മോദി വിരുദ്ധ പരാമര്‍ശം: മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധിക്ക് ഇടക്കാലാശ്വാസമില്ല

Update: 2023-05-02 11:45 GMT

അഹമ്മദാബാദ്: മോദി വിരുദ്ധ പരാമര്‍ശത്തില്‍ മാനനഷ്ടക്കേസില്‍ തടവിനു ശിക്ഷിക്കപ്പെട്ട കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് ഗുജറാത്ത് ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി. രാഹുല്‍ ഗാന്ധിക്ക് ഇടക്കാല സംരക്ഷണം നല്‍കാന്‍ ജസ്റ്റിസ് ഹേമന്ത് പ്രച്ഛക്കിന്റെ ബെഞ്ച് വിസമ്മതിച്ചു. ശിക്ഷാവിധിക്ക് സ്‌റ്റേ അനുവദിക്കണമോയെന്ന കാര്യത്തില്‍ ഹൈക്കോടതി അവധിക്ക് ശേഷമുള്ള ബെഞ്ച് തീരുമാനമെടുക്കുമെന്നും കോടതി അറിയിച്ചു. സൂറത്ത് കോടതി രണ്ടുവര്‍ഷം ശിക്ഷ നല്‍കിയ ക്രിമിനല്‍ മാനനഷ്ടക്കേസില്‍ മജിസ്‌ട്രേറ്റ് കോടതിയുടെ ശിക്ഷ സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി സമര്‍പ്പിച്ച അപ്പീലിലാണ് ഗുജറാത്ത് ഹൈക്കോടതിയുടെ നടപടി. ഇടക്കാല സ്റ്റേ അനുവദിക്കാന്‍ വിസമ്മതിച്ച കോടതി ജൂണില്‍ ഉത്തരവ് പുറപ്പെടുവിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അറിയിച്ചു. ജസ്റ്റിസ് ഹേമന്ത് പ്രച്ഛക്ക് ആണ് കേസ് പരിഗണിച്ചത്.

    രാഹുല്‍ ഗാന്ധിക്കു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിങ് വിയാണ് ഹാജരായത്. പരാതിക്കാരനായ പൂര്‍ണേഷ് മോദിക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ നിരുപം നാനാവതിയാണ് ഹാജരായത്. ഇരുവരുടെയും വാദം കേട്ട ശേഷമാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്. കോടതിയോ പരാതിക്കാരനോ അല്ല ഗാന്ധിയെ അയോഗ്യനാക്കിയതെന്നും പാര്‍ലമെന്റ് ഉണ്ടാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതെന്നും അതിനാല്‍ അദ്ദേഹത്തിന് നികത്താനാകാത്ത നഷ്ടമാണ് സംഭവിക്കുന്നതെന്ന് വാദിക്കാന്‍ കഴിയില്ലെന്നും പരാതിക്കാരനു വേണ്ടി ഹാരജരായ അഡ്വ. നിരുപം നാനാവതി വാദിച്ചു. ഗാന്ധിക്ക് മാപ്പ് പറയാന്‍ താല്‍പ്പര്യമില്ലെങ്കില്‍, ഇത് അദ്ദേഹത്തിന്റെ അവകാശമായതിനാല്‍ മാപ്പ് പറയേണ്ടതില്ലെന്നും എന്നാല്‍ പിന്നീട് അദ്ദേഹം കരയരുതെന്നും മുതിര്‍ന്ന അഭിഭാഷകന്‍ നന്‍വതി വാദിച്ചു.

    രാഹുല്‍ ഗാന്ധി ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധിയാണെന്നും അതിനാല്‍ പ്രസ്താവനകള്‍ നടത്തുമ്പോള്‍ ജാഗ്രത പുലര്‍ത്തണമെന്നും കോടതി മുന്‍ വാദത്തിനിടെ പറഞ്ഞിരുന്നു. ഏപ്രില്‍ 20ന് സൂറത്തിലെ സെഷന്‍സ് കോടതി മജിസ്‌ട്രേറ്റ് മുമ്പാകെ തന്റെ ശിക്ഷാവിധി സസ്‌പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി നല്‍കിയ ഹര്‍ജി നേരത്തെ തള്ളിയിരുന്നു. വിശദമായ ഉത്തരവില്‍, സെഷന്‍സ് കോടതി ഗാന്ധിയെ അയോഗ്യനാക്കിയത് അദ്ദേഹത്തിന് നികത്താനാവാത്തതോ നികത്താനാവാത്തതോ ആയ നഷ്ടമായിരിക്കില്ലെന്ന് വിലയിരുത്തുകയും അദ്ദേഹത്തിന് ഇടക്കാലാശ്വാസം നിരസിക്കുകയുമായിരുന്നു. 2019 ല്‍ കര്‍ണാടകയിലെ കോലാറില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ നടത്തിയ 'എല്ലാ കള്ളന്മാര്‍ക്കും മോദി എന്ന കുടുംബപ്പേരുണ്ട്' എന്ന പരാമര്‍ശത്തിനാണ് കേരളത്തിലെ വയനാട്ടില്‍ നിന്നുള്ള എംപിയായിരുന്ന രാഹുല്‍ ഗാന്ധിയെ ശിക്ഷിച്ചത്. തുടര്‍ന്ന് പാര്‍ലിമെന്റ് അംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കുകയായിരുന്നു. മാര്‍ച്ച് 23നാണ് സൂറത്തിലെ മജിസ്‌ട്രേറ്റ് കോടതി രാഹുല്‍ ഗാന്ധിയെ രണ്ടു വര്‍ഷത്തെ തടവിന് ശിക്ഷിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നീരവ് മോദി, ലളിത് മോദി എന്നിവരുമായി ബന്ധിപ്പിച്ച് ഗാന്ധി തന്റെ പ്രസംഗത്തില്‍ പറഞ്ഞിരുന്നു. 'നീരവ് മോദി, ലളിത് മോദി, നരേന്ദ്ര മോദി. കള്ളന്മാര്‍ക്കെല്ലാം എങ്ങനെയാണ് 'മോദി' എന്നത് പൊതുവായ കുടുംബപ്പേര് ആയത്? എന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം. മോദി എന്ന കുടുംബപ്പേര് ഉപയോഗിച്ച് രാഹുല്‍ ഗാന്ധി വ്യക്തികളെ അപമാനിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്‌തെ ചൂണ്ടിക്കാട്ടി മുന്‍ ബിജെപി നിയമസഭാംഗം പൂര്‍ണേഷ് മോദിയാണ് അപകീര്‍ത്തിക്കേസ് നല്‍കിയത്.

Tags:    

Similar News