പോപുലര്‍ ഫ്രണ്ടിനെതിരായ നീക്കം ന്യൂനപക്ഷ പ്രസ്ഥാനങ്ങളെ ഒന്നടങ്കം ലക്ഷ്യംവച്ചുള്ള ഹിന്ദുത്വ പദ്ധതി: കെ കെ ബാബുരാജ്
ഇപ്പോള്‍ വീണ്ടും പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുമെന്നു പറയുമ്പോള്‍ ന്യൂനപക്ഷ പ്രസ്ഥാനങ്ങളെ ഒറ്റതിരിക്കുകയും ഡിമോറലൈസ് ചെയ്യേണ്ടതും അത്യാവശ്യമാണ്. അതിനാല്‍ തന്നെ പിഎഫിന് എതിരെയുള്ള രാജ്യവ്യാപകമായ റെയ്ഡുകളും അറസ്റ്റുകളും ഒറ്റപ്പെട്ട കാര്യമായി തോന്നുന്നില്ല.
കോഴിക്കോട്: പോപുലര്‍ ഫ്രണ്ടിനെതിരായ നീക്കം ന്യൂനപക്ഷ പ്രസ്ഥാനങ്ങളെ ഒന്നടങ്കം ലക്ഷ്യംവച്ചുള്ള ഹിന്ദുത്വ പദ്ധതിയെന്ന് ചിന്തകന്‍ കെ കെ ബാബുരാജ്. അതിനാല്‍ തന്നെ പിഎഫിന് എതിരെയുള്ള രാജ്യവ്യാപകമായ റെയ്ഡുകളും അറസ്റ്റുകളും ഒറ്റപ്പെട്ട കാര്യമായി തോന്നുന്നില്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
പൗരത്വ ഭേദഗതി നിയമത്തിനെതിരേ അതിശക്തമായ പ്രതിരോധം ഹിന്ദുത്വ ഭരണകൂടം പ്രതീക്ഷിച്ചതല്ല. ആ സമരത്തിന്റെ മുന്നണിയില്‍ നിന്ന വിവിധ മുസ്‌ലിം സംഘടനകളെ എങ്ങിനെയും തകര്‍ക്കാന്‍ അവര്‍ കിണഞ്ഞു ശ്രമിച്ചെങ്കിലും നടന്നില്ല. ഇപ്പോള്‍ വീണ്ടും പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുമെന്നു പറയുമ്പോള്‍ ന്യൂനപക്ഷ പ്രസ്ഥാനങ്ങളെ ഒറ്റതിരിക്കുകയും ഡിമോറലൈസ് ചെയ്യേണ്ടതും അത്യാവശ്യമാണ്. അതിനാല്‍ തന്നെ പിഎഫിന് എതിരെയുള്ള രാജ്യവ്യാപകമായ റെയ്ഡുകളും അറസ്റ്റുകളും ഒറ്റപ്പെട്ട കാര്യമായി തോന്നുന്നില്ല. മറിച്ചു ന്യൂന പക്ഷ പ്രസ്ഥാനങ്ങളെ ഒന്നടങ്കം ലക്ഷ്യം വെച്ചു കൊണ്ടുള്ള ഹിന്ദുത്വ പദ്ധിതി ആയിട്ടാണ് കാണേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
മറ്റൊരു പ്രധാനപ്പെട്ട കാര്യം, ഇന്ത്യയില്‍ പ്രൊ മണ്ഡല്‍ കാലത്തിനു സമാനമായ വിധത്തില്‍ പിന്നാക്ക രാഷ്ട്രീയം പുനരുജ്ജീവിക്കപ്പെടുകയാണ്. ബിഹാറിലെ നിധീഷ് കുമാറിന്റെയും തെലുങ്കാനയിലെ കെസിആറിന്റെയും ചേരിമാറ്റവും യുപിയിലെ അഖിലേഷ് യാദവിന്റെ രാഷ്ട്രീയ വളര്‍ച്ചയും ഇതിന്റെ സൂചനയാണ്. മാത്രമല്ല ബിജെപി വിരുദ്ധ മുന്നണികളുടെ ഭരണം നിലനില്‍ക്കുന്ന ബംഗാള്‍, തമിഴ്‌നാട്, കേരളം, ഡല്‍ഹി മുതലായ സ്ഥലങ്ങള്‍ ഇപ്പോഴും ബിജെപിക്ക് ബാലികേറാ മലകളാണ്. രാഹുല്‍ ഗാന്ധി ഉയര്‍ത്തുന്ന ഭീഷണികളേക്കാള്‍ ബിജെപിയെ ഭയപ്പെടുത്തുന്നത് മേല്‍പ്പറഞ്ഞ പ്രമുഖ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ സ്ഥിതിഗതികളാണ്.
ഈ സാഹചര്യത്തില്‍ സവര്‍ണ്ണ അവര്‍ണ്ണ ഹിന്ദുക്കളില്‍ 'മുസ്‌ലിം തീവ്രവാദ പേടിയും' ലിബറലുകളില്‍ 'രാജ്യസുരക്ഷ പേടിയും' അഴിച്ചുവിട്ടുകൊണ്ടു ഹൈന്ദവ ഏകീകരണമാണ് ബിജെപി ലക്ഷ്യം വെക്കുന്നത്. അതിനു വേണ്ടിയാണ് ഇഡിയെയും എന്‍ഐഎയെയും വെച്ചുള്ള അടിച്ചമര്‍ത്തലുകള്‍ ന്യൂനപക്ഷ പ്രസ്ഥാനങ്ങള്‍ക്കെതിരേ നടത്തുന്നത്. ഇതും ഫലപ്രദമായില്ലെങ്കില്‍, മുന്‍പത്തെ പോലെ വംശീയ അക്രമങ്ങളുമായി ആര്‍എസ്എസ് രംഗത്തു വന്നേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.