മണിക്കൂറുകളോളം ചികില്‍സ നിഷേധിച്ച് ഡോക്ടര്‍മാര്‍; യുപിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം
രണ്ടുമണിക്കൂറോളം കാത്തുനിന്നെങ്കിലും ആശുപത്രിയിലുള്ള ഒരു ഡോക്ടര്‍മാരും കുഞ്ഞിനെ പരിശോധിക്കാന്‍ തയ്യാറായില്ല. അവള്‍ മരിച്ചു. ഈ ആളുകളെല്ലാം കൊവിഡിനെക്കുറിച്ച് മാത്രമേ സംസാരിക്കുന്നുള്ളൂ. കൊവിഡ് പേടിച്ച് ഒരു രോഗിയെ തൊടാന്‍പോലും ഡോക്ടര്‍മാര്‍ തയ്യാറാവുന്നില്ല.
ലഖ്‌നോ: ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ ചികില്‍സ നിഷേധിച്ചതിനെത്തുടര്‍ന്ന് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിന്റെ തലസ്ഥാനമായ ലഖ്‌നോവില്‍നിന്ന് 40 കിലോമീറ്റര്‍ അകലെയുള്ള ബാരാബങ്കി ജില്ലയില്‍നിന്നാണ് മനസ്സാക്ഷി മരവിപ്പിക്കുന്ന ദൃശ്യങ്ങളും വാര്‍ത്തകളും പുറത്തുവരുന്നത്. അഞ്ചുമാസം മാത്രം പ്രായമായ കുഞ്ഞിന്റെ മൃതദേഹവുമായി സര്‍ക്കാര്‍ ആശുപത്രിക്ക് മുന്നില്‍ വിലപിക്കുന്ന പിതാവിന്റെ കരളലിയിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.
ഞായറാഴ്ച വൈകീട്ടോടെയാണ് കട്ടിലില്‍നിന്ന് വീണ് പരിക്കേറ്റതിനെത്തുടര്‍ന്ന് അഞ്ചുമാസം പ്രായമായ പെണ്‍കുഞ്ഞിനെ ബാരാബങ്കി സിറൗലി ഗാസ്പൂരിലെ സര്‍ക്കാര്‍ നടത്തുന്ന കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ കൊണ്ടുവന്നതെന്ന് പിതാവ് വീഡിയോയില്‍ പറയുന്നു. രണ്ടുമണിക്കൂറോളം കാത്തുനിന്നെങ്കിലും ആശുപത്രിയിലുള്ള ഒരു ഡോക്ടര്‍മാരും കുഞ്ഞിനെ പരിശോധിക്കാന്‍ തയ്യാറായില്ല. അവള്‍ മരിച്ചു. ഈ ആളുകളെല്ലാം കൊവിഡിനെക്കുറിച്ച് മാത്രമേ സംസാരിക്കുന്നുള്ളൂ. കൊവിഡ് പേടിച്ച് ഒരു രോഗിയെ തൊടാന്‍പോലും ഡോക്ടര്‍മാര്‍ തയ്യാറാവുന്നില്ല.
എന്റെ കുട്ടിയെ നോക്കാന്‍ ഇവിടെ ഒരു ഡോക്ടറുമില്ല. എന്തൊരു സിസ്റ്റമാണിത്- ആശുപത്രി ഗേറ്റിന് മുന്നില്‍ മരിച്ച തന്റെ കുഞ്ഞിനെയും കൈയില്‍ പിടിച്ചുകൊണ്ട് പിതാവ് വേദനയോടെ പറയുന്നു. കുഞ്ഞിന്റെ മാതാവ് അല്‍പം അകലെ അവശയായി ഇരിക്കുന്നത് പുറത്തുവന്ന മൊബൈല്‍ വീഡിയോ ദൃശ്യങ്ങളില്‍ കാണാം. 'രണ്ട് മണിക്കൂറായി. ഒരു ഡോക്ടര്‍ പോലും വന്നില്ല. ആരോ പറഞ്ഞു. ക്ഷമിക്കൂ. എന്റെ കുട്ടി മരിച്ചു, ഞാന്‍ ഇനി ക്ഷമിക്കണോ?- മറ്റൊരു വീഡിയോ ക്ലിപ്പില്‍ പിതാവ് കരഞ്ഞുകൊണ്ട് പറയുന്നു. മൂന്നാമതായി പുറത്തുവന്ന വീഡിയോ ക്ലിപ്പില്‍ ആശുപത്രിയുടെ കവാടത്തില്‍ ഒരുകൂട്ടം പോലിസുകാര്‍ ആളുകളുമായി സംസാരിക്കുന്നു.
എന്താണ് ഈ നാടകമെന്ന് ഒരു പോലിസുകാരന്‍ ചോദിക്കുന്നത് കേള്‍ക്കാം. എന്റെ മകള്‍ മരിച്ചു, ഇത് നാടകമാണെന്ന് നിങ്ങള്‍ പറയുന്നു. ആ മനുഷ്യന്‍ ഇപ്പോഴും കരയുന്നു- കൂടിനിന്നവര്‍ പറയുന്നു. അതേ പോലിസുകാരന്‍ ആ മനുഷ്യനോട് 'ശാന്തനാവാനും' നടപടിയെടുക്കുന്നതിന് രേഖാമൂലം പരാതി നല്‍കാനും ആവശ്യപ്പെടുന്നുണ്ട്. അതേസമയം, ഡോക്ടര്‍മാര്‍ പരിശോധിക്കാത്തതിനെത്തുടര്‍ന്നാണ് കുഞ്ഞ് മരിച്ചതെന്ന ആരോപണം ആശുപത്രി അധികൃതര്‍ നിഷേധിച്ചു.
ആശുപത്രിയിലെത്തിയപ്പോള്‍തന്നെ കുഞ്ഞ് മരിച്ചിരുന്നതായി ബരാബങ്കി ചീഫ് മെഡിക്കല്‍ ഓഫിസര്‍ ബി കെ എസ് ചൗഹാന്‍ വീഡിയോ പ്രസ്താവനയില്‍ വ്യക്തമാക്കി. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍മാര്‍ കുഞ്ഞിനെ പരിശോധിച്ചപ്പോള്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. എമര്‍ജന്‍സി ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറും പാരാമെഡിക്കല്‍ സ്റ്റാഫും കുഞ്ഞിനെ പരിശോധിച്ചിരുന്നതായി ആശുപത്രി സൂപ്രണ്ട് എന്നോട് പറഞ്ഞിരുന്നു. കുഞ്ഞ് ടെറസില്‍നിന്ന് വീണെന്നാണ് കുഞ്ഞിന്റെ മാതാപിതാക്കള്‍ പറഞ്ഞത്- ചൗഹാന്‍ പ്രസ്താവനയില്‍ പറഞ്ഞു. ഈ ആശുപത്രി സമുച്ചയത്തില്‍ 100 കിടക്കകളുള്ള കൊവിഡ് ആശുപത്രിയും പ്രവര്‍ത്തിക്കുന്നുണ്ട്.