ദക്ഷിണ കൊറിയക്കെതിരായ സൈനിക ആക്രമണ പദ്ധതി മരവിപ്പിച്ച് വടക്കന്‍ കൊറിയ

കിം ജോങ് ഉന്നിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഭരണകക്ഷിയുടെ സെന്‍ട്രല്‍ മിലിറ്ററി കമ്മീഷന്‍ യോഗത്തിലാണ് ഇതു സംബന്ധിച്ച സുപ്രധാന തീരുമാനം കൈകൊണ്ടത്.

Update: 2020-06-24 10:42 GMT

പ്യോങ്‌യാങ്: ദക്ഷിണ കൊറിയക്കെതിരായ 'സൈനിക ആക്രമണ പദ്ധതി' മരവിപ്പിച്ചതായി ഉത്തര കൊറിയ. കിം ജോങ് ഉന്നിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഭരണകക്ഷിയുടെ സെന്‍ട്രല്‍ മിലിറ്ററി കമ്മീഷന്‍ യോഗത്തിലാണ് ഇതു സംബന്ധിച്ച സുപ്രധാന തീരുമാനം കൈകൊണ്ടത്. വടക്കന്‍ കൊറിയയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ കെസിഎന്‍എയാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്.

ചൊവ്വാഴ്ച നടന്ന വീഡിയോ കോണ്‍ഫറന്‍സ് യോഗത്തില്‍ രാജ്യത്തിന്റെ പ്രതിരോധ മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളുടെ രൂപരേഖയും ചര്‍ച്ചയായതായി കെസിഎന്‍എ റിപ്പോര്‍ട്ട് ചെയ്തു. ഈ മാസമാദ്യം ഇരുരാജ്യങ്ങളും തുറന്ന വാക് പോര് നടത്തുകയും പട്ടാള നീക്കത്തിന് അനുമതി നല്‍കിയതായി ഉന്നിന്റെ സഹോദരി കിം യോ ജോങ് അറിയിക്കുകയും ചെയ്തിരുന്നു.പരസ്പര ധാരണകള്‍ ലംഘിച്ച് ദക്ഷിണ കൊറിയ പ്രവര്‍ത്തിക്കുന്നുവെന്നാണ് ഉത്തര കൊറിയയുടെ ആരോപണം. അമേരിക്കയും മറ്റ് ലോകരാജ്യങ്ങളുമായി ചേര്‍ന്ന് തങ്ങളുടെ ആണവ പദ്ധതികള്‍ക്ക് തുരങ്കം വയ്ക്കുന്നത് ദക്ഷിണ കൊറിയയാണെന്നും വടക്കന്‍ കൊറിയ ആരോപിച്ചിരുന്നു.

രാജ്യത്തെ രഹസ്യങ്ങള്‍ ചോര്‍ത്താന്‍ ദക്ഷിണകൊറിയ ചാരന്മാരെ അയച്ചു, ഭരണകൂടത്തിനെതിരേ ലഘുലേഖകള്‍ പ്രചരിപ്പിച്ചു തുടങ്ങിയ ആരോപണങ്ങളും വടക്കന്‍ കൊറിയ ഉയര്‍ത്തിയിരുന്നു. ബലൂണുകളില്‍ ലഘുലേഖകള്‍, യുഎസ്ബി െ്രെഡവ്, സിഡി എന്നിവ കെട്ടി കൊറിയന്‍ പ്രദേശങ്ങളില്‍ വിതരണം ചെയ്തുവെന്ന് വടക്കന്‍ കൊറിയ കണ്ടെത്തിയിരുന്നു. എന്നാല്‍ അതുമായി ബന്ധമില്ലെന്നാണ് സിയോള്‍ വൃത്തങ്ങള്‍ മറുപടി നല്‍കിയത്.

സംഘര്‍ഷം രൂക്ഷമാക്കിക്കൊണ്ട് സംയുക്ത സമ്മേളനങ്ങള്‍ക്കായി നിര്‍മ്മിച്ചിരുന്ന പഞ്ചനക്ഷത്ര സൗകര്യങ്ങളോട് കൂടിയ കണ്‍വെന്‍ഷന്‍ സെന്റര്‍ വടക്കന്‍ കൊറിയ സ്‌ഫോടനത്തിലൂടെ പൊളിച്ചുകളഞ്ഞിരുന്നു. ഇതിന് പുറമേ അതിര്‍ത്തിയിലേക്ക് വന്‍ സൈനിക നീക്കം വടക്കന്‍ കൊറിയ ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പൊടുന്നനെ തീരുമാനം മാറ്റിയതിന്റെ പിന്നിലെ നയതന്ത്ര നീക്കം എന്താണെന്ന് വടക്കന്‍ കൊറിയ വ്യക്തമാക്കിയിട്ടില്ല.

Tags:    

Similar News