ഒരു സിലിണ്ടറില്‍നിന്ന് ഒരേസമയം ഒന്നിലധികം രോഗികള്‍ക്ക് ഓക്‌സിജന്‍; നൂതന സാങ്കേതിക വിദ്യയുമായി പോപുലര്‍ ഫ്രണ്ട്

പോപുലര്‍ ഫ്രണ്ട് രാജസ്ഥാന്‍ സംസ്ഥാന സെക്രട്ടറി താജ് മുഹമ്മദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഒരു സിലിണ്ടറില്‍നിന്ന് ഒരേസമയം ഒന്നിലധികം രോഗികള്‍ക്ക് ഓക്‌സിജന്‍ നല്‍കാന്‍ കഴിയുന്ന സാങ്കേതിക വിദ്യ സൃഷ്ടിച്ചത്. പ്രത്യേകമായി വികസിപ്പിച്ചെടുത്ത റെഗുലേറ്റര്‍ വഴിയാണ് ഒരേസമയം രണ്ട് രോഗികള്‍ക്ക് ഓക്‌സിജന്‍ നല്‍കുക.

Update: 2021-05-12 14:26 GMT

ജയ്പൂര്‍: കൊവിഡ് രണ്ടാം തരംഗത്തില്‍ രാജ്യം വിറങ്ങലിച്ചുനില്‍ക്കവെ അടിക്കടിയുണ്ടാവുന്ന ഓക്‌സിജന്‍ ക്ഷാമത്തിന് കൈത്താങ്ങായി പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നൂതനസാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തു. പോപുലര്‍ ഫ്രണ്ട് രാജസ്ഥാന്‍ സംസ്ഥാന സെക്രട്ടറി താജ് മുഹമ്മദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഒരു സിലിണ്ടറില്‍നിന്ന് ഒരേസമയം ഒന്നിലധികം രോഗികള്‍ക്ക് ഓക്‌സിജന്‍ നല്‍കാന്‍ കഴിയുന്ന സാങ്കേതിക വിദ്യ സൃഷ്ടിച്ചത്. പ്രത്യേകമായി വികസിപ്പിച്ചെടുത്ത റെഗുലേറ്റര്‍ വഴിയാണ് ഒരേസമയം രണ്ട് രോഗികള്‍ക്ക് ഓക്‌സിജന്‍ നല്‍കുക. രണ്ട് രോഗികള്‍ക്ക് ഓക്‌സിജന്‍ നല്‍കുന്നത് ക്രമീകരിക്കുന്നതിനായി റെഗുലേറ്ററില്‍ പ്രത്യേക സ്പീഡ് കണ്‍ട്രോളറും ഘടിപ്പിച്ചിട്ടുണ്ട്.

ഷാപുരയിലെ പ്രിന്‍സിപ്പല്‍ മെഡിക്കല്‍ ഓഫിസര്‍ ഡോ. അശോക് കുമാര്‍ ജെയ്‌ന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘമാണ് പോപുലര്‍ ഫ്രണ്ട് വികസിപ്പിച്ചെടുത്ത പുതിയ ഓക്‌സിജന്‍ റെഗുലേറ്റര്‍ സാങ്കേതിക വിദ്യ പരീക്ഷണത്തിനും പരിശോധനയ്ക്കും വിധേയമാക്കിയത്. പുതിയ സംവിധാനം തികച്ചും സുരക്ഷിതമാണെന്ന് മെഡിക്കല്‍ സംഘത്തിന്റെ പരിശോധനയില്‍ കണ്ടെത്തി. ഭില്‍വാര ജില്ലയിലെ പല ആശുപത്രികളിലും ഈ ഓക്‌സിജന്‍ റെഗുലേറ്ററാണ് ഇപ്പോള്‍ ഉപയോഗിച്ചുവരുന്നത്. വിവിധ മെഡിക്കല്‍ അധികാരികള്‍ പുതിയ സാങ്കേതിക ഉപയോഗിച്ചശേഷം ഇത് വികസിപ്പിച്ചെടുത്ത പോപുലര്‍ ഫ്രണ്ട് സംഘത്തിന് അഭിനന്ദവുമായി രംഗത്തുവരികയും ചെയ്തു.

സബ് ഡിവിഷനല്‍ ഓഫിസര്‍ ശില്‍പ സിങ്, തഹസില്‍ദാര്‍ ഇന്ദര്‍ജിത് സിങ്, പ്രിന്‍സിപ്പല്‍ മെഡിക്കല്‍ ഓഫിസര്‍ ഡോ. അശോക് കുമാര്‍ ജെയ്ന്‍ എന്നിവര്‍ക്ക് സംസ്ഥാന സെക്രട്ടറി താജ് മുഹമ്മദിന്റെ നേതൃത്വത്തിലുള്ള സംഘം ഓക്‌സിജന്‍ റെഗുലേറ്ററിന്റെ മാതൃക കൈമാറി. സംസ്ഥാനത്തൊട്ടാകെ പോപുലര്‍ ഫ്രണ്ട് നടത്തുന്ന സേവനപ്രവര്‍ത്തനങ്ങളെ എല്ലാ അഡ്മിനിസ്‌ട്രേറ്റീവ് ഉദ്യോഗസ്ഥരും പ്രശംസിച്ചു. കൊവിഡിനെതിരായ പോരാട്ടത്തില്‍ പോപുലര്‍ ഫ്രണ്ട് വികസിപ്പിച്ചെടുത്ത ഓക്‌സിജന്‍ റെഗുലേറ്റര്‍ മെഡിക്കല്‍ വകുപ്പിനും അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍മാര്‍ക്കും സഞ്ജീവനിയായി പ്രവര്‍ത്തിക്കുമെന്ന് സബ് ഡിവിഷന്‍ ഓഫിസര്‍ ശില്‍പ സിങ് പറഞ്ഞു.

കൂടുതല്‍ ആളുകളുടെ ജീവന്‍ രക്ഷിക്കാന്‍ ഇത് സഹായിക്കും. ഓക്‌സിജന്‍ റെഗുലേറ്റര്‍ വേഗത്തിലും കൂടുതല്‍ എണ്ണവും നിര്‍മിക്കാന്‍ തഹസില്‍ദാര്‍ ഇന്ദര്‍ജിത് സിങ് പോപുലര്‍ ഫ്രണ്ട് സംഘത്തോട് അഭ്യര്‍ഥിച്ചു. റെഗുലേറ്റര്‍ നിര്‍മിക്കുന്നതില്‍ എന്തെങ്കിലും തരത്തിലുള്ള വിഭവങ്ങള്‍ ലഭ്യമാക്കുന്നതില്‍ പ്രശ്‌നം നേരിടുകയാണെങ്കില്‍ ഭരണാധികാരികളെ അറിയിക്കണമെന്നും എന്തുസഹകരണത്തിനും തങ്ങള്‍ തയ്യാറാണെന്നും തഹസില്‍ദാര്‍ അറിയിച്ചു. പുതിയ ഓക്‌സിജന്‍ റെഗുലേറ്റര്‍ സാങ്കേതികവിദ്യ നിലവില്‍ വന്നശേഷം കൂടുതല്‍ കൊവിഡ് രോഗികളെ ആശുപത്രികളില്‍ പ്രവേശിപ്പിക്കാനുള്ള സാഹചര്യമുണ്ടായെന്ന് ഡോ. അശോക് കുമാര്‍ ജെയ്ന്‍ പറഞ്ഞു.

കൊവിഡ് രോഗികള്‍ക്ക് ഓക്‌സിജന്‍ സിലിണ്ടറുകള്‍ വിതരണം ചെയ്യാനും മരണപ്പെടുന്ന രോഗികളുടെ അന്ത്യകര്‍മം യഥാവിധി നിര്‍വഹിക്കുന്നതിനും റെഗുലേറ്റര്‍മാര്‍, കിടക്കകള്‍, ആംബുലന്‍സുകള്‍, റേഷന്‍ സാധനങ്ങള്‍ എന്നിവ വിതരണം ചെയ്യുന്നതിനും ഓക്‌സിജന്‍ മിത്ര സര്‍വീസ് പ്രവര്‍ത്തിച്ചുവരികയാണെന്ന് താജ് മുഹമ്മദ് പറഞ്ഞു. ഈ റെഗുലേറ്റര്‍ എല്ലാ ആശുപത്രികളിലും കൊവിഡ് കെയര്‍ സെന്ററുകളിലും പോപുലര്‍ ഫ്രണ്ട് സൗജന്യമായി നല്‍കും. പോപുലര്‍ ഫ്രണ്ട് സംഘത്തിന്റെ ഈ വിജയത്തിന് പിന്നില്‍ ഡോ. അശോക് കുമാര്‍ ജെയ്ന്‍, സബ് ഡിവിഷനല്‍ ഓഫിസര്‍ ശില്‍പ സിങ്, തഹസില്‍ദാര്‍ ഇന്ദര്‍ജിത് സിങ് എന്നിവര്‍ പ്രധാന പങ്കുവഹിക്കുന്നതായും താജ് മുഹമ്മദ് വ്യക്തമാക്കി.

Tags:    

Similar News