പാലക്കാട്: സർവകക്ഷി സമാധാന യോഗത്തിൽ നിന്ന് ബിജെപി ഇറങ്ങിപ്പോയി

ജില്ല ഭരണകൂടത്തിന്‍റെ സമാധാന ശ്രമങ്ങൾ പ്രഹസനമാണെന്ന് ആരോപിച്ചായിരുന്നു ബിജെപിയുടെ നടപടി.

Update: 2022-04-18 11:40 GMT

പാലക്കാട്: രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ പാലക്കാട് വിളിച്ചുചേർത്ത സർവകക്ഷി സമാധാന യോഗത്തിൽ നിന്ന് ബിജിപി ഇറങ്ങിപ്പോയി. മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിൽ പാലക്കാട് കലക്ടറേറ്റിൽ തുടങ്ങിയ യോഗത്തിൽ നിന്നാണ് ബിജെപി പ്രതിനിധികൾ ഇറങ്ങിപ്പോയത്.

ജില്ല ഭരണകൂടത്തിന്‍റെ സമാധാന ശ്രമങ്ങൾ പ്രഹസനമാണെന്ന് ആരോപിച്ചായിരുന്നു ബിജെപിയുടെ നടപടി. പോലിസ് നടപടി തൃപ്തികരമല്ലെന്നും എന്നാൽ, സമാധാന ചർച്ചകൾക്ക് എതിരല്ലെന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാർ പറഞ്ഞു.

ബിജെപി പ്രവർത്തകർ കൊല്ലപ്പെട്ടപ്പോൾ ആരും സർവകക്ഷി യോഗം വിളിച്ചില്ല. രണ്ട് നീതിയാണ്. സഞ്ജിത്ത് വധക്കേസിലെ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്തിട്ടില്ല. ശ്രീനിവാസന്‍റെ കൊലപാതകത്തിന്‍റെ മുഴുവൻ ഉത്തരവാദിത്തം പോലിസിനാണ്.

അക്രമം ഉണ്ടാകുമെന്ന് മുൻകൂട്ടി അറിവുണ്ടായിട്ടും പോലിസ് യാതൊരു നടപടിയും സ്വീകരിച്ചില്ല. പട്ടാപ്പകൽ നടന്ന കൊലപാതകത്തിൽ ഒരു പ്രതിയെ പോലും പിടികൂടിയിട്ടില്ലെന്നും സി കൃഷ്ണകുമാർ മാധ്യമങ്ങളോട് പറഞ്ഞു.

Similar News