ജാതി ചിന്തകൾക്ക് പ്രസക്തിയില്ലെന്ന് മോഹൻ ഭാ​ഗവത്; എത്ര അവർണർ സർസംഘ ചാലക് ആയിട്ടുണ്ടെന്ന് സോഷ്യൽ മീഡിയ

ജാതികള്‍ക്ക് ഈ കാലത്ത് ഒരു പ്രസക്തിയുമില്ലെന്നും വര്‍ണ്ണ, ജാതി പോലുള്ള സങ്കല്‍പ്പങ്ങള്‍ പൂര്‍ണ്ണമായും ഉപേക്ഷിക്കണമെന്നും നാഗ്പൂരില്‍ കഴിഞ്ഞദിവസം നടന്ന ഒരു പുസ്തക പ്രകാശന ചടങ്ങില്‍ അദ്ദേഹം പറഞ്ഞിരുന്നു.

Update: 2022-10-08 07:28 GMT

കോഴിക്കോട്: ജാതികള്‍ക്ക് ഈ കാലത്ത് ഒരു പ്രസക്തിയുമില്ലെന്ന ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പ്രസ്താവനയെ വിമർശിച്ച് സോഷ്യൽ മീഡിയ. ജാതികള്‍ക്ക് ഈ കാലത്ത് ഒരു പ്രസക്തിയുമില്ലെന്നും വര്‍ണ്ണ, ജാതി പോലുള്ള സങ്കല്‍പ്പങ്ങള്‍ പൂര്‍ണ്ണമായും ഉപേക്ഷിക്കണമെന്നും നാഗ്പൂരില്‍ കഴിഞ്ഞദിവസം നടന്ന ഒരു പുസ്തക പ്രകാശന ചടങ്ങില്‍ അദ്ദേഹം പറഞ്ഞിരുന്നു.

സാമൂഹിക സമത്വം ഇന്ത്യന്‍ പാരമ്പര്യത്തിന്റെ ഭാഗമാണെന്നും എന്നാലത് വിസ്മരിക്കപ്പെടുകയും വിനാശകരമായ പ്രത്യാഘാതങ്ങളിലേക്ക് നയിക്കുകയും ചെയ്തുവെന്ന് ആര്‍എസ്എസ് മേധാവി പറഞ്ഞു. എന്നാൽ ആർഎസ്എസിന്റെ ഏറ്റവും ഉയർന്ന പദവിയായ സംർസംഘ് ചാലകുമാരിൽ എത്ര അവർണർ ഉണ്ടായിട്ടുണ്ടെന്ന് സാമൂഹിക മാധ്യമങ്ങളിൽ ചോദ്യമുയർന്നു.

ദേശീയ തലത്തിൽ തന്നെ വലിയ രീതിയിലുള്ള ട്രോൾ വിമർശനങ്ങളാണ് ആർഎസ്എസിന് ഇതിനകം നേരിടേണ്ടി വന്നത്. കേരളത്തിൽ മോഹൻ ഭാ​ഗവതിന്റെ പ്രസം​​ഗത്തിലേയും സംഘപരിവാര അനുകൂല യുക്തിവാദി സി രവിചന്ദ്രന്റെ ജാതിയുമായി ബന്ധപ്പെട്ട നിലപാടിലേയും സാമ്യതകൾ തുറന്നുകാട്ടിയുമാണ് വിമർശനം ഉയർന്നിരിക്കുന്നത്.

വിജയദശമി ദിനത്തിൽ മോഹൻ ഭാ​ഗവതിന്റെ ഹിന്ദു രാഷ്ട്ര വാദവുമായി ബന്ധപ്പെട്ട പരാമർശങ്ങളടങ്ങിയ പ്രസം​ഗവും രൂക്ഷവിമർശനങ്ങൾക്ക് വിധേയമായിരുന്നു. ഹിന്ദു രാഷ്ട്രമെന്ന കാഴ്ച്ചപ്പാടിനെ ഇന്ത്യയിലെ ഭൂരിഭാ​ഗം പേരും സ്വീകരിച്ചുവെന്നായിരുന്നു മോഹൻ ഭാ​ഗവത് പറഞ്ഞത്. 

Similar News