പോപുലര്‍ ഫ്രണ്ട് വേട്ട; അറസ്റ്റിലായവരില്‍ സിഎഎ സമര നായികയും എസ്ഡിപിഐ നേതാവുമായ ഷാഹിന്‍ കൗസറും
ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നിന് ഷഹീന്‍ ബാഗിലെ ഫ്‌ലാറ്റില്‍ നിന്നാണ് എന്‍ഐഎ ഇവരെ അറസ്റ്റ് ചെയ്തത്.
ന്യൂഡല്‍ഹി: ബിജെപി നേതൃത്വം നല്‍കുന്ന കേന്ദ്രസര്‍ക്കാര്‍ രാജ്യവ്യാപകമായി നടത്തിവരുന്ന പോപുലര്‍ ഫ്രണ്ട് വേട്ടയില്‍ അറസ്റ്റിലായവരില്‍ സിഎഎ സമരത്തിലെ മുന്നണിപ്പോരാളിയും എസ്ഡിപിഐ നേതാവുമായ ഷാഹിന്‍ കൗസറും. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നിന് ഷഹീന്‍ ബാഗിലെ ഫ്‌ലാറ്റില്‍ നിന്നാണ് എന്‍ഐഎ ഇവരെ അറസ്റ്റ് ചെയ്തത്.
'ഇന്ന് (സെപ്റ്റംബര്‍ 27) പുലര്‍ച്ചെ 3.30ന് തന്നെ അറസ്റ്റ് ചെയ്തു. ദയവായി തന്നെ പ്രാര്‍ത്ഥനയില്‍ ഉള്‍പ്പെടുത്തുക'- ഷഹീന്‍ കൗസര്‍ തന്റെ ടൈംലൈനില്‍ പോസ്റ്റ് ചെയ്തിരുന്നു. ഷഹീന്‍ കൗസറിന്റെ കുടുംബം പറയുന്നതനുസരിച്ച്, എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റിനെ എന്‍ഐഎയുടെ പ്രത്യേക സംഘവും ലോക്കല്‍ പോലിസും ചേര്‍ന്ന് പുലര്‍ച്ചെ മൂന്നോടെ അവരുടെ വീട്ടില്‍ റെയ്ഡ് ചെയ്ത ശേഷം രാവിലെ അഞ്ച് മണിക്ക് ജയിലിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന്, ഇന്ന് രാവിലെ ഏഴിന് അവളെ വീണ്ടും കസ്റ്റഡിയിലെടുത്ത് ലജ്പത് നഗര്‍ പോലീസിലേക്ക് മാറ്റി. ഷാഹിന്‍ ബാഗ് സിഎഎ പ്രതിഷേധത്തിനിടെ ഷാഹിന്‍ വളരെ സജീവമായിരുന്നു.
സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് ഷഹീന്‍ കൗസര്‍, സംസ്ഥാന സെക്രട്ടറി സമീര്‍ ഖാന്‍, അബ്ദുള്ള, മുഹമ്മദ് ഷൊയ്ബ്, എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് ഡോ. ഐ എ ഖാന്‍, സെനറല്‍ സെക്രട്ടറി എം ഡി ഇമാമും വാരിസ് ഖാനും ഷഹീന്‍ ബാഗില്‍ നിന്ന് തടവിലാക്കിയ നേതാക്കളില്‍ ഉള്‍പ്പെടുന്നു.
തിങ്കളാഴ്ച രാത്രി നടന്ന ഓപ്പറേഷനില്‍ 30 ലധികം പിഎഫ്‌ഐ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തതായും അവരെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തുവരികയാണെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട പ്രതിഷേധം കണക്കിലെടുത്താണ് ന്യൂ ഫ്രണ്ട്‌സ് കോളനിയിലും ജാമിയയിലും സെക്ഷന്‍ 144 നടപ്പിലാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.