ജമ്മു കശ്മീര്‍ ഗ്രാമത്തിലെ പോലിസ് അഴിഞ്ഞാട്ടം കാമറയില്‍ കുടുങ്ങി; റിപോര്‍ട്ട് തേടി ഉന്നത പോലിസ് ഉദ്യോഗസ്ഥന്‍

ശ്രീനഗറില്‍നിന്ന് 11 കി.മീറ്റര്‍ അകലെയുള്ള നസ്‌റുല്ലപോറ പഞ്ചായത്തിലാണ് 40 ട്രക്കുകളിലെത്തിയ പോലിസുകാര്‍ ആക്രമണം അഴിച്ചുവിട്ടത്.

Update: 2020-05-13 09:11 GMT

ശ്രീനഗര്‍: ജമ്മു കശ്മീര്‍ ഗ്രാമത്തില്‍ പോലിസുകാര്‍ കടകളും വീടുകളും തകര്‍ക്കുന്നത് ക്യാമറയില്‍ കുടുങ്ങി. കഴിഞ്ഞ വെള്ളിയാഴ്ച ജുമുഅ പ്രാര്‍ഥന തടസ്സപ്പെടുത്താന്‍ ശ്രമിച്ച മുതിര്‍ന്ന ഉദ്യോഗസ്ഥരില്‍ ഒരാള്‍ ആക്രമിക്കപ്പെട്ടതിനു പിന്നാലെയാണ് പോലിസുകാരെത്തി നിരവധി കടകളും വീടുകളും തകര്‍ത്തത്. ശ്രീനഗറില്‍നിന്ന് 11 കി.മീറ്റര്‍ അകലെയുള്ള നസ്‌റുല്ലപോറ പഞ്ചായത്തിലാണ് 40 ട്രക്കുകളിലെത്തിയ പോലിസുകാര്‍ ആക്രമണം അഴിച്ചുവിട്ടത്. കണ്ണില്‍കണ്ട കടകളും വീടുകളും തകര്‍ത്ത സംഘം വാഹനങ്ങളും അടിച്ചുതകര്‍ത്തു. നിരവധി വിലപിടിപ്പുള്ള സാധനങ്ങളും പോലിസുകാര്‍ കൊള്ളയടിച്ചതായി ഗ്രാമീണര്‍ ആരോപിച്ചിരുന്നു.

വെള്ളിയാഴ്ചയിലെ ജുമുഅ പ്രാര്‍ഥന തടയാന്‍ പോലിസ് ശ്രമിച്ചതോടെയാണ് മേഖലയില്‍ സംഘര്‍ഷമുണ്ടായത്. ഗ്രാമീണരുടെ ആക്രമണത്തില്‍ മുതിര്‍ന്ന പോലിസ് ഓഫിസര്‍ക്ക് പരിക്കേറ്റിരുന്നു. ഇതിനു പിന്നാലെയാണ് പോലിസ് ഗ്രാമത്തിലെത്തി അഴിഞ്ഞാടിയത്.

'വെള്ളിയാഴ്ച പ്രാര്‍ത്ഥന തടയാന്‍ ശ്രമിച്ച ബഡ്ഗാം ഡപ്യൂട്ടി പോലിസ് സൂപ്രണ്ട് ആക്രമിക്കപ്പെട്ടു. പിന്നാലെ ഉച്ചയ്ക്ക് മൂന്നു മണിയോടെ 40 ഓളം ട്രക്കില്‍ വന്നിറങ്ങിയ പോലിസുകാര്‍ വീടുകളും കടകളും ആക്രമിക്കുകയായിരുന്നുവെന്ന് നസ്‌റുല്ലപോറ പഞ്ചായത്ത് സര്‍പഞ്ച് ഗുലാം മുഹമ്മദ് ദാര്‍ അനുസ്മരിച്ചു.

ഒരു മൊബൈല്‍ ഫോണില്‍ റെക്കോര്‍ഡുചെയ്ത ഒരു വീഡിയോയില്‍, പോലിസുകാര്‍ ഒരു കടയില്‍ നിന്ന് സാധനങ്ങള്‍ പുറത്തെടുത്ത് കത്തിക്കുന്നത് കാണാം. വീഡിയോ റെക്കോര്‍ഡുചെയ്യുന്നവരേയും വീഡിയോയുടെ അവസാന ഭാഗത്ത് പോലിസ് അക്രമിക്കുന്നുണ്ട്.

വീടുകളില്‍ നിന്നുള്ള വിലപിടിപ്പുള്ള വസ്തുക്കളും കടകളില്‍ നിന്നുള്ള സാധനങ്ങളും കൊള്ളയടിക്കപ്പെട്ടതായി ഗ്രാമവാസികള്‍ ആരോപിക്കുന്നു. പോലിസുകാരന്‍ ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് പ്രദേശത്ത് നിരന്തരം റെയ്ഡ് നടത്തിവരികയാണെന്നും നാട്ടുകാര്‍ ആരോപിച്ചു.

സംഭവത്തില്‍ ബഡ്ഗാം പോലിസില്‍നിന്നു റിപ്പോര്‍ട്ട് തേടിയതായി ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് വിജയ് കുമാര്‍ പറഞ്ഞു. 

Tags:    

Similar News