇന്റര്‍നെറ്റ് ഡൗണ്‍ലോഡ് വേഗതയിലും 1.68 എംബിപിഎസ് കുറവുണ്ടായി. രാജ്യത്തെ മൊബൈല്‍ നെറ്റ്‌വര്‍ക്കുകള്‍ ഫെബ്രുവരിയില്‍ ശരാശരി വേഗത 11.83 എംബിപിഎസാണെങ്കില്‍ മാര്‍ച്ചില്‍ ഇത് 10.15 എംബിപിഎസായി കുറഞ്ഞു. ഈ വര്‍ഷം ജനുവരി മുതല്‍ നിശ്ചിത ബ്രോഡ്ബാന്‍ഡ് വേഗത സ്ഥിരമായി കുറയുന്നതായും ഓക് ല സൂചിപ്പിച്ചിട്ടുണ്ട്. 'ഇന്ത്യയുടെ ശരാശരി നിശ്ചിത ബ്രോഡ്ബാന്‍ഡ് വേഗത 2020 ന്റെ തുടക്കം മുതല്‍ കുറയുന്നുണ്ട്. ജനുവരിയില്‍ 41.48 എംബിപിഎസില്‍ നിന്ന് മാര്‍ച്ചില്‍ 35.98 എംബിപിഎസായി. 5.5 എംബിപിഎസാണ് കുറഞ്ഞതെന്നും ഓക് ല ചൂണ്ടിക്കാട്ടുന്നു. കൊവിഡ് 19 കാരണം ഇന്ത്യയില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയപ്പോള്‍ വന്‍തോതില്‍ നെറ്റ് വര്‍ക്കുകള്‍ ഉപയോഗിക്കുമ്പോള്‍ മാന്ദ്യം അനുഭവിക്കുന്നത് സ്വാഭാവികമാണ്. ആളുകള്‍ അവരുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതലായി ഓണ്‍ലൈനിനെ ആശ്രയിക്കുമ്പോള്‍ വേഗതയില്‍ മാറ്റമുണ്ടാവാമെന്നും റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.