മുസ്‌ലിം ഡ്രൈവറെ വൈദ്യുതി പോസ്റ്റില്‍ കെട്ടിയിട്ട് തല്ലിക്കൊന്നു; 17 പേര്‍ക്കെതിരേ കേസ്
ഡ്രൈവറായി ജോലി ചെയ്യുന്ന മുബാറക് ഖാനെന്ന മുസ്ലിം യുവാവിനെയാണ് ഞായറാഴ്ച പുലര്‍ച്ചയോടെ ഒരു സംഘം കൊലപ്പെടുത്തിയത്.
റാഞ്ചി: ജാര്‍ഖണ്ഡില്‍ 27കാരനായ മുസ്‌ലിം ഡ്രൈവറെ വൈദ്യുതി പോസ്റ്റില്‍ കെട്ടിയിട്ട് തല്ലിക്കൊന്നു. തലസ്ഥാനമായ റാഞ്ചിക്ക് 30 കിലോമീറ്റര്‍ കിഴക്കായുള്ള സിര്‍ക ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം. ഡ്രൈവറായി ജോലി ചെയ്യുന്ന മുബാറക് ഖാനെന്ന മുസ്ലിം യുവാവിനെയാണ് ഞായറാഴ്ച പുലര്‍ച്ചയോടെ ഒരു സംഘം കൊലപ്പെടുത്തിയത്.
നിര്‍ത്തിയിട്ട വാഹനങ്ങളുടെ ബാറ്ററിയും വീലുകളും മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു ഒരു സംഘം യുവാവിനെ വൈദ്യുതി പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചത്. എന്നാല്‍, വീട്ടില്‍നിന്നു വിളിച്ചുവരുത്തി ആസുത്രിതമായി കൊലപ്പെടുത്തുകയായിരുന്നുവെന്ന് കുടുംബം പറഞ്ഞു.
അങ്കാറ പോലീസ് സ്‌റ്റേഷനില്‍ കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്തതായും അന്വേഷണം ആരംഭിച്ചതായും പോലിസ് പറഞ്ഞു. 'തങ്ങള്‍ 302ാം വകുപ്പ് പ്രകാരം എഫ്‌ഐആര്‍ ഫയല്‍ ചെയ്തിട്ടുണ്ട്, അന്വേഷണം തുടരുകയാണ്'- റാഞ്ചി റൂറല്‍ പോലിസ് സൂപ്രണ്ട് നൗഷാദ് ആലം പറഞ്ഞു. 17 പേര്‍ക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായും അവരെ കണ്ടെത്തുന്നതിന് ശ്രമങ്ങള്‍ തുടങ്ങിയതായും അദ്ദേഹം വ്യക്തമാക്കി.
മുബാറക് ഖാന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചതായും സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുന്നതായും റാഞ്ചി പോലീസ് സൂപ്രണ്ട് നൗഷാദ് ആലം അറിയിച്ചു.
മര്‍ദ്ദിച്ചവരുടെ കൂട്ടത്തിലെ തിരിച്ചറിയാവുന്ന 19 പേര്‍ ഉള്‍പ്പെടെ 25ഓളം പേര്‍ക്കെതിരെ ഖാന്റെ സഹോദരന്‍ പോലിസില്‍ പരാതി നല്‍കി. പ്രദേശത്തുളളവരും ഖാനുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് ക്രൂരമായ കൊലപാതകം അരങ്ങേറിയതെന്നാണ് ഖാന്റെ അനുജന്റെ വാദം.
മോട്ടോര്‍ സൈക്കിളിന്റെ ബാറ്ററിയും ടയറും മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മുബാറക്കിനെ പിടികൂടിയതെന്നാണ് പോലിസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ ആദ്യം റിപോര്‍ട്ട് ചെയ്തത്. മര്‍ദ്ദനത്തെതുടര്‍ന്ന് മുബാറക് സംഭവ സ്ഥലത്തുവച്ച് തന്നെ മരിച്ചു.
എന്നാല്‍, മുബാറക്കിന്റെ ബന്ധുക്കള്‍ ഈ ആരോപണം നിഷേധിക്കുകയാണ്. രാത്രി 11 മണിയോടെ മുബാറക്കിനെ വിളിച്ച് കൊണ്ടു പോയി മുന്‍കൂട്ടി പ്ലാന്‍ ചെയ്തതു പ്രകാരം കൊലപ്പെടുത്തുകയായിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
കുറച്ചുനാള്‍ മുമ്പ് മുബാറക്കും കുറ്റാരോപിതരും തമ്മില്‍ തര്‍ക്കമുണ്ടായതായും അവര്‍ മുബാറക്കിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും മുബാറക്കിന്റെ സഹോദരന്‍ ആരോപിച്ചു.