സൗദിയില്‍ പാര്‍ക്കിങ് ഏരിയ ഭൂമിയിലേക്ക് ആണ്ടു; വാഹനങ്ങള്‍ക്ക് വന്‍ നാശനഷ്ടം(വീഡിയോ)
ദമ്മാം: സൗദി അറേബ്യയിലെ അല്‍ ഖോബാര്‍-ദമ്മാം ദേശീയപാതയില്‍ പാര്‍ക്കിങ് ഏരിയ ഭൂമിയിലേക്ക് താഴ്ന്ന് വാഹനങ്ങള്‍ക്ക് വന്‍ നാശനഷ്ടം. ഡിഎച്ച്എല്‍ സിഗ്‌നലിനു സമീപം അല്‍ സഈദ് ടവറിന്റെ വാഹന പാര്‍ക്കിങ് ഏരിയയാണ് പൂര്‍ണമായും മണ്ണിനടിയിലേക്ക് ആണ്ടുപോയത്. ഞായറാഴ്ച്ച ഉച്ചയോടെയാണു സംഭവം. അവിടെ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ പൂര്‍ണമായും ഭൂമിയിലേക്കാണ്ട് പോയി.
വിവരമറിഞ്ഞ് അഗ്നിശമന സേനയും പോലിസും മറ്റു സര്‍ക്കാര്‍ സംവിധാനങ്ങളും സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. ബഹുനില കെട്ടിടമായ അല്‍ സഈദ് ടവറില്‍ നിരവധി കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ടവര്‍ കെട്ടിടത്തിന് നിലവില്‍ കേടുപാടുകളുള്ളതായി വിവരങ്ങളൊന്നുമില്ല. ആളപായം റിപോര്‍ട്ട് ചെയ്യപ്പട്ടിട്ടില്ലെങ്കിലും അപകടത്തില്‍പെട്ട ചില വാഹനങ്ങളിലെങ്കിലും ആളുകള്‍ ഉണ്ടായിരിക്കാനുള്ള സാധ്യതയുണ്ടെന്നാണു സൂചന. ഖോബാര്‍ പ്രദേശത്തെ വളരെ തിരക്കുള്ള ടവറുകളൊന്നാണ് അല്‍ സഈദ് ടവര്‍.
നാലുപേര്‍ക്ക് പരിക്കേറ്റതായാണു റിപോര്‍ട്ട്. മണ്ണിടിഞ്ഞതാണ് അപകടകാരണമെന്നാണ് റെഡ് ക്രസന്റ് അധികൃതരുടെ നിഗമനം. സമീപത്തെ പൈലിങാണ് മണ്ണിടിച്ചിലിനു കാരണമെന്നാണു സംശയം. കെട്ടിടത്തില്‍നിന്നു എല്ലാവരോടും ഒഴിയാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്ഥലത്ത് പോലിസ് കാവലേര്‍പ്പെടുത്തിയിട്ടുണ്ട്.
Parking area was grounded n Saudi Arabia, Heavy damage to vehicles