കോഴിക്കോട്: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ വി തോമസിന് എന്‍സിപിയിലേക്ക് ക്ഷണം. തോമസിന് എന്‍സിപിയിലേക്ക് വരാമെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പി സി ചാക്കോയാണ് വ്യക്തമാക്കിയത്. അദ്ദേഹത്തെ സ്വീകരിക്കാന്‍ തയ്യാറാണ്. കെ വി തോമസിനെതിരേ നടപടിയെടുക്കാന്‍ സെമിനാര്‍ ഒരു കാരണം മാത്രമാണ്. സിപിഎം സെമിനാറില്‍ പങ്കെടുത്തതിന്റെ പേരില്‍ തോമസിനെതിരേ നടപടിക്ക് നടക്കുന്ന നീക്കം കോണ്‍ഗ്രസിന്റെ ചരിത്രത്തിന് തന്നെ ഇത് അപമാനമാണ്. തിരുത്തേണ്ട ഹൈക്കമാന്‍ഡ് എല്ലാം അംഗീകരിക്കുന്നുവെന്നും പി സി ചാക്കോ വിമര്‍ശിച്ചു.
എന്‍സിപിയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണും. എംഎല്‍എയ്ക്ക് തെറ്റിദ്ധാരണയുണ്ടെങ്കില്‍ തിരുത്തും. മുഖം തിരിച്ച് നില്‍ക്കില്ല. പുതിയ ആളുകള്‍ വരുമ്പോള്‍ പഴയ ആളുകള്‍ക്ക് ഉത്കണ്ഠ വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കണ്ണൂരില്‍ നടന്ന സിപിഎം 23ാം പാര്‍ട്ടി കോണ്‍ഗ്രസുമായി ബന്ധപ്പെട്ട സെമിനാറില്‍ പങ്കെടുത്തതിന്റെ പേരില്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം തോമസിനോട് വിശദീകരണം തേടിയിരുന്നു. ഒരാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നാണ് പാര്‍ട്ടിയുടെ നിര്‍ദേശം. എ കെ ആന്റണി അധ്യക്ഷനായ അച്ചടക്ക സമിതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.
കോണ്‍ഗ്രസിന്റെ നിര്‍ണായക തീരുമാനങ്ങളെടുക്കുന്ന വാര്‍റൂമില്‍ മൂന്ന് മണിക്കൂര്‍ നീണ്ട യോഗത്തിന് ശേഷമാണ് കെ വി തോമസിന് കാരണം കാണിക്കല്‍ നോട്ടീസയക്കാന്‍ തീരുമാനിച്ചത്. കെ സുധാകരന്‍ നല്‍കിയ റിപോര്‍ട്ടനുസരിച്ച് ഗുരുതരമായ അച്ചടക്ക ലംഘനമാണ് തോമസ് നടത്തിയതെന്ന് അച്ചടക്ക സമിതി വിലയിരുത്തി. അച്ചടക്കം ലംഘിച്ചിട്ടില്ലെന്നും മറുപടിക്ക് 48 മണിക്കൂര്‍ മതിയെന്നും കെ വി തോമസ് പ്രതികരിച്ചു. കോണ്‍ഗ്രസ് നേതാക്കള്‍ സിപിഎം സെമിനാറില്‍ പങ്കെടുക്കുന്നതിന് പാര്‍ട്ടി നേരത്തെ തന്നെ വിലക്കേര്‍പ്പെടുത്തിയിരുന്നു.
അതേസമയം, സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍ പങ്കെടുത്ത കെ വി തോമസിനെ പിന്തുണച്ച പി ജെ കുര്യനും അവസാനം മലക്കം മറിഞ്ഞു. ഹൈക്കമാന്‍ഡ് നിര്‍ദേശമുണ്ടെന്ന് അറിയാതെയാണ് കെ വി തോമസിനെ പിന്തുണച്ചതെന്ന് പി ജെ കുര്യന്‍ വിശദീകരിച്ചു. അച്ചടക്കത്തിന്റെ ലക്ഷമണരേഖ ആരും കടക്കാന്‍ പാടില്ല. ഹൈക്കമാന്‍ഡ് വിലക്ക് ലംഘിച്ചത് ശരിയായില്ല. സോഷ്യല്‍ മീഡിയ ആക്രമണം ഏറ്റവും കൂടുതല്‍ നേരിട്ടയാളാണ് താന്‍. സൈബര്‍ ആക്രമണത്തില്‍ നടപടി വേണമെന്നും കുര്യന്‍ ആവശ്യപ്പെട്ടു.