ഔറംഗാബാദില്‍ ജയ്ശ്രീരാം വിളിക്കാന്‍ ആവശ്യപ്പെട്ട് മുസ്‌ലിം യുവാക്കള്‍ക്കു നേരെ വധഭീഷണി

ഫുഡ് ഡെലിവറി ആപ്പായ സൊമാട്ടോയില് ജോലി ചെയ്യുന്ന ഷെയ്ഖ് അമീര്‍, സുഹൃത്ത് ഷെയ്ഖ്‌നാസര്‍ എന്നിവരെയാണ് നാലോ അഞ്ചോ പേരടങ്ങുന്ന സംഘം ഭീഷണിപ്പെടുത്തിയത്.

Update: 2019-07-22 15:27 GMT

ഔറംഗബാദ്: മഹാരാഷ്ട്രയിലെ ഔറംഗാബാദില്‍ ജയ്ശ്രീരാം വിളിക്കാന്‍ ആവശ്യപ്പെട്ട് ഓട്ടോറിക്ഷ കാത്തുനില്‍ക്കുകയായിരുന്ന രണ്ടു മുസ്‌ലിം യുവാക്കളെ കാറിലെത്തിയ സംഘം ഭീഷണിപ്പെടുത്തി. ഞായറാഴ്ച രാത്രിയാണ് സംഭവം. സംഭവത്തെത്തുടര്‍ന്ന് മേഖല സംഘര്‍ഷ ഭരിതമാണ്.

ഫുഡ് ഡെലിവറി ആപ്പായ സൊമാട്ടോയില് ജോലി ചെയ്യുന്ന ഷെയ്ഖ് അമീര്‍, സുഹൃത്ത് ഷെയ്ഖ്‌നാസര്‍ എന്നിവരെയാണ് നാലോ അഞ്ചോ പേരടങ്ങുന്ന സംഘം ഭീഷണിപ്പെടുത്തിയത്. ഞായറാഴ്ച രാത്രി ആസാദ് ചൗക്ക് മേഖലയില്‍ ഓട്ടോറിക്ഷയ്ക്കായി കാത്തുനില്‍ക്കുകയായിരുന്നു ഇരുവരും. കാറിലെത്തിയ സംഘം കാറില്‍നിന്നിറങ്ങി ഇരുവരേയും മതപരമായി അധിക്ഷേപിക്കുകയും ജയ് ശ്രീരാം വിളിച്ചില്ലെങ്കില്‍ കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയുമായിരുന്നു. ഭയന്നു പോയ ഇരുവരും ജയ്ശ്രീറാം വിളിച്ചു. അതിനിടെ, വഴിയാത്രക്കാരെ കണ്ടതോടെ സംഘം കാറുമായി കടന്നുകളയുകയായിരുന്നുവെന്ന് അമീര്‍ പറഞ്ഞു.

യുവാക്കളെ തടഞ്ഞുനിര്‍ത്തി ജയ് ശ്രീരാം വിളിക്കാന്‍ നിര്‍ബന്ധിച്ചെന്ന് ചൂണ്ടിക്കാട്ടി പരാതി ലഭിച്ചതായി പോലിസ് കമ്മീഷണര്‍ ചിന്‍ജീവി പ്രസാദ് പറഞ്ഞു. വാഹനത്തേയും പ്രതികളേയും കണ്ടെത്താന്‍ ശ്രമം തുടങ്ങിയതായും പ്രതികള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് മേഖലയില്‍ പോലിസിനെ വിന്യസിച്ചിരിക്കുകയാണ്.

സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും ആരും അഭ്യൂഹങ്ങളില്‍ വീണു പോകരുതെന്നും സമാധാനം പാലിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു. ദിവസങ്ങള്‍ക്കിടെ രണ്ടാം തവണയാണ് മേഖലയില്‍ സമാന സംഭവം അരങ്ങേറുന്നത്. വെള്ളിയാഴ്ച ഹോട്ടല്‍ ജീവനക്കാരനായ ഇംറാന്‍ ഇസ്മായിലിനെ കാറിലെത്തിയ സംഘം ജയ് ശ്രീരാം വിളിക്കാന്‍ ആവശ്യപ്പെട്ട് ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. കരച്ചില്‍ കേട്ടെത്തിയ ദമ്പതികളാണ് ഇദ്ദേഹത്തെ അക്രമികളില്‍നിന്നു രക്ഷിച്ചത്.

Tags:    

Similar News