വിവാഹം കഴിഞ്ഞ് ഒരു മാസത്തിന് ശേഷം കാമുകന്റെ കൂടെ ഓടിപ്പോയ യുവതിയെ കഴുത്തറുത്തു കൊന്നു; ഭര്‍ത്താവും സുഹൃത്തുക്കളും അറസ്റ്റില്‍

Update: 2025-01-03 12:26 GMT

ഭാഗ്പത്(ഉത്തര്‍പ്രദേശ്): വിവാഹം കഴിഞ്ഞ് ഒരുമാസത്തിന് ശേഷം കാമുകന്റെ കൂടെ പോയ യുവതിയെ ഭര്‍ത്താവും കുടുംബവും സുഹൃത്തുക്കളും ചേര്‍ന്നു കഴുത്തറുത്തു കൊന്നു. ഉത്തര്‍പ്രദേശിലെ ഭാഗ്പത് ജില്ലയിലെ ബിനോലി ഗ്രാമത്തില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവം. സുമന്‍കുമാരി എന്ന 22കാരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് കൃഷ്ണ യാദവ് (28), സഹോദരന്‍ രോഹിത് (25), ഇവരുടെ സഹോദരീ ഭര്‍ത്താവ് മനോജ് യാദവ്, അയല്‍വാസിയും സുഹൃത്തുമായ രാജീവ് എന്നിവരെ പോലിസ് അറസ്റ്റ് ചെയ്തു.

സുമന്‍കുമാരിയുടെ കാമുകനായ നീരജ് കുമാറിന്റെ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് ബിനോലി പോലിസ് അറിയിച്ചു. നീരജ്കുമാറും സുമന്‍കുമാരിയും കാലങ്ങളായി പ്രണയത്തിലായിരുന്നുവെന്നു നീരജ്കുമാറിന്റെ മൊഴി പറയുന്നു. ഈ ബന്ധത്തോട് കുടുംബത്തിന് താല്‍പര്യമുണ്ടായിരുന്നില്ല. തുടര്‍ന്ന് കൃഷ്ണ യാദവുമായി നവംബര്‍ 23ന് വിവാഹം നടത്തി.

ഡിസംബര്‍ അവസാനം വീട്ടുകാരെ കാണാന്‍ സ്വന്തം വീട്ടില്‍ എത്തിയപ്പോള്‍ സുമന്‍കുമാരി അയല്‍ക്കാരന്‍ കൂടിയായ നീരജ് കുമാറിന്റെ കൂടെ ഇറങ്ങിപ്പോവുകയായിരുന്നു. സംഭവം നാട്ടിലാകെ പാട്ടായി. ഇതേ തുടര്‍ന്ന് സുമന്‍കുമാരിയുടെ കുടുംബം നീരജ് കുമാറിന്റെ കുടുംബവുമായി സംസാരിച്ച് സുമനെ തിരികെ വീട്ടിലേക്ക് കൊണ്ടുവന്നു. സുമനെ തിരികെ എടുക്കാമെന്ന് കൃഷ്ണയാദവും കുടുംബവും സമ്മതിക്കുകയും ചെയ്തു. പക്ഷേ, വീട്ടിലെത്തിയ ശേഷം തര്‍ക്കമുണ്ടാവുകയും കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നുവെന്ന് പോലിസ് പറഞ്ഞു.

Similar News