നാഗ്പൂര്‍ അക്രമം: വിഎച്ച്പിയേയും ബജ്‌റംഗ് ദളിനെയും നിരോധിക്കണമെന്ന് പപ്പു യാദവ്

Update: 2025-03-22 04:52 GMT
നാഗ്പൂര്‍ അക്രമം: വിഎച്ച്പിയേയും ബജ്‌റംഗ് ദളിനെയും നിരോധിക്കണമെന്ന് പപ്പു യാദവ്

ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ അക്രമം നടത്തിയ വിഎച്ച്പിയേയും ബജ്‌റംഗ്ദളിനെയും നിരോധിക്കണമെന്ന് ബിഹാറില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപി പപ്പു യാദവ്. സര്‍ക്കാര്‍ സംരക്ഷണയില്‍ പ്രവര്‍ത്തിക്കുന്ന ഈ സംഘടനകള്‍ രാജ്യത്തിന്റെ സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കുകയും സാമ്പത്തിക വളര്‍ച്ചയെ പിന്നോട്ടടിപ്പിക്കുകയാണെന്നും പപ്പു യാദവ് പറഞ്ഞു.

''ബജ്‌റംഗ്ദളിന്റെയും വിശ്വഹിന്ദു പരിഷത്തിന്റെയും പ്രവര്‍ത്തകര്‍ ഗുണ്ടകളാണ്. അവരെ നിരോധിക്കണം. അവരെ സര്‍ക്കാര്‍ സംരക്ഷിക്കുന്നു. അവരുടെ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെയും പുരോഗതിയെയും ഇപ്പോള്‍ ബാധിക്കുന്നുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു.''- പപ്പു യാദവ് പറഞ്ഞു.

കുറ്റവാളികളെ നേരിടാന്‍ ബിഹാറില്‍ 'യോഗി മോഡല്‍' നടപ്പിലാക്കണമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാറിനോട് ജെഡിയു നേതാവ് സഞ്ജീവ് കുമാര്‍ ആവശ്യപ്പെട്ടതിനെ കുറിച്ചും യാദവ് പ്രതികരിച്ചു.

''യോഗി മോഡല്‍ എന്നൊന്നില്ല. കുറ്റവാളികളെ ജാതിയുടെയോ മതത്തിന്റെയോ അടിസ്ഥാനത്തില്‍ തരംതിരിക്കാനാവില്ല.''-പപ്പു യാദവ് പറഞ്ഞു.

മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ഔറംഗസീബിന്റെ ഖബര്‍ നീക്കണമെന്നാവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്തും ബജ്‌റംഗ് ദളും നടത്തിയ പ്രതിഷേധത്തെ തുടര്‍ന്നാണ് നാഗ്പൂരില്‍ സംഘര്‍ഷമുണ്ടായത്. പക്ഷേ, കേസുകളില്‍ ഭൂരിഭാഗവും മുസ്‌ലിംകള്‍ക്കെതിരെയാണ് എടുത്തിരിക്കുന്നത്. കേസില്‍ പോലിസിന് പിടികൊടുത്ത ബജ്‌റംഗ് ദളുകാരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. അതേസമയം, മുസ്‌ലിംകള്‍ക്കെതിരേ രാജ്യദ്രോഹം അടക്കമുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസ്.

Similar News