യുപി 'ലൗ ജിഹാദ്' നിയമം: ആദ്യമായി കുറ്റം ചുമത്തിയ മുസ്‌ലിം യുവാവിനെതിരേ തെളിവുകളില്ലെന്ന് യുപി സര്‍ക്കാര്‍
ഇത് യുപി മത മതപരിവര്‍ത്തന വിരുദ്ധ നിയമത്തിന് പരിധിയില്‍ വരുന്ന കേസല്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയതായി യുപി സര്‍ക്കാര്‍ ബുധനാഴ്ച സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.
ലഖ്‌നൗ: നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെതിരായ പുതിയ നിയമപ്രകാരം സംസ്ഥാനത്ത് ആദ്യമായി കുറ്റം ചുമത്തിയ മുസ്‌ലിം യുവാവിനെതിരേ തെളിവുകളില്ലെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വ്യാഴാഴ്ച അലഹബാദ് ഹൈക്കോടതിയെ അറിയിച്ചു.
ഇത് യുപി മത മതപരിവര്‍ത്തന വിരുദ്ധ നിയമത്തിന് പരിധിയില്‍ വരുന്ന കേസല്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയതായി യുപി സര്‍ക്കാര്‍ ബുധനാഴ്ച സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. പ്രതിയായ നദീമിന് പരുളുമായി അവിഹിത ബന്ധമുണ്ടെന്ന് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും പരുളിനെ മതം മാറ്റാന്‍ അദ്ദേഹം ശ്രമിച്ചുവെന്നതിന് തെളിവുകളില്ലെന്നും സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കി.
നദീമിന് അറസ്റ്റില്‍ നിന്നുള്ള സംരക്ഷണം നീട്ടി നല്‍കിയ കോടതി ജനുവരി 15ന് കേസില്‍ പുതിയ വാദം കേള്‍ക്കുന്നതിന് ലിസ്റ്റ് ചെയ്യുകയും ചെയ്തു. അവസാന ഹിയറിംഗില്‍ ഹൈക്കോടതി വ്യാഴാഴ്ച വരെ പ്രതികള്‍ക്ക് അറസ്റ്റില്‍നിന്ന് സംരക്ഷണം നല്‍കിയിരുന്നു. തനിക്കെതിരെ സമര്‍പ്പിച്ച എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് നദീം ഹൈക്കോടതിയെ സമീപിച്ചത്.
ആര്‍ട്ടിക്കിള്‍ 25, ഏതൊരു വ്യക്തിക്കും തന്റെ അല്ലെങ്കില്‍ അവളുടെ മതം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഉറപ്പുനല്‍കുന്നു, തങ്ങളുടെ സ്വകാര്യ കാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടുന്നത് വെല്ലുവിളിയാണെന്നും നദീമിന്റെ അഭിഭാഷകന്‍ സയ്യിദ് ഫാര്‍മാന്‍ അഹ്മദ് നഖ്‌വി ചൂണ്ടിക്കാട്ടി.
യുവതിയുടെ ഭര്‍ത്താവ് അക്ഷയ് കുമാര്‍ ത്യാഗി നല്‍കിയ പരാതിയിലാണ് നദീം (32), സഹോദരന്‍ സല്‍മാന്‍ എന്നിവര്‍ക്കെതിരേ കേസെടുത്തത്. നദീം തന്റെ ഭാര്യയെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും മത പരിവര്‍ത്തനം ചെയ്യാന്‍ നിര്‍ബന്ധിച്ചുവെന്നും ത്യാഗി ആരോപിച്ചിരുന്നു. നദീം പതിവായി വീട്ടില്‍ പോകാറുണ്ടെന്നും ഭാര്യക്ക് ഒരു സ്മാര്‍ട്ട്‌ഫോണ്‍ സമ്മാനമായി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. 'ലൗജിഹാദ്' നിയമപ്രകാരം നിയമപ്രകാരം യുപിയില്‍ നിരവധി മുസ്‌ലിം യുവാക്കള്‍ക്കെതിരേയാണ് പോലിസ് കേസെടുത്തിട്ടുണട്.