പോലിസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട മുഹമ്മദ് റംസാന്റെ കുടുംബത്തെ എന്‍സിഎച്ച്ആര്‍ഒ പ്രതിനിധികള്‍ സന്ദര്‍ശിച്ചു

മദ്യലഹരിയിലായിരുന്ന പോലിസുകാര്‍ വര്‍ഗീയ അധിക്ഷേപം നടത്തിയാണ് പിതാവിനെ മര്‍ദിച്ചതെന്നു മകന്‍ മുഹമ്മദ് റിസ്‌വാന്‍ പറഞ്ഞു

Update: 2019-05-02 16:43 GMT

കോട്ട: രാജസ്ഥാനിലെ കോട്ടയില്‍ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്നതിനിടെ പോലിസുകാരുടെ ക്രൂരമര്‍ദനത്തിനിരയായി മരിച്ച മുഹമ്മദ് റംസാന്റെ കുടുംബത്തെ നാഷനല്‍ കോണ്‍ഫഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്‌സ് ഓര്‍ഗനൈസേഷന്‍(എന്‍സിഎച്ചആര്‍ഒ) പ്രതിനിധികള്‍ സന്ദര്‍ശിച്ചു. സംസ്ഥാന പ്രസിഡന്റ് ടിസി രാഹുലിന്റെ നിര്‍ദേശപ്രകാരം ബറാന്‍ ജില്ലയിലെ മാംഗ്രോലിലെ റംസാന്റെ വീട്ടിലാണ് സംഘം സന്ദര്‍ശനം നടത്തിയതെന്നു സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് ഹനീഫ് പറഞ്ഞു.

വിദ്വേഷ രാഷ്ട്രീയത്തിന്റെ ഇരയാണ് റംസാനെന്നും മുഹമ്മദ് ഹനീഫ് പറഞ്ഞു. മുസ്‌ലിമായതിനാലാണ് റംസാന്‍ കൊല്ലപ്പെട്ടത്. മദ്യലഹരിയിലായിരുന്ന പോലിസുകാര്‍ വര്‍ഗീയ വിദ്വേഷത്തോടെ പെരുമാറുകയും മതത്തിന്റെ പേരില്‍ അവഹേളിക്കുകയും അസഭ്യം പറയുകയും പൈപ്പ് കൊണ്ട് ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു. റംസാന്റെ കുടുംബത്തിനു അര്‍ഹമായ നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. കുടുംബാംഗത്തിനു സര്‍ക്കാര്‍ ജോലി നല്‍കണം. മര്‍ദിച്ച പോലിസുകാര്‍ക്കെതിരേ കൊലക്കുറ്റത്തിനു കേസെടുക്കണമെന്നും മുഹമ്മദ് ഹനീഫ് പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. റംസാന്റെ മരണം രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നാണ് എന്നു വരുത്തി തീര്‍ത്ത് കുറ്റക്കാരായ പോലിസുകാരെ രക്ഷിക്കാനാണ് രാജസ്ഥാന്‍ പോലിസിന്റെ ശ്രമമെന്നു എന്‍സിഎച്ചആര്‍ഒ അംഗം നവീദ് അക്തര്‍ പറഞ്ഞു. അഭിഷേക് സിങ്, അഡ്വ. അന്‍സാര്‍ ഇന്‍ഡോരി, അഡ്വ. ഷബീനാ അഞ്ജും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.


1987ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഒമ്പതു മാസം മുമ്പാണ് മാംഗ്രോല്‍ സ്വദേശിയായ റംസാനെ ഹൈക്കോടതി രണ്ടുവര്‍ഷത്തെ തടവിനു ശിക്ഷിച്ചത്. തുടര്‍ന്നു ഒമ്പതു മാസമായി ജയിലില്‍ കഴിയുകയായിരുന്നു റംസാന്‍. മദ്യലഹരിയിലായിരുന്ന പോലിസുകാര്‍ വര്‍ഗീയ അധിക്ഷേപം നടത്തിയാണ് പിതാവിനെ മര്‍ദിച്ചതെന്നു മകന്‍ മുഹമ്മദ് റിസ്‌വാന്‍ പറഞ്ഞു.

ജയില്‍വാസത്തിനിടെ രോഗബാധിതനായ റംസാനെ കുടുംബാംഗങ്ങള്‍ ജയിലിലും ആശുപത്രിയിലും സന്ദര്‍ശിച്ചിരുന്നു. മരിക്കുന്നതിനു ദിവസങ്ങള്‍ക്കു മുമ്പും സന്ദര്‍ശനത്തിനായി ഭാര്യയും മക്കളും മെഡിക്കല്‍ കോളജിലെത്തി. എന്നാല്‍ ജോലിയിലുണ്ടായിരുന്ന പോലിസുകാരന്‍ കൈക്കൂലിയായി ആവശ്യപ്പെടുകയും അവഹേളിക്കുകയും അസഭ്യം പറയുകയും ചെയ്തു. ഇതിനെതിരേ റംസാന്റെ കുടുംബം പരാതി നല്‍കി. ഇതോടെ മദ്യപിച്ചെത്തിയ പോലിസുകാര്‍ റംസാനു നേര്‍ക്കു വര്‍ഗീയ പരാമര്‍ശങ്ങളോടെ ക്രൂരമായ ആക്രമണം അഴിച്ചു വിടുകയായിരുന്നു. തന്റെ സുരക്ഷയ്ക്കു നിയോഗിച്ച മൂന്നു പോലിസുകാരാണ് തന്നെ പൈപ്പ് കൊണ്ടും മറ്റും 10ഓളം തവണ മര്‍ദിച്ചതെന്നു റംസാന്‍ പറയുന്ന വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മര്‍ദന വിവരം പുറത്തു പറയരുതെന്നു പോലിസ് ഭീഷണിപ്പെടുത്തിയെന്നും മരിക്കുന്നതിനു മുമ്പു നിര്‍മിച്ച വീഡിയോയില്‍ റംസാന്‍ വ്യക്തമാക്കുന്നുണ്ട്.

Tags:    

Similar News