അയോധ്യയിലെ രാമക്ഷേത്രത്തിന് സമാനമായ തര്‍ക്കം എല്ലായിടത്തും പാടില്ല: മോഹന്‍ ഭാഗവത്
ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്രത്തിന് സമാനമായ തര്‍ക്കങ്ങള്‍ എല്ലായിടത്തും ഉയര്‍ത്തിക്കൊണ്ടുവരരുതെന്ന് ആര്‍എസ്എസ് സര്‍സംഘ്ചാലക് മോഹന്‍ ഭാഗവത്. ''രാമക്ഷേത്രം ഒരു വികാരമായിരുന്നു. രാമക്ഷേത്രത്തിന് സമാനമായ തര്‍ക്കം എല്ലായിടത്തും ഉണ്ടാക്കേണ്ടതില്ല. ഇത്തരം കാര്യങ്ങള്‍ ഒരു തരത്തിലും സ്വീകാര്യമല്ല. ഇന്ത്യയില്‍ ഭൂരിപക്ഷവും ന്യൂനപക്ഷവും ഇല്ല, എല്ലാവരും ഒന്നാണ്. പഴയകാലത്തെ തെറ്റുകളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് ലോകത്തിനു തന്നെ ഇന്ത്യ മാതൃകയാകണം. രാമക്ഷേത്രം ഒരു വിശ്വാസത്തിന്റെ വിഷയമായിരുന്നു. രാമക്ഷേത്രം നിര്‍മിക്കണമെന്ന് ഹിന്ദുക്കള്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍, വിദ്വേഷത്തിന്റെയും ശത്രുതയുടെയും പേരില്‍ മറ്റിടങ്ങളില്‍ തര്‍ക്കമുണ്ടാക്കുന്നത് ഒരിക്കലും അംഗീകരിക്കാനാകില്ല. മറ്റു മതങ്ങളെ അധിക്ഷേപിക്കുന്നത് നമ്മുടെ സംസ്‌കാരമല്ല. എല്ലാവര്‍ക്കും അവരുടെ വിശ്വാസ പ്രകാരം ആരാധന നടത്താന്‍ കഴിയണം''-പൂനെയില്‍ നടന്ന വിശ്വഗുരു ഭാരത് എന്ന പരിപാടിയില്‍ സംസാരിക്കവേ മോഹന്‍ ഭാഗവത് പറഞ്ഞു.