മോദി പണിയെടുക്കാതെ വള കിലുക്കുക മാത്രം ചെയ്യുന്ന വധുവിനെ പോലെയെന്ന് സിദ്ദു
താനദ്ദേഹത്തെ നുണകളുടെ തലവന്‍, വിഭജന നായകന്‍, അംബാനിയുടേയും അദാനിയുടേയും ബിസിനസ് മാനേജര്‍ എന്നൊക്കെയാണ് വിളിക്കുകയെന്നും സിദ്ദു വ്യക്തമാക്കി.
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് രൂക്ഷ ഭാഷയില്‍ പഞ്ചാബ് മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ നവ്‌ജോത് സിങ് സിദ്ദു. വളരെ കുറച്ച് മാത്രം റൊട്ടികളുണ്ടാക്കുകയും പണിയെടുക്കുന്നുവെന്ന് അയല്‍ക്കാരെ കാണിക്കാന്‍ വളകിലുക്കി കൂടുതല്‍ ഒച്ചയുണ്ടാക്കുകയും ചെയ്യുന്ന പുതുപെണ്ണിനെ പോലെയാണ് മോദിയെന്ന് സിദ്ദു പറഞ്ഞു. നരേന്ദ്ര മോദിയുടെ ഭരണത്തില്‍ നടന്നത് യാഥാര്‍ഥത്തില്‍ ഇതാണെന്നും ഇന്‍ഡോറില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കവെ അദ്ദഹം വ്യക്തമാക്കി.
മോദി നുണയനും അംബാനിയുടേയും അദാനിയുടേയും ബിസിനസ് മാനേജരുമാണ്. താനദ്ദേഹത്തെ നുണകളുടെ തലവന്‍, വിഭജന നായകന്‍, അംബാനിയുടേയും അദാനിയുടേയും ബിസിനസ് മാനേജര്‍ എന്നൊക്കെയാണ് വിളിക്കുകയെന്നും സിദ്ദു വ്യക്തമാക്കി.
പ്രധാമന്ത്രി മോദിയുടെ വിമര്‍ശിച്ചു കൊണ്ടുള്ള ടൈം മാഗസിനിലെ ഫീച്ചര്‍ വാര്‍ത്തയായതിന് പിന്നാലെയാണ് സിദ്ദുവിന്റെ പ്രതികരണം. മോദിയെ വിഭജന നായകന്‍ എന്ന വിശേഷണത്തോടെയാണ് ടൈം തങ്ങളുടെ കവര്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
അതേസമയം, മോദിയുടെ പരാമര്‍ശത്തിനെതിരേ ദേശീയ വനിത കമ്മീഷന്‍ ചെയര്‍പേര്‍സണ്‍ രംഗത്തെത്തി. സിദ്ദൂവിന്റേത് സ്ത്രീവിരുദ്ധ പരാമര്‍ശമാണെന്ന് രേഖ ശര്‍മ്മ പറഞ്ഞു.പ്രസ്താവനയെ ശക്തമായി എതിര്‍ക്കുന്നു. സ്ത്രീകളോടുള്ള അദ്ദേഹത്തിന്റെ മനോഭാവത്തേയാണ് ഇതു കാണിക്കുന്നത്. അദ്ദേഹം മനസ്സിലാക്കുന്നത് സ്ത്രീകള്‍ റൊട്ടിയുണ്ടാക്കുക മാത്രമാണ് ചെയ്യുന്നതെന്നാണോ? ഒരു ഭാഗത്ത് ഇന്ത്യന്‍ സ്ത്രീകള്‍ എല്ലാ പ്രതിബന്ധങ്ങളും പൊട്ടിച്ചെറിയുകയാണ്. എന്നാല്‍ സിദ്ദുവിന് സ്ത്രീവിരുദ്ധതയുടെ കണ്ണടയിലൂടെ മാത്രമേ സ്ത്രീകളെ കാണാന്‍ കഴിയൂവെന്നും രേഖ ശര്‍മ ട്വിറ്ററില്‍ കുറിച്ചു.