മാങ്ങാ മോഷണക്കേസ് ഒത്തുതീര്‍പ്പായി; തുടര്‍നടപടി അവസാനിപ്പിക്കാന്‍ അനുമതി
കേസ് ഒത്തുതീര്‍ക്കരുതെന്ന പോലിസ് റിപോര്‍ട്ട് തള്ളിയാണ് കോടതി നടപടി.
കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ പോലിസുകാരന്‍ പ്രതിയായ മാങ്ങാ മോഷണക്കേസ് ഒത്തുതീര്‍ക്കുന്നതിന് കോടതിയുടെ അനുമതി. മാങ്ങ നഷ്ടപ്പെട്ട സംഭവത്തില്‍ പരാതിയില്ലെന്നും കേസ് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് കടയുടമ നല്‍കിയ അപേക്ഷ കോടതി അംഗീകരിച്ചു.
കേസ് ഒത്തുതീര്‍ക്കരുതെന്ന പോലിസ് റിപോര്‍ട്ട് തള്ളിയാണ് കോടതി നടപടി. കേസ് ഒത്തുതീര്‍പ്പാക്കിയാല്‍ സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും പ്രതി പോലിസുകാരനെന്നത് ഗൗരവതരമായ വസ്തുതയെന്നുമാണ് പോലിസ് റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയത്.
രണ്ടാഴ്ച മുന്‍പാണ് കാഞ്ഞിരപ്പളളിയിലെ കടയില്‍ നിന്ന് പോലിസ് ഉദ്യോഗസ്ഥന്‍ മാങ്ങാ മോഷ്ടിച്ചത്. സിസിടിവി കാമറയില്‍ കുടുങ്ങിയ ഉദ്യോഗസ്ഥന്‍ ഇടുക്കി എആര്‍ ക്യാംപിലെ സിവില്‍ പോലിസ് ഓഫീസര്‍ ഷിഹാബാണെന്ന് പിന്നീട് കണ്ടെത്തി. സംഭവത്തില്‍ കാഞ്ഞിരപ്പള്ളി പോലിസ് സ്വമേധയാ കേസ് എടുക്കുകയും അന്വേഷണ വിധേയമായി പോലിസുകാരനെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. ഇതോടെ ഇയാള്‍ ഒളിവില്‍ പോയി. ഇതിനിടെയാണ് പരാതിയില്ലെന്ന് കടയുടമ കോടതിയെ അറിയിച്ചത്.