മുസ്‌ലിം യുവാവിനെ തല്ലിക്കൊന്ന ബജ്‌റംദ് ദളുകാരെ പിടികൂടാതെ പോലിസ്; പശുക്കശാപ്പ് കേസില്‍ മറ്റൊരു മുസ്‌ലിം യുവാവ് അറസ്റ്റില്‍

Update: 2025-01-02 02:24 GMT

മൊറാദാബാദ്: ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ മുസ്‌ലിം യുവാവിനെ തല്ലിക്കൊന്ന ബജ്‌റംഗ് ദളുകാരെ അറസ്റ്റ് ചെയ്യാത്ത പോലിസ് ഇരയായ യുവാവിന്റെ സുഹൃത്തിനെ അറസ്റ്റ് ചെയ്തു. പശുക്കശാപ്പ് ആരോപിച്ച് സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസില്‍, കൊല്ലപ്പെട്ട യുവാവിന്റെ സുഹൃത്തായ മുഹമ്മദ് അദ്‌നാനെയാണ് പോലിസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് അസലത്പുരയിലെ ഷഹീദീന്‍ ഖുറൈശി(37) മജോല പ്രദേശത്ത് ഹിന്ദുത്വരുടെ ആക്രമണ സംഘമായ ബജ്‌റംഗ് ദളുകാര്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

പശുവിനെ കശാപ്പ് ചെയ്‌തെന്ന് ആരോപിച്ചായിരുന്നു ഖുറൈശിയെ ബജ്‌റംഗ്ദള്‍ സംഘം ആക്രമിച്ചത്. സംഭവത്തില്‍ ഷഹീദീന്‍ ഖുറൈശിയുടെ സഹോദരന്‍ ഷഹ്ജാദിന്റെ പരാതിയില്‍ പോലിസ് കേസെടുത്തിരുന്നു. ഈ കേസിലെ കൊലയാളികളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. എന്നാല്‍, പശുക്കശാപ്പ് ആരോപിച്ച് സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസില്‍ മുസ്‌ലിം യുവാവിനെ അറസ്റ്റ് ചെയ്തിരിക്കുകയാണ്.

'' പശുവിനെ കൊന്നു എന്ന ആരോപണത്തില്‍ ഷഹീദീന്‍ ഖുറൈശിക്കും മുഹമ്മദ് അദ്‌നാനും (29) എതിരെ ഞങ്ങള്‍ സ്വമേധയാ കേസെടുത്തു.''-മജോല സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ മോഹിത് ചൗധരി പറഞ്ഞു.

ഷഹീദീന്‍ ഖുറൈശിയുടെ കൊലപാതകത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്യാന്‍ സാധിച്ചിട്ടില്ലെന്ന് അഡീഷണല്‍ പോലീസ് സൂപ്രണ്ട് കുമാര്‍ രണ്‍ വിജയ് സിങ് പറഞ്ഞു. ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ശേഖരിച്ചിട്ടുണ്ടെന്നും ആക്രമണത്തില്‍ ഉള്‍പ്പെട്ടവരെ തിരിച്ചറിയാനുള്ള ശ്രമത്തിലാണെന്നും മറ്റൊരു പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ആക്രമണം നടന്ന ദിവസം രാവിലെ തന്നെ ഷഹീദീന്‍ ജോലിക്കു പോയിരുന്നതായി ഭാര്യ റിസ്‌വാന (35) പറഞ്ഞു. ''ഞാനൊരു ഹൃദ്രോഗിയാണ്. പതിവുപോലെ മരുന്ന് കഴിക്കാന്‍ ഞാന്‍ രണ്ടു മണിക്ക് എഴുന്നേറ്റു. മൂന്നു മണിയോടെ അദ്ദേഹം ജോലിക്കു പോയി. മരുന്നു കഴിച്ച് ഞാന്‍ വീണ്ടും കിടന്നു.''-റിസ്‌വാന പറയുന്നു.

''ഒരു മണിക്കൂറിന് ശേഷം, ആരോ എന്നെ ഷഹീദീനിന്റെ ഫോണില്‍ നിന്ന് വിളിച്ചു. മാര്‍ക്കറ്റില്‍ നിന്ന് ലഭിച്ച ഫോണ്‍ ആണെന്നാണ് പറഞ്ഞത്. ഇതോടെ ഞാന്‍ വിവരമന്വേഷിക്കാന്‍ ഷഹ്ജാദിന്റെ വീട്ടിലേക്ക് പോയി. രാവിലെ പതിനൊന്നു മണിയോടെ പോലിസ് വീട്ടിലെത്തി. ഷഹീദീന്‍ ആശുപത്രിയില്‍ ആണെന്ന് അവര്‍ അറിയിച്ചു.'' -റിസ്‌വാന പറഞ്ഞു.

''ഞങ്ങള്‍ ആശുപത്രിയില്‍ എത്തിയപ്പോള്‍ ഷഹീദീനിന്റെ മൂക്കില്‍ നിന്ന് രക്തം വരുന്നുണ്ടായിരുന്നു. ഇടതുകണ്ണ് വീര്‍ത്തിരുന്നു, അവന് ശ്വാസം മുട്ടുന്നുണ്ടായിരുന്നു'' - ഖുറൈശിയുടെ ഭാര്യാസഹോദരി മസൂമ ജമാല്‍ (43) പറഞ്ഞു. അവിടെ നിന്ന് സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പുലര്‍ച്ചെ മാര്‍ക്കറ്റില്‍ എത്തുന്ന ചരക്കുകള്‍ കടകളില്‍ എത്തിക്കുന്ന ജോലിയാണ് ഷഹീദീന്‍ ഖുറൈശി ചെയ്തിരുന്നത്. 15,000 രൂപയാണ് പ്രതിമാസം ലഭിച്ചിരുന്നത്.

Tags:    

Similar News