വിവാഹാഭ്യര്‍ഥന നിരസിച്ചതിന് 19കാരിക്ക് ക്രൂരമര്‍ദ്ദനം; മധ്യപ്രദേശില്‍ യുവാവിന്റെ വീട് ബുള്‍ഡോസര്‍ കൊണ്ട് ഇടിച്ചുനിരത്തി (വീഡിയോ)

Update: 2022-12-25 14:42 GMT

ഭോപാല്‍: മധ്യപ്രദേശില്‍ വിവാഹം കഴിക്കാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ 19കാരിയെ ക്രൂരമായി മര്‍ദ്ദിച്ച യുവാവിന്റെ വീട് ബുള്‍ഡോസര്‍ ഉപയോഗിച്ച് മധ്യപ്രദേശ് സര്‍ക്കാര്‍ പൊളിച്ചുമാറ്റി. 24കാരനായ പങ്കജ് ത്രിപാഠിയുടെ വീടാണ് ഇടിച്ചുനിരത്തിയത്. 19കാരിയെ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യം മൊബൈലില്‍ ചിത്രീകരിച്ച് പ്രചരിപ്പിക്കുകയും ഇത് വൈറലാവുകയും ചെയ്തതിന് പിന്നാലെയാണ് മധ്യപ്രദേശ് സര്‍ക്കാര്‍ യുവാവിനെതിരേ കര്‍ശന നടപടിയുമായി രംഗത്തുവന്നത്. വീട് പൊളിക്കുന്നതിന്റെ ദൃശ്യങ്ങള്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് ചൗഹാന്റെ ഓഫിസ് ട്വീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

'രേവ ജില്ലയിലെ മൗഗഞ്ച് പ്രദേശത്ത് പെണ്‍കുട്ടിയെ മര്‍ദ്ദിച്ച സംഭവത്തില്‍ അക്രമിയായ പങ്കജ് ത്രിപാഠിയെ അറസ്റ്റ് ചെയ്യുകയും അദ്ദേഹത്തിന്റെ വീട് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുകയും ചെയ്തു. ഡ്രൈവറായ പങ്കജിന്റെ ലൈസന്‍സും റദ്ദാക്കിയിട്ടുണ്ട്. മധ്യപ്രദേശില്‍ സ്ത്രീകളോട് അതിക്രമം കാണിക്കുന്ന ആരും രക്ഷപ്പെടില്ല'- മുഖ്യമന്ത്രിയുടെ ഓഫിസ് ട്വീറ്റ് ചെയ്തു. വീഡിയോയില്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് പങ്കജിന്റെ ഓല മേഞ്ഞ വീട് പൊളിക്കുന്നത് കാണാം. പലരും സര്‍ക്കാരിന്റെ നടപടിയെ പിന്തുണച്ചപ്പോള്‍ ഒരുവിഭാഗം ഇതിനെ വിമര്‍ശിച്ചു.

പ്രതിയുടെ പ്രവൃത്തികള്‍ക്ക് കുടുംബം എങ്ങനെയാണ് ഉത്തരവാദിയാവുന്നതെന്നാണ് അവര്‍ സര്‍ക്കാരിനോട് ചോദിക്കുന്നത്. വ്യാപകമായി പ്രചരിക്കുന്ന വീഡിയോയുടെ തുടക്കത്തില്‍ യുവാവും പെണ്‍കുട്ടിയും കൈപ്പിടിച്ച് നടന്നുപോവുന്നതാണുള്ളത്. പിന്നീട് യുവാവ് പെണ്‍കുട്ടിയുടെ മുടിയില്‍ പിടിച്ചുവലിച്ച് നിലത്തിട്ടു. തുടര്‍ന്ന് ദേഹമാസകലം ചവിട്ടുകയാണ്. അതിനുശേഷം പെണ്‍കുട്ടിയെ വഴിയരികില്‍ ഉപേക്ഷിച്ചു. യുവാവിന്റെ സുഹൃത്താണ് ദൃശ്യം പകര്‍ത്തിയത്. ഇത് തടയാനും യുവാവ് ശ്രമിച്ചിരുന്നു. ബുധനാഴ്ചയാണ് ദൃശ്യങ്ങള്‍ ചിത്രീകരിച്ചത്.

രണ്ടു പേര്‍ക്കെതിരെയും ഐടി നിയമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം കേസെടുത്ത പോലിസ്, പ്രതിയായ പങ്കജ് ത്രിപാഠിയെയും വീഡിയോ റെക്കോര്‍ഡ് ചെയ്ത സുഹൃത്തിനെയും അറസ്റ്റ് ചെയ്തു. ദിവസങ്ങളോളം ഒളിവിലായിരുന്ന പങ്കജ് ത്രിപാഠിയെ ഉത്തര്‍പ്രദേശിലെ മിര്‍സാപൂരില്‍ നിന്നാണ് പിടികൂടിയത്. ഇരുവരെയും പോലിസ് ഇപ്പോള്‍ ചോദ്യം ചെയ്യുകയാണ്. വീട്ടുകാരുടെ സമ്മതമില്ലാത്തതിനാലാണ് പെണ്‍കുട്ടി വിവാഹത്തിന് വിസമ്മതിച്ചത്. ഇതില്‍ പ്രകോപിതനായിരുന്നു പങ്കജ്.

വഴിയരികില്‍ അബോധാവസ്ഥയില്‍ കിടക്കുന്ന പെണ്‍കുട്ടിയെ നാട്ടുകാരാണ് കണ്ടെത്തിയത്. തുടര്‍ന്ന് പോലിസില്‍ വിവരമറിയിക്കുകയായിരുന്നു. പങ്കജ് മൗഗഞ്ച് പട്ടണത്തിലെ ധേര ഗ്രാമത്തിലാണ് താമസിക്കുന്നതെന്നും പെണ്‍കുട്ടി മറ്റേതോ ഗ്രാമത്തില്‍ നിന്നുള്ളയാളാണെന്നും സബ് ഡിവിഷനല്‍ ഓഫിസര്‍ ഓഫ് പോലിസ് (എസ്ഡിഒപി) നവീന്‍ ദുബെ പറഞ്ഞു.

ആദ്യം ത്രിപാഠിക്കെതിരേ പരാതി നല്‍കാന്‍ പെണ്‍കുട്ടി വിസമ്മതിക്കുകയും പകരം വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചയാള്‍ക്കെതിരേ മാത്രം പരാതി നല്‍കുകയുമാണ് ചെയ്തത്. വീഡിയോ ചിത്രീകരിച്ചയാള്‍ക്കെതിരേ ഐടി നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. വീഡിയോ വൈറലായതോടെയാണ് പോലിസ് യുവാവിനെതിരേ ഐപിസി സെക്ഷന്‍ 323 പ്രകാരം സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

Tags:    

Similar News