നീറ്റ് പരീക്ഷയ്‌ക്കെത്തിയ പെണ്‍കുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ചു; പോലിസില്‍ പരാതി നല്‍കി വിദ്യാര്‍ഥിനി
കൊല്ലം: കൊല്ലത്ത് നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച് പരിശോധിച്ചതായി പരാതി. ആയൂരിലെ മാര്‍ത്തോമ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജിയില്‍ പരീക്ഷ എഴുതാനെത്തിയ പെണ്‍കുട്ടികള്‍ക്കളുടെ അടിവസ്ത്രമാണ് ഉദ്യോഗസ്ഥര്‍ അഴിച്ചുപരിശോധിച്ചത്. ഇവിടെ പരീക്ഷയ്ക്ക് എത്തിയ 90 ശതമാനം പെണ്‍കുട്ടികളുടെയും അടിവസ്ത്രം അഴിപ്പിച്ചുവെന്നും ആരോപണമുണ്ട്. ദുരനുഭവം നേരിടേണ്ടിവന്ന ഒരു വിദ്യാര്‍ഥിനി കൊട്ടാരക്കര ഡിവൈഎസ്പിക്ക് പരാതി നല്‍കി. ഇന്നലെയായിരുന്നു രാജ്യവ്യാപകമായി നീറ്റ് പരീക്ഷ നടന്നത്.
പരീക്ഷ എഴുതാനെത്തിയ നൂറിലധികം പെണ്‍കുട്ടികളുടെ അടിവസ്ത്രം ഊരി പരിശോധിച്ച ശേഷമേ അകത്തകയറാന്‍ അനുവദിച്ചുളളൂവെന്നാണ് പരീക്ഷാര്‍ഥികള്‍ പറയുന്നത്. പലരുടെയും അടിവസ്ത്രം അഴിച്ചുമാറ്റിയശേഷമാണ് ഹാളില്‍ പ്രവേശിപ്പിച്ചത്. ഇതില്‍ ഒരു വിദ്യാര്‍ഥിനിയാണ് പരാതിയുമായി പോലിസിനെ സമീപിച്ചത്. അധികൃതരുടെ നടപടിയെ തുടര്‍ന്ന് പരീക്ഷ നല്ലതുപോലെ എഴുതാനായില്ലെന്നും പരാതിയില്‍ പറയുന്നു. ഇതിന് മുമ്പും നീറ്റ് പരീക്ഷയെഴുതിയിട്ടുണ്ട്. പരീക്ഷാ ഹാളില്‍ പ്രവേശിക്കുന്നതിന് വസ്ത്രധാരണത്തിനടക്കം മാനദണ്ഡങ്ങളും നിശ്ചയിച്ചിട്ടുണ്ട്.
എന്നാല്‍, ഇത്തരത്തിലൊരു ശരീരപരിശോധന ആദ്യമായാണ് നടത്തുന്നതെന്നും വിദ്യാര്‍ഥിനി പറയുന്നു. മെറ്റല്‍ വസ്തു കണ്ടെത്തിയതിനെ തുടര്‍ന്നാണ് അടിവസ്ത്രം അഴിപ്പിച്ചതെന്നാണ് പരിശോധനാ സംഘത്തിന്റെ വിശദീകരണം. പോലിസ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. അതേസമയം, ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് പരീക്ഷ നടന്ന ആയൂരിലെ കോളജ് അധികൃതര്‍ പ്രതികരിച്ചു.
നീറ്റ് സംഘം നിയോഗിച്ച ഏജന്‍സിയാണ് വിദ്യാര്‍ഥികളെ പരിശോധിച്ചതെന്ന് സെന്റര്‍ സൂപ്രണ്ട് പ്രതികരിച്ചു. ഇത്തരമൊരു പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. നീറ്റ് പരീക്ഷാ നടത്തിപ്പിന് നാഷനല്‍ ടെസ്റ്റിസ് അതോറിറ്റി ഏജന്‍സികളെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കാമറ പോലും വെളിയില്‍ നിന്നാണ്. അവര്‍ക്ക് മുറിയൊരുക്കുക മാത്രമാണ് തങ്ങള്‍ ചെയ്തത്. കുട്ടികളെ പരിശോധിക്കുന്ന കാര്യത്തില്‍ കോളജിന് യാതൊരു ചുമതലയൊന്നുമുണ്ടായിരുന്നില്ല. ബയോമെട്രിക് അടക്കമുള്ള പരിശോധനകള്‍ നടത്തിയത് പുറത്തുനിന്നുള്ള ഏജന്‍സികളാണ്. ഇതില്‍ കോളജിന്റെ ഭാഗത്തുനിന്ന് ഒരാള്‍പോലും ഉള്‍പ്പെട്ടിട്ടില്ലെന്നും സൂപ്രണ്ട് കൂട്ടിച്ചേര്‍ത്തു.