പുതുതായി എത്തുന്ന മുസ്‌ലിംകളെ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തരുത്'; പ്രമേയവുമായി മഹാരാഷ്ട്രയിലെ ഗ്രാമപഞ്ചായത്ത്
പ്രമേയത്തിനെതിരെ സംഘടന ജില്ലാ മജിസ്ട്രേറ്റ് കോടതിയെയും സമീപിച്ചിട്ടുണ്ട്.
മഹാരാഷ്ട്ര: താമസിക്കാന്‍ പുതുതായി എത്തുന്ന മുസ്ലിം സമുദായത്തില്‍പെട്ടവരെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തരുതെന്ന് പ്രമേയം പാസാക്കി മഹാരാഷ്ട്രയിലെ പഞ്ചായത്ത് . മഹാരാഷ്ട്രയിലെ കോലാപൂരിലെ ഷിംഗ്‌നാപുര്‍ ഗ്രാമപഞ്ചായത്താണ് ഇത്തരമൊരു വിവാദ പ്രമേയം പാസാക്കിയത്. സെപ്റ്റംബര്‍ അഞ്ചിനാണ് പ്രമേയം പഞ്ചായത്ത് പാസാക്കിയത്. പുതിയതായി പഞ്ചായത്തില്‍ താമസമാക്കിയ മുസ് ലിംകളെ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കില്‍ അവരെ നീക്കം ചെയ്യണമെന്നും പ്രമേയത്തില്‍ പറയുന്നു.
'ഷിംഗ്‌നാപൂര്‍ ഗ്രാമത്തിന്റെ പരിധിയില്‍ പുതിയ വോട്ടര്‍മാരെ രജിസ്റ്റര്‍ ചെയ്യുമ്പോള്‍, പുതുതായി വരുന്ന ന്യൂനപക്ഷങ്ങളുടെ (മുസ് ലിം) പേരുകള്‍ പുതിയ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ടതില്ലെന്ന് ഏകകണ്ഠമായി തീരുമാനിച്ചു,' പ്രമേയം പറയുന്നു. ഓണ്‍ലൈന്‍ മാധ്യമമായ 'ദ ക്വിന്റ്' ആണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. നവംബര്‍ അവസാനത്തോടെയോ ഡിസംബറിലോ മഹാരാഷ്ട്രയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് വിവാദ പ്രമേയത്തിന്റെ അവതരണം.
പ്രമേയത്തിനെതിരെ വിവിധ മുസ് ലിം സംഘടനകള്‍ രംഗത്തുവന്നിട്ടുണ്ട്. ന്യൂനപക്ഷങ്ങളെ ബഹിഷ്‌കരിക്കാനാണ് പ്രമേയത്തിലൂടെ ലക്ഷ്യമിടുന്നതെന്നും ഭരണഘടനാവിരുദ്ധമാണ് നടപടിയെന്നും കോലാപ്പൂരിലെ മുസ് ലിം എഡ്യൂക്കേഷന്‍ സൊസൈറ്റി അഭിപ്രായപ്പെട്ടു. കൂടാതെ, പ്രമേയത്തിനെതിരെ സംഘടന ജില്ലാ മജിസ്ട്രേറ്റ് കോടതിയെയും സമീപിച്ചിട്ടുണ്ട്.
അതേസമയം, പ്രമേയത്തിന്റെ ഉദ്ദേശ ശുദ്ധിയെ തെറ്റായി വ്യാഖ്യാനിച്ച് ജില്ലയിലെ മതസൗഹാര്‍ദ അന്തരീക്ഷം തകര്‍ക്കാന്‍ ചിലര്‍ ലക്ഷ്യമിടുന്നുവെന്നാണ് പഞ്ചായത്ത് സര്‍പ്പഞ്ച് രസിക പാട്ടീലിന്റെ വാദം.