അണക്കെട്ട് തകര്‍ത്തത് ഞണ്ടുകള്‍; മന്ത്രിയുടെ വസതിയില്‍ ഞണ്ടുകളെ വിതറി പ്രതിഷേധം
ഞണ്ടുകളുടെ ചിത്രമുള്ള മുഖം മൂടി ധരിച്ച് മന്ത്രിയുടെ വസതിക്കു മുമ്പില്‍ ഞണ്ടുകളെ വിതറിയായിരുന്നു എന്‍സിപി പ്രവര്‍ത്തകരുടെ പ്രതിഷേധം.
മുംബൈ: 18 പേരുടെ മരണത്തിനിടയാക്കിയ മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍ അണക്കെട്ട് തകര്‍ന്നത് ഞണ്ടുകള്‍ മൂലമാണെന്ന സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി തനാജി സാവന്തിന്റെ പരാമര്‍ശത്തിനെതിരേ വ്യത്യസ്ഥമായ പ്രതിഷേധവുമായി എന്‍സിപി പ്രവര്‍ത്തകര്‍. ഞണ്ടുകളുടെ ചിത്രമുള്ള മുഖം മൂടി ധരിച്ച് മന്ത്രിയുടെ വസതിക്കു മുമ്പില്‍ ഞണ്ടുകളെ വിതറിയായിരുന്നു പ്രവര്‍ത്തകരുടെ പ്രതിഷേധം. എന്താണ് താന്‍ ചെയ്ത തെറ്റ്. ഞാന്‍ നിഷ്‌കളങ്കനാണ് എന്നെഴുതിയ ഞണ്ടുകളുടെ ചിത്രങ്ങള്‍ പതിച്ച ബാനറുകള്‍ ധരിച്ചെത്തിയ പ്രതിഷേധക്കാര്‍ പെട്ടി അഴിച്ച് മന്ത്രി വസതിയുടെ വാതിലിനു മുമ്പിലേക്ക് ഞണ്ടുകളെ തുറന്നുവിടുകയായിരുന്നു.
അണക്കെട്ട് തകര്‍ന്ന സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും കുറ്റക്കാരനായ എംഎല്‍എ ശിക്ഷിക്കണമെന്നും എന്‍സിപി വക്താവ് നവാബ് മാലിക് ആവശ്യപ്പെട്ടു. കനത്ത മഴയ്ക്കു പിന്നാലെ കഴിഞ്ഞ ആഴ്ചയാണ് അണക്കെട്ട് തകര്‍ന്നത്. സംഭവത്തില്‍ ഏഴു ഗ്രാമങ്ങള്‍ പ്രളയത്തില്‍ മുങ്ങിയിരുന്നു.