എസ്ഡിപിഐയുടെ ഭാഗത്ത്‌നിന്നു വീഴ്ചകളുണ്ടായിട്ടില്ല; നിലപാട് വ്യക്തമാക്കി തിരഞ്ഞെടുപ്പ് കമ്മീഷന്‍

'പോപുലര്‍ ഫ്രണ്ടിനെതിരെ നടപടിയെടുക്കുന്നത് ഞങ്ങള്‍ക്കറിയാം. എസ്ഡിപിഐ ആവശ്യമായ എല്ലാ രേഖകളും സമര്‍പ്പിച്ചിട്ടുണ്ട്. ഇത് വരെ നടപടിയെടുക്കാനാവശ്യമായ ബന്ധം പോപുലര്‍ ഫ്രണ്ടും എസ്ഡിപിഐയും തമ്മില്‍ കണ്ടെത്താനായിട്ടില്ല. അവരുടെ ഭാഗത്ത് നിന്ന് വീഴ്ചയൊന്നും ഉണ്ടായിട്ടില്ല'- രാജീവ് കുമാര്‍ പറഞ്ഞു.

Update: 2022-10-03 14:56 GMT

ന്യൂഡല്‍ഹി: ബിജെപി നേതൃത്വം നല്‍കുന്ന കേന്ദ്ര ഭരണകൂടം നിരോധിച്ച പോപുലര്‍ ഫ്രണ്ടും രാഷ്ട്രീയ പാര്‍ട്ടിയായ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ)യും തമ്മില്‍ എന്തെങ്കിലും ബന്ധമുള്ളതായി കണ്ടെത്താനായില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. പോപുലര്‍ ഫ്രണ്ടിനും അനുബന്ധ സംഘടനകള്‍ക്കും എതിരേ സര്‍ക്കാര്‍ ഏജന്‍സികള്‍ കടുത്ത വേട്ട തുടരുന്നതിനിടെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതികരണം.

കഴിഞ്ഞ മാസം 28നാണ് സുരക്ഷാഭീഷണി, ഭീകരബന്ധവും എന്നിവ ആരോപിച്ച് കേന്ദ്രഭരണകൂടം പിഎഫ്‌ഐയെയും അതിന്റെ അനുബന്ധ സംഘടനകളേയും അഞ്ച് വര്‍ഷത്തേക്ക് നിരോധിച്ചത്. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമ (യുഎപിഎ) പ്രകാരം മൊത്തം ഒമ്പത് സംഘടനകളെയാണ് 'നിയമവിരുദ്ധം' എന്ന് പ്രഖ്യാപിച്ചത്.

എസ്ഡിപിഐ ആവശ്യമായ എല്ലാ രേഖകളും സമര്‍പ്പിച്ചിട്ടുണ്ടെന്നും ഇതുവരെ പിഎഫ്‌ഐയും എസ്ഡിപിഐയും തമ്മില്‍ നടപടി ആവശ്യമായ യാതൊരു ബന്ധവും കണ്ടെത്താനായില്ലെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ ഇന്ത്യ ടുഡേയോട് പറഞ്ഞു.

'പോപ്പുലര്‍ ഫ്രണ്ടിനെതിരെ നടപടിയെടുക്കുന്നത് ഞങ്ങള്‍ക്കറിയാം. എസ്ഡിപിഐ ആവശ്യമായ എല്ലാ രേഖകളും സമര്‍പ്പിച്ചിട്ടുണ്ട്. ഇത് വരെ നടപടിയെടുക്കാനാവശ്യമായ ബന്ധം പോപ്പുലര്‍ ഫ്രണ്ടും എസ്ഡിപിഐയും തമ്മില്‍ കണ്ടെത്താനായിട്ടില്ല. അവരുടെ ഭാഗത്ത് നിന്ന് വീഴ്ചയൊന്നും ഉണ്ടായിട്ടില്ല'- രാജീവ് കുമാര്‍ പറഞ്ഞു.

2009 ജൂണ്‍ 21നാണ് എസ്ഡിപിഐ രൂപീകരിച്ചത്. 2010 ഏപ്രില്‍ 13നാണ് ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പാര്‍ട്ടി രജിസ്റ്റര്‍ ചെയ്തത്. ഇതുവരെ, കേരളം, തമിഴ്‌നാട്, രാജസ്ഥാന്‍, ബീഹാര്‍, മധ്യപ്രദേശ്, കര്‍ണാടക, പശ്ചിമ ബംഗാള്‍, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിലെ മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലും ഗ്രാമപ്പഞ്ചായത്തുകളിലും എസ്ഡിപിഐക്ക് ജനപ്രതിനിധികളുണ്ട്.

മുസ്‌ലിംകള്‍, ദലിതുകള്‍, പിന്നാക്ക വിഭാഗങ്ങള്‍, ആദിവാസികള്‍ എന്നിവരുള്‍പ്പെടെ എല്ലാ പൗരന്മാരുടെയും പുരോഗതിക്കും ഏകീകൃതമായ വികസനത്തിനും വേണ്ടിയാണ് പാര്‍ട്ടി രൂപീകരിച്ചതെന്നും സ്വതന്ത്രാനന്തര ഇന്ത്യയെക്കുറിച്ചുള്ള സമഗ്രമായ പഠനത്തിനും വിശകലനത്തിനും ശേഷം രൂപപ്പെട്ട പുതിയ രാഷ്ട്രീയ കാഴ്ചപ്പാടിനെയാണ് തങ്ങള്‍ പ്രതിനിധീകരിക്കുന്നതെന്നും പാര്‍ട്ടി വ്യക്തമാക്കിയിരുന്നു.

Tags:    

Similar News