നീലേശ്വരം വെടിക്കെട്ടപകടം: പ്രതികളുടെ ജാമ്യം റദ്ദാക്കി സെഷന്‍സ് കോടതി, ഉത്തരവ് സ്വമേധയാ എടുത്ത കേസില്‍
അനുമതിയില്ലാതെയാണ് പടക്കം പൊട്ടിച്ചതെന്നും കുറ്റത്തിന്റെ തീവ്രത മനസിലാക്കിയാണ് സ്വമേധയാ കേസെടുത്തതെന്നും ഉത്തരവില്‍ ജഡ്ജി വ്യക്തമാക്കി.
കാസര്‍കോട്: നീലേശ്വരം വെടിക്കെട്ട് അപകടത്തിലെ പ്രതികള്‍ക്ക് ജാമ്യം നല്‍കിയ മജിസ്‌ട്രേറ്റ് കോടതി വിധി സെഷന്‍സ് കോടതി സ്‌റ്റേ ചെയ്തു. മജിസ്‌ട്രേറ്റ് കോടതി വിധിക്കെതിരേ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും മുമ്പേയാണ് സെഷന്‍സ് കോടതി സ്വമേധയാ നടപടി സ്വീകരിച്ചിരിക്കുന്നത്. ജാമ്യം ലഭിച്ച പ്രതികള്‍ ജയിലില്‍ നിന്നു പുറത്തിറങ്ങിയിട്ടിലെങ്കില്‍ അവര്‍ ജയിലില്‍ തന്നെ തുടരണം. പുറത്തിറങ്ങിയെങ്കില്‍ ഇവര്‍ നേരിട്ട് ഹാജരാവണമെന്നും സെഷന്‍സ് ജഡ്ജ് സാനു എസ് പണിക്കര്‍ നിര്‍ദേശിച്ചു.
അനുമതിയില്ലാതെയാണ് പടക്കം പൊട്ടിച്ചതെന്നും കുറ്റത്തിന്റെ തീവ്രത മനസിലാക്കിയാണ് സ്വമേധയാ കേസെടുത്തതെന്നും ഉത്തരവില്‍ ജഡ്ജി വ്യക്തമാക്കി. കേസിലെ ഒന്നും രണ്ടു പ്രതികളായ ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് പി കെ ചന്ദ്രശേഖരന്‍, കെ ടി ഭരതന്‍, ഏഴാം പ്രതി പടക്കംപൊട്ടിച്ച പി രാജേഷ് എന്നിവര്‍ക്കാണ് ഹൊസ്ദുര്‍ഗ് മജിസ്‌ടേറ്റ് ബാലുദിനേഷ് വെള്ളിയാഴ്ച ജാമ്യം അനുവദിച്ചത്. മണിക്കുറുകള്‍ക്കുള്ളില്‍ ചന്ദ്രശേഖരനും ഭരതനും ജയിലില്‍ നിന്നു പുറത്തിറങ്ങി. ആള്‍ ജാമ്യത്തിന് ആരുമെത്താതിരുന്നതിനാല്‍ രാജേഷിന് പുറത്തിറങ്ങാനായില്ല. ഇന്നലെ സെഷന്‍സ് കോടതി ഉത്തരവ് വന്നതിനാല്‍ രാജേഷിനെ ജില്ലാ ജയിലില്‍ നിന്നു പുറത്തു വിട്ടില്ല.
പ്രതികള്‍ക്ക് ജാമ്യം നല്‍കിയ ഹൊസ്ദുര്‍ഗ് കോടതിയുടെ വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം സെഷന്‍സ് കോടതിയില്‍ ഹരജി നല്‍കിയിരുന്നു. അപ്പീല്‍ കോടതി ഫയലില്‍ സ്വീകരിക്കുന്നതിന് മുന്‍പേയാണ് സ്വമേധയാ കേസെടുത്തത്.
മനുഷ്യ ജീവന് അപായമുണ്ടാക്കുന്ന രീതിയില്‍ മനപ്പൂര്‍വം വെടിക്കെട്ട് നടത്തിയെന്നായിരുന്നു റിമാന്‍ഡ് റിപോര്‍ട്ട്. എന്നാല്‍ യാദൃശ്ചികമായി സംഭവിച്ചതാണെന്ന പ്രതിഭാഗം അഭിഭാഷകരുടെ വാദം അംഗീകരിച്ചായിരുന്നു ഹൊസ്ദുര്‍ഗ് കോടതി പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്. യാദൃശ്ചികമായി സംഭവിച്ചതല്ലെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമാണെന്നും അതിനാലാണ് വധശ്രമം ഉള്‍പ്പെടുത്തിയതെന്നും പോലിസിന്റെ അപ്പീല്‍ പറയുന്നു.