ഒഐസി സമ്മേളനത്തിന് പാകിസ്താനില്‍ ഇന്നു തുടക്കം; കശ്മീരും ഫലസ്തീനും ചര്‍ച്ചയാകും
'ഐക്യത്തിനും നീതിക്കും വികസനത്തിനും വേണ്ടിയുള്ള പങ്കാളിത്തം കെട്ടിപ്പടുക്കുക' എന്ന ബാനറില്‍ ഇന്നും നാളെയുമായി പാക് തലസ്ഥാനമായ ഇസ്‌ലാമാബാദിലാണ് സമ്മേളനം നടക്കുന്നത്.
ഇസ്‌ലാമാബാദ്: 48ാമത് ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോഓപറേഷന്‍ (ഒഐസി) വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനത്തിന് പാകിസ്താന്‍ ആതിഥേയത്വം വഹിക്കും. ഒഐസി അംഗരാജ്യങ്ങളില്‍നിന്നുള്ള വിദേശകാര്യമന്ത്രിമാരും ഉന്നതതല വിശിഷ്ടാതിഥികളും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ഉള്‍പ്പെടെ നിരീക്ഷക രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികളും സമ്മേളനത്തില്‍ പങ്കെടുക്കും. ആഗോള തലത്തില്‍ 40 ഇസ്ലാമിക രാജ്യങ്ങള്‍ ഒത്തുകൂടുന്ന വേദിയാണ് ഒഐസി. 'ഐക്യത്തിനും നീതിക്കും വികസനത്തിനും വേണ്ടിയുള്ള പങ്കാളിത്തം കെട്ടിപ്പടുക്കുക' എന്ന ബാനറില്‍ ഇന്നും നാളെയുമായി പാക് തലസ്ഥാനമായ ഇസ്‌ലാമാബാദിലാണ് സമ്മേളനം നടക്കുന്നത്. പാക് പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ അവിശ്വാസ പ്രമേയത്തെ അഭിമുഖീകരിക്കുകയും അദ്ദേഹത്തിന്റെ രാജിക്കായുള്ള സമ്മര്‍ദ്ദം ഉയരുകയും ചെയ്യുന്ന നിര്‍ണായക സമയത്താണ് സമ്മേളനം.
ഉച്ചകോടിക്ക് മുന്നോടിയായി, ചൈനീസ് സ്‌റ്റേറ്റ് കൗണ്‍സിലറും വിദേശകാര്യ മന്ത്രിയുമായ വാങ് യി തിങ്കളാഴ്ച വിദേശകാര്യ ഓഫിസ് സന്ദര്‍ശിച്ച് പരസ്പര താല്‍പ്പര്യമുള്ള വിവിധ വിഷയങ്ങളില്‍ പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നു. ദ്വിദിന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷി വാങ്ങിനെ വിശിഷ്ടാതിഥിയായി ക്ഷണിക്കുകയും ചെയ്തു.
ഫലസ്തീന്‍, അല്‍ഖുദ്‌സ്, പ്രശ്‌നം ഉള്‍പ്പെടെ ഇസ്‌ലാമിക ലോകത്തെ വിവിധ വിഷയങ്ങളില്‍ അംഗീകരിച്ച പ്രമേയങ്ങള്‍ നടപ്പിലാക്കുന്നത് സംബന്ധിച്ച് ഒഐസി ജനറല്‍ സെക്രട്ടേറിയറ്റിന്റെ നിരവധി വിഷയങ്ങളും പ്രവര്‍ത്തനങ്ങളും വരാനിരിക്കുന്ന സെഷന്‍ ചര്‍ച്ച ചെയ്യുമെന്ന് ഒഐസി പ്രസ്താവനയില്‍ പറഞ്ഞു.
അഫ്ഗാനിസ്ഥാനിലെ സംഭവവികാസങ്ങളും അഫ്ഗാന്‍ ജനതയുടെ മാനുഷിക പ്രത്യാഘാതങ്ങളും ഉച്ചകോടി ചര്‍ച്ച ചെയ്യും. അതേസമയം, ഒഐസി സമ്മേളനത്തിന് ശേഷം ഇംറാന്‍ ഖാനോട് രാജിവയ്ക്കാന്‍ പാകിസ്താന്‍ സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടതായി റിപോര്‍ട്ടുകളുണ്ട്. അവിശ്വാസ പ്രമേയം പരിഗണിക്കാന്‍ പാര്‍ലമെന്റ് വിളിച്ചുകൂട്ടുന്നത് വൈകുന്നതിന്റെ ഔദ്യോഗിക കാരണമായി ചൂണ്ടിക്കാണിക്കുന്നത് ഒഐസി സമ്മേളനമാണ്.
അതേസമയം, ഇമ്രാന്‍ ഖാന്‍ പ്രഖ്യാപിച്ച 1.5 ബില്യണ്‍ യുഎസ് ഡോളറിന്റെ സബ്‌സിഡി പാക്കേജിന് എവിടെനിന്നു പണം ലഭിക്കുമെന്ന് അന്താരാഷ്ട്ര നാണയ നിധി (ഇന്റര്‍നാഷണല്‍ മണി ഫണ്ട്)പാകിസ്താനോട് വിശദീകരണം തേടിയിട്ടുണ്ട്.