ഇടത് സഹയാത്രികനായും ആര്‍എസ്എസ് ശാഖയിലും ഒരേസമയം; വിഴുപ്പിന്റെ ബോര്‍ഡ് എടുത്ത് മാറ്റിയ സിപിഐക്ക് അഭിവാദ്യങ്ങളെന്ന് പി വി അന്‍വര്‍

Update: 2021-07-20 09:41 GMT

കോഴിക്കോട്: സിപിഐയില്‍ നിന്നും പുറത്താക്കിയ അഡ്വ. എ ജയശങ്കറിനെതിരേ രൂക്ഷ വിമര്‍ശനവുമായി പി വി അന്‍വര്‍ എംഎല്‍എ. എ ജയശങ്കര്‍ ആര്‍എസ്എസ് പരിപാടികളില്‍ പങ്കെടുക്കുന്നയാളെന്ന് അന്‍വര്‍ തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ വിമര്‍ശിച്ചു.

'വൈകിട്ട് ഏതെങ്കിലും ആര്‍എസ്എസ് ശാഖയില്‍ പോയി ബൈഠക്കിലും രക്ഷാബന്ധനിലും പങ്കെടുക്കുന്നു..

രാത്രി ചാനല്‍ ജഡ്ജിമാര്‍ക്കൊപ്പം അല്‍പ്പം ചര്‍ച്ച. അവിടെയും പണി ഇടതുപക്ഷത്തെ കുരിശില്‍ കയറ്റല്‍.ഞാന്‍ സി.പി.ഐയും ഇടതുപക്ഷവുമാണെന്ന് പുട്ടിനൊക്കെ പീരയിടും പോലെയുള്ള ഇടയ്ക്കിടെയുള്ള ഓര്‍മ്മപ്പെടുത്തല്‍..!! ഈ വിഴുപ്പിന്റെ ബോര്‍ഡ് എടുത്ത് മാറ്റിയ സി.പി.ഐക്ക് അഭിവാദ്യങ്ങള്‍..'. പി വി അന്‍വര്‍ വിമര്‍ശിച്ചു.

ആര്‍എസ്എസ് സഹയാത്രികനും ഹിന്ദുത്വ അനുകൂലിയുമാണ് ജയശങ്കര്‍ എന്ന ആരോപണം നില നില്‍ക്കെയാണ് അദ്ദേഹം സിപിഐയില്‍ നിന്ന് പുറത്താവുന്നത്.

ജയ ശങ്കറിനെതിരേ നടപടി വേണമെന്ന് സിപിഐ നേതൃതലത്തില്‍ ആവശ്യമുയര്‍ന്നിരുന്നു. പൊതു വിഷയങ്ങളില്‍ ഹിന്ദുത്വ അനുകൂല സമീപനമാണ് ജയശങ്കര്‍ സ്വീകരിക്കുന്നതെന്ന് സിപിഐ നേതൃത്വത്തിന് നേരത്തെ പരാതി ലഭിച്ചിരുന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ഇടതുമുന്നണി സ്ഥാനാര്‍ഥികള്‍ക്കെതിരേ ചാനല്‍ ചര്‍ച്ചകളിലും വിരുദ്ധ നിലപാട് സ്വീകരിച്ചു എന്നും പരാതി ഉയര്‍ന്നു.

ഒരു പാര്‍ട്ടിയംഗം സ്വന്തം പാര്‍ട്ടിയുടെയും മുന്നണിയുടെയും സ്ഥാനാര്‍ഥികള്‍ പരാജയപ്പെടുമെന്ന് പ്രവചിക്കുകയും അതിനായി അഭിപ്രായ രൂപവത്കരണം നടത്തുകയും ചെയ്യുന്നത് അച്ചടക്കലംഘനമാണെന്നാണ് ആരോപണമുയര്‍ന്നത്. ചാലക്കുടിയില്‍ ഇടതുസ്ഥാനാര്‍ഥി നടന്‍ ഇന്നസെന്റിനെതിരായ ജയശങ്കറിന്റെ വീഡിയോ ക്ലിപ്പിങ്ങായിരുന്നു യുഡിഎഫിന്റെ പ്രധാന പ്രചാരണായുധം. പ്രചാരണ സമയത്ത് ചാനല്‍ ചര്‍ച്ചയില്‍ ജയശങ്കറിന്റെ അഭിപ്രായങ്ങള്‍ ബാധിച്ചെന്ന് സിപിഐ സ്ഥാനാര്‍ഥികളടക്കം പരാതിപ്പെട്ടിരുന്നു.

ചാനല്‍ ചര്‍ച്ചകളിലെ സ്ഥിരം സാന്നിധ്യമായ ജയശങ്കര്‍, ബിജെപിക്കെതിരായ ആരോപണങ്ങളോട് കണ്ണടക്കുകയോ മൃദു സമീപനം സ്വീകയിക്കുകയോ ആണ് പതിവ്. ഇടതു സഹയാത്രികന്റെ മേലങ്കിയണിച്ചായിരുന്നു ഇദ്ദേഹത്തിന്റെ ഹിന്ദുത്വ പ്രീണനം. ബജെപി നേതാവ് കെ സുരേന്ദ്രനുമായി അടുത്ത ബന്ധമാണ് ജയശങ്കറിന്. സര്‍ക്കാരിനെതിരേയും മുഖ്യമന്ത്രി പിണറായി വിജയന്റെ കടുത്ത വിമര്‍ശകനാണ്.

പാര്‍ട്ടിവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല എന്ന ജയശങ്കറിന്റെ വിശദീകരണം തള്ളിയാണ് അദ്ദേഹത്തിനെതിരായ നടപടി. 1986 മുതല്‍ സിപിഐ അംഗമാണ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

രാവിലെ എണീക്കുന്നു..

ഇന്ന് സി.പി.ഐ.എമ്മിനേയും ഇടതുപക്ഷത്തേയും എങ്ങനെ കുറ്റം പറയാന്‍ കഴിയും എന്ന് ആലോചിക്കുന്നു.ചാനല്‍ ജഡ്ജിമാരെ വിളിച്ച് ത്രെഡ് പങ്കുവയ്ക്കുന്നു..

നേരേ കുളിച്ചൊരുങ്ങി ഏതെങ്കിലും യു.ഡി.എഫ് പരിപാടിയില്‍ പങ്കെടുത്ത് ഇടതുപക്ഷത്തെ തെറി പറയാന്‍ പോകുന്നു..

ഉച്ചയ്ക്ക് ശേഷം സ്വതന്ത്ര ഭാവമുള്ള ഏതെങ്കിലും തട്ടികൂട്ട് സംഘടന സര്‍ക്കാരിനെ ചീത്ത വിളിക്കാന്‍ സംഘടിപ്പിക്കുന്ന പരിപാടി ഉദ്ഘാടനം ചെയ്യുന്നു..

വൈകിട്ട് ഏതെങ്കിലും RSS ശാഖയില്‍ പോയി ബൈഠക്കിലും രക്ഷാബന്ധനിലും പങ്കെടുക്കുന്നു..

രാത്രി ചാനല്‍ ജഡ്ജിമാര്‍ക്കൊപ്പം അല്‍പ്പം ചര്‍ച്ച.അവിടെയും പണി ഇടതുപക്ഷത്തെ കുരിശില്‍ കയറ്റല്‍.ഞാന്‍ സി.പി.ഐയും ഇടതുപക്ഷവുമാണെന്ന് പുട്ടിനൊക്കെ പീരയിടും പോലെയുള്ള ഇടയ്ക്കിടെയുള്ള ഓര്‍മ്മപ്പെടുത്തല്‍..!!

ഈ വിഴുപ്പിന്റെ ബോര്‍ഡ് എടുത്ത് മാറ്റിയ സി.പി.ഐക്ക് അഭിവാദ്യങ്ങള്‍..



Full View

Tags:    

Similar News