ആര്‍എസ്എസിനെ പുകഴ്ത്തിയും വിലക്കിനെ വിമര്‍ശിച്ചും മധ്യപ്രദേശ് ഹൈക്കോടതി

Update: 2024-07-26 17:25 GMT

ഭോപ്പാല്‍: ഗാന്ധിവധം, അടിയന്തരാവസ്ഥ, ബാബരി മസ്ജിദ് ധ്വംസനം തുടങ്ങിയ സംഭവങ്ങള്‍ക്കു പിന്നാലെ മൂന്നുതവണ രാജ്യത്ത് നിരോധനം ഏര്‍പ്പെടുത്തപ്പെട്ട ആര്‍എസ്എസിനെ വാനോളം പുകഴ്ത്തി മധ്യപ്രദേശ് ഹൈക്കോടതി. ആര്‍എസ്എസില്‍ ചേരാന്‍ അനുമതി തേടി വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ സമര്‍പ്പിച്ച ഹരജിയിലാണ് സംഘപരിവാരത്തെ പ്രശംസകള്‍ കൊണ്ട് മൂടിയും വിലക്കിനെ രൂക്ഷമായി വിമര്‍ശിച്ചും ഹൈക്കോടതി രംഗത്തെത്തിയത്. രാജ്യത്തെ പല രീതിയില്‍ സേവിക്കണമെന്ന നിരവധി കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ആഗ്രഹം ആര്‍എസ്എസിനെ വിലക്കിയത് മൂലം ഇല്ലാതായെന്നും ഇക്കാര്യം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ മാത്രമാണ് നീക്കിയതെന്നുമായിരുന്നു കോടതിയുടെ പരാമര്‍ശം.

   

Full View

    രാഷ്ട്രപതി മഹാത്മാ ഗാന്ധിയെ നാഥുറാം വിനായക് ഗോഡ്‌സേ വെടിവച്ചുകൊന്നതിനു പിന്നാലെയും അടിയന്തരാവസ്ഥ കാലത്തും അയോധ്യയിലെ ബാബരി മസ്ജിദ് കൈയേറി തകര്‍ത്ത സമയത്തും നിരോധനത്തിന് വിധേയമായതും വിവിധ കലാപങ്ങളില്‍ പ്രതിസ്ഥാനത്തുള്ളതുമായ സംഘപരിവാരത്തെ പൂര്‍ണമായും വെള്ളപൂശുന്ന വിധത്തിലായിരുന്നു ജസ്റ്റിസ് സുശ്രുത് അരവിന്ദ് ധര്‍മാധികാരി, ജസ്റ്റിസ് ഗജേന്ദ്ര സിങ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ പരാമര്‍ശങ്ങള്‍. ആര്‍എസ്എസില്‍ പ്രവര്‍ത്തിക്കുന്നതില്‍ 1966 മുതല്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ദിവസങ്ങള്‍ക്കു മുമ്പ് മോദി സര്‍ക്കാര്‍ പിന്‍വലിച്ചതിനു പിന്നാലെയാണ് മധ്യപ്രദേശ് ഹൈക്കോടതിയുടെ പരാമര്‍ശം എന്നതും ശ്രദ്ധേയമാണ്. മതപരവും സാമൂഹികവും ജീവകാരുണ്യവും വിദ്യാഭ്യാസപരവുമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ആര്‍എസ്എസ് പോലുള്ള ദേശീയവും അന്തര്‍ദേശീയവുമായ ഒരു സംഘടനയിലെ സന്നദ്ധ അംഗത്വം എക്‌സിക്യൂട്ടീവ് നിര്‍ദേശങ്ങളിലൂടെ നിരോധിക്കാന്‍ കഴിയില്ലെന്നാണ് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കിയത്. അങ്ങനെ ചെയ്യേണ്ടതിന്റെ ആവശ്യകതയുണ്ടായാല്‍ അവ കൃത്യമായ നിയമത്തിലൂടെ മാത്രമേ ചെയ്യാവൂ. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 13(3)(എ) പ്രകാരം ഈ മെമ്മോറാണ്ടങ്ങള്‍ രാജ്യത്തെ നിയമമല്ല എന്നതിനാല്‍ എക്‌സിക്യൂട്ടീവ് ഫ്രെയിമിലുള്ള ഔദ്യോഗിക മെമ്മോറാണ്ടങ്ങള്‍ക്ക് ആര്‍എസ്എസില്‍ ചേരുന്നതിന് മൊറട്ടോറിയം ഏര്‍പ്പെടുത്താന്‍ കഴിയില്ലെന്നും ചൂണ്ടിക്കാട്ടുന്നുണ്ട്.

    ആര്‍എസ്എസിനെ പോലെ ആഗോള പ്രശസ്തിയുള്ള സംഘടനയില്‍ പ്രവര്‍ത്തിക്കുന്നത് വിലക്കിയ അബദ്ധം മനസ്സിലാക്കാന്‍ കേന്ദ്രം അഞ്ച് പതിറ്റാണ്ടെടുത്തെന്നു പറഞ്ഞ കോടതി, സംഘപരിവാര സംഘടനയില്‍ അംഗത്വമെടുക്കുകയെന്നാല്‍ സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുക മാത്രമല്ല, വര്‍ഗീയവും ദേശവിരുദ്ധവും മതേതര വിരുദ്ധവുമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് കുറയ്ക്കുക എത് കൂടിയാണെന്നും പുകഴിത്തു. ആര്‍എസ്എസിന്റെ രാഷ്ട്രീയേതര പ്രവര്‍ത്തനങ്ങളെപ്പോലും വര്‍ഗീയവും മതേതര വിരുദ്ധവും ദേശീയതാല്‍പ്പര്യത്തിന് വിരുദ്ധവുമാണെന്ന് ചിത്രീകരിക്കുന്ന ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നത് സംഘടനയ്ക്ക് മാത്രമല്ല, അതുമായി സഹകരിക്കാന്‍ ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും കടുത്ത പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന തീരുമാനമാണ്. പൊതുസേവനത്തിനു വേണ്ടി സര്‍ക്കാര്‍-ഉദ്യോഗസ്ഥ അധികാരശ്രേണിക്ക് പുറത്ത് ദേശീയമായി സ്ഥാപിതമായ ഏറ്റവും വലിയ സന്നദ്ധ സംഘടനകളിലൊന്നായ ആര്‍എസ്എസ് ഇത്തരമൊരു നിരോധനത്തിന് വിധേയമാവാന്‍ പാടില്ലായിരുന്നുവെന്നും ഹൈക്കോടതി നിരീക്ഷിച്ചു.    

    അംഗത്വത്തിനു വിലക്കുള്ള സംഘടനകളുടെ പട്ടികയില്‍ നിന്ന് ആര്‍എസ്എസിനെ നീക്കം ചെയ്യുന്നത് വ്യാപകമായി പ്രചാരണം നല്‍കാനായി, പുതുതായി പുറത്തിറക്കിയ സര്‍ക്കുലറിലെ ഉള്ളടക്കം പരസ്യമായി പ്രദര്‍ശിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ പേഴ്‌സനല്‍ ആന്റ് ട്രെയിനങ് വകുപ്പിനും ആഭ്യന്തര മന്ത്രാലയത്തിനും ഹൈക്കോടതി നിര്‍ദേശം നല്‍കി. ഔദ്യോഗിക വെബ്‌സൈറ്റിന്റെ ഹോം പേജില്‍ ഒമ്പത് ദിവസത്തിനകം പ്രസ്തുത സര്‍ക്കുലര്‍ പ്രസിദ്ധീകരിക്കണം. ബന്ധപ്പെട്ട എല്ലാ വകുപ്പുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും സര്‍ക്കുലര്‍ അയക്കണമെന്നും കോടതിയുടെ നിര്‍ദേശത്തിലുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രവര്‍ത്തന വിലക്കുള്ള പ്രസ്ഥാനങ്ങളുടെ പട്ടികയില്‍നിന്ന് ആര്‍എസ്എസിനെ ഒഴിവാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കീഴിലുള്ള പഴ്‌സനല്‍ ആന്റ് ട്രെയ്‌നിങ് മന്ത്രാലയം കഴിഞ്ഞ ജുലൈ ഒമ്പതിനാണു തീരുമാനിച്ചത്.

    മധ്യപ്രദേശിലെ ഇന്‍ഡോര്‍ സ്വദേശിയും വിരമിച്ച കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥനുമായ പുരുഷോത്തം ഗുപ്ത നല്‍കിയ ഹരജിയിലാണ് കോടതിയുടെ പരാമര്‍ശങ്ങള്‍. 2023 സപ്തംബറിലാണ് പുരുഷോത്തം ഗുപ്ത ആര്‍എസ്എസില്‍ പ്രവര്‍ത്തിക്കാന്‍ അനുമതി തേടി കോടതിയെ സമീപിച്ചത്. ഹരജി പരിഗണിച്ച് 10 മാസത്തിന് ശേഷവും കേന്ദ്രസര്‍ക്കാര്‍ മറുപടി നല്‍കാത്തതില്‍ കോടതി നേരത്തെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന് മെയ് 22ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത ഓണ്‍ലൈനായി ഹാജരായി മറുപടി നല്‍കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടു. ആര്‍എസ്എസിനെ വിലക്കപ്പെട്ട സംഘടനകളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയത് ഏതെങ്കിലും പഠനത്തിന്റെയോ സര്‍വേയുടെയോ അടിസ്ഥാനത്തിലായിരിക്കില്ലെന്നും അതിനാലാവാം മറുപടി വൈകിയതെന്നുമായിരുന്നു കോടതിയുടെ നിരീക്ഷണം.

Tags:    

Similar News