ഹോട്ടല്‍ പരിശോധനയില്‍ പുതിയ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; ബാഗ് കയറ്റിയ കാര്‍ പോകുന്നത് രാഹുല്‍ മാങ്കൂട്ടത്തില്‍ സഞ്ചരിച്ച കാറിനു പിന്നില്‍

നേരത്തെ ആരോപണങ്ങളുയര്‍ന്ന ഘട്ടത്തില്‍ രാഹുല്‍ പറഞ്ഞ വിശദീകരണങ്ങള്‍ക്ക് വിരുദ്ധമായാണ് ഇപ്പോള്‍ പുറത്തുവന്ന സിസിടിവി ദൃശ്യങ്ങള്‍. രാഹുല്‍ കയറിയ വാഹനം ഓടിച്ചു പോയതിന് പിന്നാലെ ഫെനി വാഹനം ഓടിച്ചു പോകുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

Update: 2024-11-07 13:18 GMT

പാലക്കാട്: കോണ്‍ഗ്രസുകാര്‍ കള്ളപ്പണം കടത്തിയെന്ന ആരോപണത്തില്‍ പുതിയ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. കെപിഎം ഹോട്ടലിലെ കള്ളപ്പണ ആരോപണത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വാദങ്ങള്‍ പൊളിയുന്ന തരത്തിലുള്ള സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

സിപിഎം നേതാക്കള്‍ കള്ളപ്പണ ഇടപാട് ആരോപണം ഉന്നയിക്കുന്ന നീല ട്രോളി ബാഗുമായി കെഎസ്‌യു നേതാവ് ഫെനി നൈനാന്‍ ഹോട്ടലില്‍ എത്തുന്ന ദൃശ്യങ്ങളാണ് ഇന്നലെ പുറത്തുവന്നത്. ഈ ട്രോളി ബാഗില്‍ കള്ളപ്പണമാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു ആരോപിച്ചിരുന്നു. തിരഞ്ഞെടുപ്പില്‍ ഉപയോഗിക്കാന്‍ വേണ്ടിയാണു പണം എത്തിച്ചതെന്നായിരുന്നു സിപിഎം ആരോപണം. എന്നാല്‍, ഇത് താന്‍ സ്ഥിരമായി വസ്ത്രങ്ങള്‍ ഉപയോഗിക്കുന്ന ബാഗാണെന്ന് രാഹുല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഇതാണ് ഫെനി കൊണ്ടുവന്നതും വസ്ത്രങ്ങള്‍ പരിശോധിച്ച ശേഷം വാഹനത്തിലേക്ക് കൊടുത്തുവിട്ടതെന്നും രാഹുല്‍ പറഞ്ഞിരുന്നു.

എന്നാല്‍, രാഹുല്‍ മാങ്കൂട്ടത്തില്‍ ഹോട്ടലില്‍ നിന്ന് പുറത്തുപോയത് മറ്റൊരു വാഹനത്തിലെന്ന് വ്യക്തമാക്കുന്ന പുതിയ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ബാഗ് കയറ്റിയ വാഹനത്തില്‍ രാഹുല്‍ കയറിയിട്ടില്ല എന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. ഫെനി നൈനാന്‍ വെളുത്ത ഇന്നോവ ക്രിസ്റ്റ കാറില്‍ ബാഗ് കയറ്റുമ്പോള്‍ രാഹുല്‍ ഒപ്പമുണ്ടായിരുന്നു. എന്നാല്‍ ആ കാറില്‍ കയറാതെ മുമ്പില്‍ ഉണ്ടായിരുന്ന കാറിലാണ് രാഹുല്‍ കയറിയത്. ഇത് പുറത്തുവന്ന ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. നേരത്തെ ആരോപണങ്ങളുയര്‍ന്ന ഘട്ടത്തില്‍ രാഹുല്‍ പറഞ്ഞ വിശദീകരണങ്ങള്‍ക്ക് വിരുദ്ധമായാണ് ഇപ്പോള്‍ പുറത്തുവന്ന സിസിടിവി ദൃശ്യങ്ങള്‍. രാഹുല്‍ കയറിയ വാഹനം ഓടിച്ചു പോയതിന് പിന്നാലെ ഫെനി വാഹനം ഓടിച്ചു പോകുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

Similar News