പശുത്തൊഴുത്ത് പരിശോധിക്കാന്‍ വന്ന ബജ്‌റംഗ് ദളുകാരെ അടിച്ചോടിച്ച് നാട്ടുകാര്‍
മുസഫര്‍ നഗര്‍(യുപി): പശുത്തൊഴുത്ത് പരിശോധിക്കാന്‍ എത്തിയ ബജ്‌റംഗ്ദളുകാരെ അടിച്ചോടിച്ച് നാട്ടുകാര്‍. സംഭവത്തില്‍ ഗ്രാമത്തലവന്‍ ധര്‍മേന്ദ്ര അടക്കം 100 ഗ്രാമീണര്‍ക്കെതിരേ പോലിസ് കേസെടുത്തു. ഡിസംബര്‍ 24നാണ് മുസഫര്‍ നഗറിലെ ബദായ് കാല ഗ്രാമത്തില്‍ 36 ബജ്‌റംഗ്ദളുകാരെ ഗ്രാമീണര്‍ അടിച്ചത്. പരിക്കേറ്റ ഹിന്ദുത്വരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
പശുത്തൊഴുത്തിനെ ഗ്രാമീണര്‍ അവഗണിക്കുകയാണെന്നും വൃത്തിയില്ലെന്നും ആരോപിച്ചാണ് ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ പ്രകടനമായി ഗ്രാമത്തിലെത്തിയത്. തുടര്‍ന്ന് ഗ്രാമീണരെ ഭീഷണിപ്പെടുത്തി. ഇതോടെയാണ് 36 ബജ്‌റംഗ്ദളുകാരെ നാട്ടുകാര്‍ തല്ലിയോടിച്ചത്. ബജ്‌റംഗ് ദളുകാരെ ആക്രമിച്ചവര്‍ക്കെതിരേ ഭാരതീയ ന്യായ് സംഹിതയിലെ 191(കലാപം), 190(നിയമവിരുദ്ധ സംഘം ചേരല്‍), 131(അക്രമം), 115(പരിക്കേല്‍പ്പിക്കല്‍) തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ബജ്‌റംഗ്ദള്‍ നേതാവ് പങ്കജ് ദീപിന്റെ പരാതിയില്‍ റജിസ്റ്റര്‍ ചെയ്ത കേസില്‍ പട്ടികജാതി-പട്ടികവര്‍ഗ പീഡന നിരോധന നിയമത്തിലെയും മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയല്‍ നിയമത്തിലെയും വകുപ്പുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗ്രാമത്തില്‍ എത്തി ആക്രമണം അഴിച്ചുവിട്ടെന്ന ഗ്രാമീണരുടെ പരാതിയിലും കേസ് എടുത്തിട്ടുണ്ട്. രണ്ടു കേസുകളിലും അന്വേഷണം നടക്കുന്നതായി എസ്എച്ച്ഒ ജസ്‌വീര്‍ സിങ് പറഞ്ഞു.