ഓസ്‌കര്‍ പുരസ്‌കാര ജേതാക്കളെ അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം
ലോസാഞ്ചലസിലെ ഡോള്‍ബി തിയേറ്ററില്‍ യുഎസ് സമയം ഇന്ന് രാത്രി(ഇന്ത്യന്‍ സമയം, തിങ്കളാഴ്ച്ച രാവിലെ 6.30ന്)യാണ് 91ാമത് അക്കാദമി അവാര്‍ഡ് ജേതാക്കളെ പ്രഖ്യാപിക്കുക. ലോകമെമ്പാടും ചടങ്ങിന്റെ തല്‍സമയ സംപ്രേക്ഷണമൊരുക്കിയിട്ടുണ്ട്.
ലോസാഞ്ചലസ്: ചലചിത്രമേഖലയിലെ ഏറ്റവും വലിയ പുരസ്‌കാരമായ ഓസ്‌കര്‍ ജേതാക്കള്‍ ആരെന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ലോസാഞ്ചലസിലെ ഡോള്‍ബി തിയേറ്ററില്‍ യുഎസ് സമയം ഇന്ന് രാത്രി(ഇന്ത്യന്‍ സമയം, തിങ്കളാഴ്ച്ച രാവിലെ 6.30ന്)യാണ് 91ാമത് അക്കാദമി അവാര്‍ഡ് ജേതാക്കളെ പ്രഖ്യാപിക്കുക. ലോകമെമ്പാടും ചടങ്ങിന്റെ തല്‍സമയ സംപ്രേക്ഷണമൊരുക്കിയിട്ടുണ്ട്.
മികച്ച സംവിധായകനും നടിക്കും ഉള്‍പ്പെടെ 10 നാമനിര്‍ദേശങ്ങള്‍ നേടിയ ദി ഫേവറിറ്റും റോമയുമാണ് പ്രധാന ശ്രദ്ധാ കേന്ദ്രങ്ങള്‍. എട്ട് നാമനിര്‍ദേശങ്ങളുമായി എ സ്റ്റാര്‍ ഈസ് ബോണും വൈസും തൊട്ടുപിന്നാലെയുണ്ട്. ഏഴ് നാമനിര്‍ദേശങ്ങളുമായി ബ്ലാക്ക് പാന്തര്‍. ആറ് നാമനിര്‍ദേശങ്ങളുള്ള ബ്ലാക്ക് ക്ലാന്‍സ്മാന്‍ ആണ് മറ്റൊരു ശ്രദ്ധേയ ചിത്രം. തിയേറ്ററുകളില്‍ ജനംഇടിച്ചു കയറിയ ബൊഹീമിയന്‍ റാപ്‌സഡിയും ഗ്രീന്‍ ബുക്കും മികച്ച ചിത്രത്തിനായുള്ള മല്‍സരത്തിലുണ്ട്.
പോപ് സംഗീത രംഗത്ത് നിന്ന് അഭിനയത്തിലേക്ക് വന്ന് ലേഡി ഗാഗയാണ് ഇക്കുറി മികച്ച നടിക്കുള്ള പുരസ്‌കാര പട്ടികയില്‍ മുന്നില്‍ നില്‍ക്കുന്നത്. എ സ്റ്റാര്‍ ഈസ് ബോണ്‍ എന്ന ചിത്രത്തില്‍ ഗാഗ ശ്രദ്ധേയ പ്രകടനമാണ് കാഴ്ച്ചവച്ചത്.
ഓസ്‌കറിന് നാമനിര്‍ദേശം ചെയ്യപ്പെട്ട ചിത്രങ്ങള്‍
1. റോമ
അല്‍ഫോണ്‍സോ കുവാറോണ്‍ സംവിധാനം ചെയ്ത് ചിത്രമായ, റോമ മെക്‌സിക്കോയിലെ തന്റെ തന്നെ ബാല്യകാലമാണ് പറയുന്നത്. നെറ്റ്ഫഌക്‌സ് സ്ട്രീം ചെയ്ത ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രമാണിത്. സ്ട്രീമിങിലൂടെ വിതരണം ചെയ്യപ്പെട്ട് അവാര്‍ഡിനെത്തുന്ന ആദ്യ ചിത്രം കൂടിയാണിത്. മികച്ച വിദേശ ഭാഷാ ചിത്രം, മികച്ച സംവിധായകന്‍, മികച്ച നടി, സഹനടി തുടങ്ങി 10 നാമനിര്‍ദേശങ്ങളാണ് ഈ ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.
2. ഗ്രീന്‍ ബുക്ക്
ജാസ് പിയാനിസ്റ്റ് ഡോണ്‍ ഷെര്‍ലിയുടെയും അദ്ദേഹത്തിന്റെ ഡ്രൈവറും ബോഡിഗാര്‍ഡുമായ ടോണി വലെലോംഗയുടെയും കഥ പറയുന്ന ചിത്രത്തില്‍ വിഗോ മോര്‍ടന്‍സനും മഹര്‍ഷല അലിയുമാണ് പ്രധാന വേഷത്തില്‍.
റോമയെ പോലെ ഗോള്‍ഡന്‍ ഗ്ലോബിസും പ്രൊഡ്യൂസേഴ്‌സ് ഗില്‍ഡ് അവാര്‍ഡിലും മികച്ച ചിത്രത്തിനുള്ള അംഗീകാരം നേടിയതാണ് ഗ്രീന്‍ ബുക്ക്. മോര്‍ട്ടന്‍സനും അലിയും ഈ ചിത്രത്തിലൂടെ മികച്ച നടുനം മികച്ച സഹ നടനുമുളള നാമനിര്‍ദേശങ്ങള്‍ നേടിയിട്ടുണ്ട്.
3. ബൊഹീമിയന്‍ റാപ്‌സോഡി
മികച്ച ചിത്രത്തിനുള്ള നാമിര്‍ദേശം ലഭിച്ച മൂന്നാമത്തെ ചിത്രമാണ് ബൊഹീമിയന്‍ റാപ്‌സോഡി. റോക്ക് ബാന്‍ഡായ ക്യൂന്‍സിനെ നയിച്ചിരുന്ന ഫ്രെഡ്ഡി മെര്‍ക്കുറിയുടെ ജീവിത കഥയാണിത്. ചിത്രത്തില്‍ തകര്‍ത്തഭിനയിച്ച റാമി മലെക് മികച്ച നടനുള്ള നാമനിര്‍ദേശവും നേടിയിട്ടുണ്ട്.
4. ബ്ലാക്ക്ക്ലാന്‍സ്മാന്‍
മറ്റൊരു ജീവചരിത്രമാണ് സ്‌പൈക്ക് ലീയുടെ ബ്ലാക്ക്ക്ലാന്‍സ്മാന്‍. കുക്ലക്‌സ് ക്ലാന്‍ എന്ന വെള്ള വംശീയവാദികളുടെ ഉള്ളറകള്‍ ചുഴിഞ്ഞെടുക്കാന്‍ നിയോഗിതനായ കോളറാഡോ സ്പ്രിങ്‌സ് പോലിസ് ഡിപാര്‍ട്ട്‌മെന്റിലെ ആഫ്രിക്കന്‍ അമേരിക്കന്‍ ഡിറ്റക്ടീവ് റോണ്‍ സ്റ്റാള്‍വര്‍ത്തിന്റെ ജീവിതകഥയാണിത്.
സ്‌പൈക്ക് ലീയുടെ ചിത്രം ആദ്യമായാണ് അവാര്‍ഡിന് പരിഗണിക്കപ്പെടുന്നത്. മികച്ച ചിത്രത്തിന് പുറമേ മികച്ച സംവിധായകന്‍, മികച്ച സഹനടന്‍, മികച്ച തിരക്കഥ എന്നിവയ്ക്കുള്ള നാമനിര്‍ദേശങ്ങളും ചിത്രത്തിനു ലഭിച്ചിട്ടുണ്ട്.
5. ബ്ലാക്ക് പാന്തര്‍
മാര്‍വല്‍ സിനിമാറ്റിക്ക് യൂനിവേഴ്‌സിന്റെ ബ്ലാക്ക് പാന്തര്‍ മികച്ച ചിത്രത്തിനുള്ള നാമനിര്‍ദേശം ലഭിക്കുന്ന ആദ്യ സൂപ്പര്‍ഹീറോ ചിത്രമാണ്. ചാഡ്വിക്ക് ബോസ്മാന്‍ കിങ് ടിചല്ലയുടെ(ബ്ലാക്ക് പാന്തര്‍) വേഷമണിയുന്ന ചിത്രത്തിന് മികച്ച കോസ്റ്റിയൂം, മികച്ച ഒറിജിനല്‍ സ്‌കോര്‍ ഉള്‍പ്പെടെ ഏഴ് നാമനിര്‍ദേശങ്ങള്‍ ലഭിച്ചിട്ടുണ്ട്.
6. ദി ഫേവറിറ്റ്
10 നാമനിര്‍ദേശങ്ങളുമായി കുവാറോണിന്റെ റോമയുമായി കടുത്ത മല്‍സരം കാഴ്ച്ചവയ്ക്കാനിടയുള്ള ചിത്രമാണ് ദി ഫേവറിറ്റ്. കറുത്ത ഹാസ്യം അടിസ്ഥാനമാക്കിയുള്ള ചിത്രം നായികാപ്രധാനമാണ്. മികച്ച ചിത്രത്തിന് പുറമേ സംവിധായകന്‍, നടി, സഹനടി, തിരക്കഥ, ഛായാഗ്രഹണം തുടങ്ങിയവയ്ക്കും ചിത്രം നാമനിര്‍ദേശം ചെയ്യപ്പെട്ടിട്ടുണ്ട്.
7. വൈസ്
മുന്‍ യുഎസ് വൈസ് പ്രസിഡന്റ് ഡിക്ക് ചെനിയുടെ ജീവിത കഥയെ ആസ്പദമാക്കിയുള്ള ഹാസ്യ ചിത്രമാണ് വൈസ്. മികച്ച സംവിധായകന്‍, നടന്‍, സഹ നടന്‍, സഹ നടി, തിരക്കഥ തുടങ്ങിയവയ്ക്കും ചിത്രം നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട്.
8. എ സ്റ്റാര്‍ ഈസ് ബോണ്‍
ലേഡി ഗാഗയുടെയും ബ്രാഡ്‌ലി കൂപ്പറിന്റെയും മികച്ച പ്രകടനം കൊണ്ട് ശ്രദ്ധേയമായ എ സ്റ്റാര്‍ ഈ ബോണ്‍ ആണ് മല്‍സര രംഗത്തുള്ള മറ്റൊരു ചിത്രം. 1937ലെ ചിത്രത്തിന്റെ അതേപേരിലുള്ള റീമേക്കാണ് ഈ സിനിമ. 1954ലും 1976ലും ഇതിന് മുമ്പ് റീമേക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. 2013ല്‍ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രം ആശിഖി 2 ഏതാണ്ട് സമാന കഥ പറയുന്ന സിനിമയാണ്. എ സ്റ്റാര്‍ ഈസ് ബോണിനും എട്ട് നാമനിര്‍ദേശങ്ങള്‍ ലഭിച്ചിട്ടുണ്ട്. മികച്ച ചിത്രത്തിന് പുറമേ നടന്‍, നടി, സഹ നടന്‍, തിരക്കഥ തുടങ്ങിയ വിഭാഗങ്ങളിലാണ് നാമനിര്‍ദേശം.
ഇന്‍ക്രെഡിബ്ള്‍സ്2, ഐല്‍ ഓഫ് ഡോഗ്‌സ്, മിറായി, റാല്‍ഫ് ബ്രേക്ക്‌സ് ദി ഇന്റര്‍നെറ്റ്, സ്‌പൈഡര്‍മാന്‍ ഇന്‍ടുദി സ്‌പൈഡര്‍വേഴ്‌സ് തുടങ്ങിയ ചിത്രങ്ങളാണ് മികച്ച ആനിമേഷന്‍ ചിത്രങ്ങളുടെ മല്‍സര വിഭാഗത്തിലുള്ളത്.
ഇത്തവണത്തെ ഓസ്‌കര്‍ അവതാരകനായി നിയോഗിക്കപ്പെട്ടിരുന്ന കെവിന്‍ ഹാര്‍ട്ട്, ഗേ വിരുദ്ധ പരാമര്‍ശത്തെ തുടര്‍ന്ന് ഒഴിവാക്കപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ പ്രത്യേക അവതാരകന്‍ ഇല്ലാതെയാണ് ഓസ്‌കര്‍ പ്രഖ്യാപനമുണ്ടാവുക എന്നാണ് അറിയുന്നത്.