കൂട്ടുകാരിയുടെ ജന്മദിനത്തിനു ബെംഗളൂരുവില്‍ നിന്ന് യുപിയിലെത്തിയ മുസ് ലിം യുവാവിനു 'ലൗ ജിഹാദ്' ആരോപിച്ച് മര്‍ദ്ദനം

Update: 2021-01-12 10:29 GMT
ലഖ്‌നൗ: സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട കൂട്ടുകാരിയുടെ ജന്മദിനത്തിനു ബെംഗളൂരുവില്‍ നിന്ന് വിമാനമാര്‍ഗം യുപിയിലെത്തിയ മുസ് ലിം യുവാവിനു 'ലൗ ജിഹാദ്' ആരോപിച്ച് മര്‍ദ്ദനം. ബെംഗളൂരുവില്‍ നിന്നുള്ള 21 കാരനായ മുസ് ലിം സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ക്കാണ് ദുരനുഭവം. ബെംഗളൂരുവിലെ ഒരു ഐടി സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന യുവാവ് ഓണ്‍ലൈനില്‍ ചങ്ങാത്തത്തിലായ പെണ്‍കുട്ടിയെ കാണാന്‍ വേണ്ടി ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയിലെത്തിയപ്പോഴാണ് മര്‍ദ്ദനമേറ്റത്. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്ക് മുന്നില്‍ യുവാവ് സ്വയം പരിചയപ്പെടുത്തിയതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. അയല്‍വാസികളും ചില ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകരും വീട് വളയുകയായിരുന്നു. തുടര്‍ന്ന് മതപരിവര്‍ത്തനം നടത്താനും 'ലവ് ജിഹാദ്' ആണെന്നും പറഞ്ഞ് പ്രശ്‌നമുണ്ടാക്കി. ഞായറാഴ്ച വൈകീട്ടോടെ പോലിസിനെ വിളിച്ചുവരുത്തി യുവാവിനെ രാത്രിയില്‍ കസ്റ്റഡിയിലെടുത്തു. പിന്നീട് വ്യക്തിഗത ജാമ്യത്തില്‍ തിങ്കളാഴ്ച വിട്ടയക്കുകയായിരുന്നു.

    ഓണ്‍ലൈനില്‍ പരിചയപ്പെട്ട പെണ്‍കുട്ടിയുമായി സൗഹൃദത്തിലായെന്നും അവളുടെ ജന്മദിനമായതിനാല്‍ ചില സമ്മാനങ്ങളുമായി കാണാനാണ് വീട്ടിലേക്ക് പോയതെന്നും യുവാവ് പറഞ്ഞു. തടിച്ചുകൂടിയവര്‍ എന്നെ മര്‍ദ്ദിക്കാന്‍ തുടങ്ങി. അവരില്‍ ഒരാള്‍ പോലിസിനെ വിളിക്കുകയും 'ലൗ ജിഹാദ്' ആണെന്നു വാദിക്കുകയും ചെയ്തു. തുടര്‍ന്ന് എന്നെ പോലിസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. വിമാന ടിക്കറ്റും സമ്മാനങ്ങളും ഞാന്‍ കാണിച്ചുകൊടുത്തതായും യുവാവ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 'ഭീഷണിപ്പെടുത്തിയതായി പെണ്‍കുട്ടിയുടെ കുടുംബം പറഞ്ഞെങ്കിലും പരാതി നല്‍കാന്‍ താല്‍പര്യമില്ലാത്തതിനാല്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നു കസ്റ്റഡിയിലെടുത്ത സര്‍ദാര്‍ കോട്‌വാലി എസ്എച്ച്ഒ സുനീല്‍ കുമാര്‍ പറഞ്ഞു. സിആര്‍പിസി സെക്ഷന്‍ 151 പ്രകാരം കേസെടുത്ത് തിങ്കളാഴ്ച സബ് ഡിവിഷനല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കി.


Tags:    

Similar News