ഫാദര്‍ സ്റ്റാന്‍ സ്വാമിക്ക് സ്‌ട്രോ നിഷേധിച്ചതില്‍ എന്‍ഐഎക്ക് പങ്കില്ലെന്ന് മുന്‍ ഡയറക്ടര്‍ ജനറല്‍; ''സംസ്ഥാന സര്‍ക്കാര്‍ കൊടുക്കണമായിരുന്നു''

Update: 2025-03-21 01:28 GMT
ഫാദര്‍ സ്റ്റാന്‍ സ്വാമിക്ക് സ്‌ട്രോ നിഷേധിച്ചതില്‍ എന്‍ഐഎക്ക് പങ്കില്ലെന്ന് മുന്‍ ഡയറക്ടര്‍ ജനറല്‍; സംസ്ഥാന സര്‍ക്കാര്‍ കൊടുക്കണമായിരുന്നു

ന്യൂഡല്‍ഹി: ഭീമ കൊറെഗാവ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ക്രിസ്ത്യന്‍ പുരോഹിതനും ആദിവാസി അവകാശ പ്രവര്‍ത്തകനുമായിരുന്ന ഫാദര്‍ സ്റ്റാന്‍ സ്വാമിക്ക് ജയിലില്‍ സ്‌ട്രോ നിഷേധിച്ചതില്‍ എന്‍ഐഎക്ക് പങ്കില്ലെന്ന് മുന്‍ ഡയറക്ടര്‍ ജനറല്‍ വൈ സി മോദി. പാര്‍ക്കിന്‍സണ്‍സ് രോഗബാധിതനായതിനാലാണ് ഭക്ഷണവും മരുന്നും കഴിക്കാന്‍ ഫാദര്‍ സ്റ്റാന്‍ സ്വാമി സ്‌ട്രോ ആവശ്യപ്പെട്ടിരുന്നത്. ഇത് നല്‍കിയില്ലെന്ന് മാത്രമല്ല, ജാമ്യാപേക്ഷകളെയും എതിര്‍ത്തു. തുടര്‍ന്ന് 2021 ജൂലൈ അഞ്ചിന് അദ്ദേഹം ജയിലില്‍ മരിച്ചു.

സ്റ്റാന്‍ സ്വാമി ജയിലില്‍ ആയിരുന്നപ്പോള്‍ സ്‌ട്രോ പോലും നല്‍കാത്തവരാണ് എന്‍ഐഎ എന്ന് കഴിഞ്ഞ ദിവസം തൃണമൂല്‍ കോണ്‍ഗ്രസ് എംപി സാകേത് ഗോഖലെ പറഞ്ഞിരുന്നു. ''മോദി സര്‍ക്കാരിനെതിരെ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് ഇന്ത്യക്കാരെ തടവിലാക്കുന്ന തിരക്കിലാണ് എന്‍ഐഎ. ആദിവാസി ക്ഷേമ പ്രവര്‍ത്തകനും പുരോഹിതനുമായ ഫാദര്‍ സ്റ്റാന്‍ സ്വാമി... ജയിലില്‍ വെച്ച് അദ്ദേഹം എങ്ങനെ മരിച്ചുവെന്ന് നമുക്കറിയാം. അദ്ദേഹത്തിന് എങ്ങനെ ഒരു സ്‌ട്രോ നിഷേധിക്കപ്പെട്ടുവെന്ന് നമുക്കറിയാം. ഇന്ന് എന്‍ഐഎ ചെയ്യുന്നത് ഇതാണ്.''-സാകേത് ഗോഖലെ പറഞ്ഞു.

ഇതേതുടര്‍ന്നാണ് വിശദീകരണവുമായി വൈ സി മോദി രംഗത്തെത്തിയിരിക്കുന്നത്. മഹാരാഷ്ട്രയിലെ ഉദ്ദവ് താക്കറെ സര്‍ക്കാരാണ് സ്‌ട്രോ നല്‍കാത്തതിന് പിന്നിലെന്ന് വൈ സി മോദി പറഞ്ഞു. ''സ്‌ട്രോ ആവശ്യപ്പെടുന്ന സമയത്ത് സ്റ്റാന്‍ സ്വാമി ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്നു. കോണ്‍ഗ്രസിന്റെയും എന്‍സിപിയുടെയും സഖ്യത്തില്‍ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരാണ് മഹാരാഷ്ട്ര ഭരിച്ചിരുന്നത്. സര്‍ക്കാരിന്റെ കീഴിലുള്ള മുംബൈയിലെ ജയില്‍ അധികൃതര്‍ സ്‌ട്രോ നല്‍കണമായിരുന്നു.''- വൈ സി മോദി പ്രസ്താവനയില്‍ പറഞ്ഞു.

Similar News