മുനമ്പം ജുഡീഷ്യല്‍ കമ്മീഷന്‍ രൂപീകരണം നിയമവിരുദ്ധം: ഹൈക്കോടതി; കമ്മീഷന്‍ രൂപീകരിച്ച സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കി
കൊച്ചി: മുനമ്പം വഖ്ഫ് ഭൂമിയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ക്ക് സ്ഥിരം പരിഹാരം കാണാനെന്ന പേരില്‍ സര്‍ക്കാര്‍ രൂപീകരിച്ച ജുഡീഷ്യല്‍ കമ്മീഷന്‍ നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി ഉത്തരവിട്ടു. തുടര്‍ന്ന് കമ്മീഷന്‍ രൂപീകരിച്ച സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് റദ്ദാക്കി. വഖ്ഫ് ട്രൈബ്യൂണലിന് മുന്നിലും കോടതികള്‍ക്കും മുന്നിലുള്ള വിഷയങ്ങളില്‍ അന്വേഷണം നടത്താനും നടപടികള്‍ നിര്‍ദേശിക്കാനും ജുഡീഷ്യല്‍ കമ്മീഷന് കഴിയില്ല. അത്തരമൊരു കമ്മീഷന്‍ രൂപീകരണം നിയമവിരുദ്ധമാണെന്നും അതിനാല്‍ റദ്ദാക്കുകയാണെന്നും ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് പറഞ്ഞു.
കമ്മീഷനെ നിയമിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെങ്കിലും വഖ്ഫ് ബോര്‍ഡും ട്രൈബ്യൂണലുമാണ് വിഷയം തീര്‍പ്പാക്കേണ്ടതെന്നും കമീഷന് തര്‍ക്കത്തില്‍ ഇടപെടാന്‍ അധികാരം ഇല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കമ്മീഷന്റെ കാഴ്ച്ചപാടുകള്‍ വഖ്ഫ് ട്രൈബ്യൂണല്‍ തീരുമാനത്തെ സ്വാധീനിക്കരുത്. കമ്മീഷനെ നിയമിച്ചത് വഖ്ഫ് നിയമം കണക്കിലെടുക്കാതെയാണ്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ യാന്ത്രികമായാണ് പ്രവര്‍ത്തിച്ചതെന്നും കോടതി വിമര്‍ശിച്ചു.
ഹൈക്കോടതി മുന്‍ ജഡ്ജി സി എന്‍ രാമചന്ദ്രന്‍ നായറായിരുന്ന ജുഡീഷ്യല്‍ കമ്മീഷന്‍. ഈ കമ്മീഷനെ ചോദ്യം ചെയ്ത് കേരള വഖ്ഫ് സംരക്ഷണ വേദി നല്‍കിയ ഹരജിയിലാണ് ഉത്തരവ്. മുനമ്പത്തെ ഭൂമി വഖ്ഫ് ആണെന്ന് കോടതി വിധികളുണ്ടായിരിക്കെ വഖ്ഫ് ബോര്‍ഡും പ്രദേശവാസികളും തമ്മിലുള്ള തര്‍ക്കത്തില്‍ ജുഡീഷ്യല്‍ കമ്മീഷന് ഇടപെടാന്‍ എന്താണ് അധികാരമെന്ന് നേരത്തെ ഹൈക്കോടതി ചോദിച്ചിരുന്നു. മുനമ്പത്തേത് വഖ്ഫ് ഭൂമിയാണെന്ന കോടതി വിധികള്‍ക്കെതിരായ നിലപാടില്‍ ജുഡീഷ്യല്‍ കമ്മീഷന്‍ എത്തിയാല്‍ എന്തു ചെയ്യുമെന്നും കോടതി ചോദിച്ചിരുന്നു. ''സിവില്‍ കോടതി തീര്‍പ്പുകല്‍പ്പിച്ചതും അപ്പീലില്‍ ഹൈക്കോടതി ശരിവെച്ചതുമായ വിഷയത്തില്‍ ജുഡീഷ്യല്‍ കമ്മീഷന് വ്യത്യസ്തമായ നിഗമനത്തില്‍ എത്താന്‍ കഴിയുമോ ? അത് മുമ്പില്ലാത്ത കുഴപ്പങ്ങളുണ്ടാക്കും.'' -കോടതി ചൂണ്ടിക്കാട്ടി.
1968ലാണ് സിവില്‍ കോടതി മുനമ്പത്തെ ഭൂമി വഖ്ഫ് ആണെന്ന് കണ്ടെത്തിയത്. ഈ വിധിക്കെതിരേ നല്‍കിയ അപ്പീല്‍ 1975ല്‍ ഹൈക്കോടതി തള്ളിയതാണ്. എന്നാല്‍, മുനമ്പത്തെ തര്‍ക്കങ്ങള്‍ക്ക് സ്ഥിരം പരിഹാരം കാണാനാണെന്ന പേരിലാണ് സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം ജുഡീഷ്യല്‍ കമ്മീഷന്‍ രൂപീകരിച്ചത്. ഇതിനെ ചോദ്യം ചെയ്താണ് കേരള വഖ്ഫ് സംരക്ഷണ വേദി ഹൈക്കോടതിയെ സമീപിച്ചത്.
UPDATING