സഞ്ജയ് റാവത്തിന്റെ വീട്ടില്‍ ഇഡി റെയ്ഡ്; പ്രതിഷേധവുമായി ശിവസേന പ്രവര്‍ത്തകര്‍
ഇഡി ചോദ്യം ചെയ്യുന്നതിനെതിരേ വ്യാപക പ്രതിഷേധവുമായി ശിവസേന പ്രവര്‍ത്തകര്‍ രംഗത്തെത്തി. റാവത്തിന് പിന്തുണയുമായി നൂറുകണക്കിന് പ്രവര്‍ത്തകരാണ് വീടിനുമുന്നിലെത്തിയത്.
മുംബൈ: ശിവസേന നേതാവ് സഞ്ജയ് റാവത്തിന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലാണ് ഇഡി പരിശോധന. ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് രണ്ടുതവണ റാവുത്തിന് ഇഡി സമന്‍സ് നല്‍കിയിരുന്നു. എന്നാല്‍ അദ്ദേഹം ഹാജരാകാന്‍ കൂട്ടാക്കിയിരുന്നില്ല.
അതേസമയം, ഇഡി ചോദ്യം ചെയ്യുന്നതിനെതിരേ വ്യാപകപ്രതിഷേധവുമായി ശിവസേന പ്രവര്‍ത്തകര്‍ രംഗത്തെത്തി. റാവത്തിന് പിന്തുണയുമായി നൂറുകണക്കിന് പ്രവര്‍ത്തകരാണ് വീടിനുമുന്നിലെത്തിയത്. സിആര്‍പിഎഫ് സുരക്ഷയോടെയാണ് മുംബൈയിലെ വസതിയിലെ പരിശോധനയും ചോദ്യം ചെയ്യലും.
രാവിലെ ഏഴരയോടെയാണ് ഇഡി ഉദ്യോഗസ്ഥര്‍ എത്തിയത്. തനിക്കെതിരേ നടക്കുന്നത് വ്യാജ ആരോപണങ്ങളും നടപടികളുമാണെന്ന് സഞ്ജയ് റാവത്ത് പ്രതികരിച്ചു. ഒരു സമ്മര്‍ദ്ദങ്ങള്‍ക്കും വഴങ്ങില്ല. ശിവസേന വിടുന്ന പ്രശ്‌നമില്ല. പോരാട്ടം തുടരുമെന്നും തനിക്ക് അഴിമതിയില്‍ പങ്കില്ല എന്നും സഞ്ജയ് റാവത്ത് പ്രതികരിച്ചു.
ഗൊരെഗാവിലെ പത്രചാള്‍ ചേരി പുനരധിവാസപദ്ധതിയുമായി ബന്ധപ്പെട്ട സാമ്പത്തിക കുറ്റകൃത്യക്കേസാണ് റാവുത്തിനെതിരേ ഉള്ളത്. ജൂലായ് ഒന്നിന് റാവുത്തിനെ ഇ ഡി പത്ത് മണിക്കൂറോളം ചോദ്യംചെയ്തിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ വര്‍ഷ റാവുത്ത് അടക്കമുള്ളവരുടെ 11.15 കോടി രൂപയുടെ സ്വത്തുവകകള്‍ ഇ.ഡി കണ്ടുകെട്ടുകയും ചെയ്തിരുന്നു. ഫ്‌ളാറ്റും ഭൂസ്വത്തുക്കളും അടക്കമുള്ളവയാണ് കണ്ടുകെട്ടിയത്.