ന്യൂഡല്‍ഹി: ചൈനയില്‍ ഹ്യൂമന്‍ മെറ്റാന്യൂമോവൈറസ് പടരുന്നതില്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര ഹെല്‍ത്ത് സര്‍വീസസ് ഡയറക്ടറേറ്റ്. ശ്വാസകോശ സംബന്ധിയായ രോഗങ്ങള്‍ക്ക് സ്വീകരിക്കേണ്ട പ്രതിരോധ നടപടികള്‍ മാത്രം സ്വീകരിച്ചാല്‍ മതിയെന്ന് ഡിജിഎച്ച്എസ് ഉദ്യോഗസ്ഥനായ ഡോ. അതുല്‍ ഗോയല്‍ മാധ്യമങ്ങളോട് പറഞ്ഞു. ഹ്യൂമന്‍ മെറ്റാന്യൂമോവൈറസിന് നിലവില്‍ വാക്‌സിന്‍ ഇല്ലാത്തതിനാല്‍ മുന്‍കരുതല്‍ നടപടികള്‍ മാത്രം സ്വീകരിച്ചാല്‍ മതിയെന്നാണ് നിര്‍ദേശം.
''ചൈനയില്‍ വൈറസ് പൊട്ടിപ്പുറപ്പെടുന്നതിനെക്കുറിച്ച് വാര്‍ത്തകള്‍ വരുന്നുണ്ട്. ജലദോഷത്തിന് കാരണമാകുന്ന മറ്റേതൊരു ശ്വാസകോശ വൈറസിനെയും പോലെയാണ് ഈ വൈറസും. പ്രായമായവരിലും കുട്ടികളിലും ഇത് പനി പോലുള്ള ലക്ഷണങ്ങള്‍ ഉണ്ടാക്കാം.''-ഡോ. അതുല്‍ ഗോയല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
''രാജ്യത്തിനകത്ത് ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ വന്‍തോതില്‍ റിപോര്‍ട്ട് ചെയ്തിട്ടില്ല. 2024 ഡിസംബറിലെ ഡാറ്റയില്‍ കാര്യമായ വര്‍ധനയുണ്ടായിട്ടില്ല. ശൈത്യകാലത്ത് ശ്വാസകോശ സംബന്ധമായ വൈറസ് അണുബാധകള്‍ കൂടാറുണ്ട്.''-അദ്ദേഹം പറഞ്ഞു.
ആര്‍ക്കെങ്കിലും ചുമയും ജലദോഷവും ഉണ്ടെങ്കില്‍ അവരുമായുള്ള സമ്പര്‍ക്കം ഒഴിവാക്കണമെന്നും ഡോ. അതുല്‍ ഗോയല്‍ പറഞ്ഞു. ചുമയ്ക്കും തുമ്മലിനും പ്രത്യേകം തൂവാല ഉപയോഗിക്കണം. ജലദോഷത്തിനും പനിക്കും സാധാരണ മരുന്നുകള്‍ കഴിച്ചാല്‍ മതിയെന്നും അദ്ദേഹം വിശദീകരിച്ചു.