നാരദ ഒളികാമറ കേസ്: സിബിഐ അറസ്റ്റുചെയ്ത തൃണമൂല്‍ മന്ത്രിമാര്‍ക്കും എംഎല്‍എയ്ക്കും ജാമ്യം

മന്ത്രിമാരായ ഫിര്‍ഹാദ് ഹക്കിം, സുബ്രതാ മുഖര്‍ജി, എംഎല്‍എ മദന്‍ മിത്ര, മുന്‍മന്ത്രി സോവന്‍ ചാറ്റര്‍ജി എന്നിവരെയാണ് സിബിഐ ഇന്ന് രാവിലെ അറസ്റ്റുചെയ്തത്. നാരദ ഒളികാമറ ഓപറേഷന്റെ ഭാഗമായി സാങ്കല്‍പ്പിക കമ്പനിയുടെ പ്രതിനിധികളെന്ന ഭാവത്തിലെത്തിയവരില്‍നിന്ന് കൈക്കൂലി വാങ്ങിയ കേസിലായിരുന്നു അറസ്റ്റ്.

Update: 2021-05-17 15:01 GMT

കൊല്‍ക്കത്ത: നാരദ ഒളികാമറ കേസില്‍ അറസ്റ്റിലായ തൃണമൂല്‍ കോണ്‍ഗ്രസ് മന്ത്രിമാരും എംഎല്‍എയും അടക്കം നാലുപേര്‍ക്കും കൊല്‍ക്കത്തയിലെ പ്രത്യേക സിബിഐ കോടതി ജാമ്യം അനുവദിച്ചു. മന്ത്രിമാരായ ഫിര്‍ഹാദ് ഹക്കിം, സുബ്രതാ മുഖര്‍ജി, എംഎല്‍എ മദന്‍ മിത്ര, മുന്‍മന്ത്രി സോവന്‍ ചാറ്റര്‍ജി എന്നിവരെയാണ് സിബിഐ ഇന്ന് രാവിലെ അറസ്റ്റുചെയ്തത്. നാരദ ഒളികാമറ ഓപറേഷന്റെ ഭാഗമായി സാങ്കല്‍പ്പിക കമ്പനിയുടെ പ്രതിനിധികളെന്ന ഭാവത്തിലെത്തിയവരില്‍നിന്ന് കൈക്കൂലി വാങ്ങിയ കേസിലായിരുന്നു അറസ്റ്റ്. കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങള്‍ ഇവര്‍ കാമറയില്‍ പകര്‍ത്തുകയും 2016 ലെ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പുറത്തുവിടുകയുമായിരുന്നു.

അറസ്റ്റിന് പിന്നാലെ സിബിഐ ഓഫിസിന് മുന്നില്‍ വ്യാപകപ്രതിഷേധമാണുയര്‍ന്നത്. തൃണമൂല്‍ അനുകൂലികള്‍ മുദ്രാവാക്യം മുഴക്കുകയും കല്ലേറ് നടത്തുകയും ചെയ്തതോടെ കേന്ദ്രസേനയെ സിബിഐ ഓഫിസിന് മുന്നില്‍ വിന്യസിച്ചിരുന്നു. സിബിഐ ഓഫിസിലേക്കെത്തിയ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, പാര്‍ട്ടി നേതാക്കള്‍ക്കൊപ്പം തന്നെയും അറസ്റ്റുചെയ്യണമെന്ന് ആവശ്യപ്പെട്ടു. ബംഗാളില്‍ ബിജെപി പരാജയം നേരിട്ടതിനെത്തുടര്‍ന്നുള്ള പ്രതികാര നടപടിയാണിതെന്ന് തൃണമൂല്‍ വക്താവ് കുനാല്‍ ഘോഷ് ആരോപിച്ചിരുന്നു.

എല്ലാ തന്ത്രങ്ങളും പ്രയോഗിച്ചിട്ടും ബിജെപിക്ക് വിജയിക്കാനായില്ല. അപലപനീയമാണ് ഇത്തരം നടപടികള്‍. സംസ്ഥാനം കൊവിഡ് വ്യാപനത്തിനെതിരേ പോരാടുമ്പോള്‍ പലതരത്തിലുള്ള അസ്വസ്ഥതകള്‍ സൃഷ്ടിക്കാനാണ് ശ്രമം നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേന്ദ്രസര്‍ക്കാരിന്റെ പ്രതികാര നടപടിയാണിതെന്ന് ഭരണകക്ഷി എംപി സൗഗത റോയ് പറഞ്ഞു. സിബിഐ നടപടി രാഷ്ട്രീയ പ്രേരിതമാണെന്നും റോയ് പറഞ്ഞു. പശ്ചിമബംഗാള്‍ നിയമസഭാ സ്പീക്കര്‍ ബിമാന്‍ ബാനര്‍ജിയും അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ആരോപിച്ച് രംഗത്തുവന്നു. ഗവര്‍ണറുടെ അനുമതിയുടെ അടിസ്ഥാനത്തില്‍ സിബിഐ നീക്കം നിയമവിരുദ്ധമാണ്. എനിക്ക് സിബിഐയില്‍നിന്ന് ഒരു കത്തും ലഭിച്ചിട്ടില്ല, പ്രോട്ടോക്കോള്‍ അനുസരിച്ച് ആരും എന്നോട് അനുമതി തേടിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2014ലെ നാരദ കോഴക്കേസ് കാലത്ത് മമതാ ബാനര്‍ജി സര്‍ക്കാരില്‍ അംഗങ്ങളായിരുന്നു ഇന്ന് സിബിഐ കസ്റ്റഡിയിലെടുത്ത നാല് പേരും. പശ്ചിമ ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളായിരുന്ന മുകുള്‍ റോയിയും സുവേന്ദു അധികാരിയും അടക്കമുള്ളവര്‍ സാങ്കല്‍പ്പിക കമ്പനിയുടെ പ്രതിനിധികളില്‍നിന്ന് കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പെട്ടതായിരുന്നു നാരദ സ്റ്റിങ് ഓപറേഷന്‍ വീഡിയോ. തൃണമൂല്‍ കോണ്‍ഗ്രസിന്റെ സ്ഥാപക അംഗങ്ങളില്‍ ഒരാളായ മുകുള്‍ റോയ് 2017ല്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു. സുവേന്ദു അധികാരിയും പിന്നീട് ബിജെപിയില്‍ ചേര്‍ന്നു. നാരദ ന്യൂസ് പോര്‍ട്ടലിലെ മാത്യു സാമുവലാണ് ഒളികാമറ ഓപറേഷന്‍ നടത്തിയത്. ഐപിഎസ് ഉദ്യോഗസ്ഥനായ എസ്എംഎച്ച് മിര്‍സയടക്കമുള്ള പശ്ചിമബംഗാളിലെ ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

Tags:    

Similar News