എന്‍എസ്എസിനെതിരേ ഒ രാജഗോപാല്‍; സുകുമാരന്‍ നായര്‍ ഈഴവ വിരോധിയെന്ന് വെള്ളാപ്പള്ളി

സുകുമാരന്‍ നായര്‍ ഈഴവ വിരോധിയാണെന്നും സവര്‍ണനെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കം ഇപ്പോള്‍ തന്നെ തുടങ്ങിയെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു

Update: 2019-10-17 10:43 GMT

തിരുവനന്തപുരം: എന്‍എസ്എസിനെതിരേ രൂക്ഷവിമര്‍ശനവുമായി ബിജെപി നേതാവ് ഒ രാജഗോപാലും എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളിയും രംഗത്ത്. യുഡിഎഫ് സ്ഥാനാര്‍ഥിക്ക് വേണ്ടി വോട്ട് ചെയ്യണമെന്ന് ആഹ്വാനം ചെയ്തത് നിയമവിരുദ്ധമാണെന്നും അതിനവര്‍ക്ക് അവകാശമില്ലെന്നും ഒ രാജഗോപാല്‍ എംഎല്‍എ പറഞ്ഞു. എന്‍എസ്എസ് ആഹ്വാനം വട്ടിയൂര്‍ക്കാവിനെ മാത്രം ഉദ്ദേശിച്ചല്ല. ജാതിമത സംഘടനകള്‍ തിരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്ക് വോട്ട് ചെയ്യണമെന്ന് ആഹ്വാനം ചെയ്യുന്നത് നിയമവിരുദ്ധമാണ്. അക്കാര്യം മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറുടെ നിലപാടിനെ സ്വാഗതം ചെയ്യുന്നു. സമുദായ സംഘടനകള്‍ക്ക് അവരുടേതായ പങ്കുണ്ട്. എന്നാല്‍ രാഷ്ട്രീയത്തില്‍ ഏതെങ്കിലുമൊരു പാര്‍ട്ടിക്ക് വോട്ട് ചെയ്യണമെന്ന് പറയാന്‍ അവകാശമില്ല. വ്യക്തിപരമായി ആര്‍ക്ക് വേണമെങ്കിലും പ്രവര്‍ത്തിക്കാമെന്നും അദ്ദേഹം പറഞ്ഞു.

    അതേസമയം, സുകുമാരന്‍ നായര്‍ ഈഴവ വിരോധിയാണെന്നും സവര്‍ണനെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കം ഇപ്പോള്‍ തന്നെ തുടങ്ങിയെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. എന്‍എസ്എസ് നേതൃത്വത്തിന്റെ ചിന്തകള്‍ കാടത്തമാണ്. ജാതി നോക്കിയാണ് എന്‍എസ്എസ് പിണറായിയെയും വിഎസിനെയും അധിക്ഷേപിക്കുന്നത്. മാടമ്പിത്തരം എക്കാലവും സഹിച്ചുനില്‍ക്കുമെന്നു കരുതേണ്ട. ഉച്ചനീചത്വം തിരികെ കൊണ്ടുവരാന്‍ ശ്രമിക്കുകയാണ്. എല്‍ഡിഎഫ് എന്തെങ്കിലും തന്നിട്ടല്ല പിന്തുണച്ചതെന്നും വെള്ളാപ്പള്ളി പറഞ്ഞു. ജാതി പറഞ്ഞ് വോട്ട് പിടിക്കുന്നതിനെതിരേ തിരഞ്ഞടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടിരുന്നു.



Tags:    

Similar News