ക്രിസ്ത്യാനികളുടെ കാര്യം നോക്കാന്‍ ജോര്‍ജിനെ ഏല്‍പ്പിച്ചിട്ടില്ല: ഓര്‍ത്തഡോക്‌സ് സഭ

Update: 2022-05-29 07:27 GMT

കോട്ടയം: പി സി ജോര്‍ജ് ക്രൈസ്തവ സമുദായത്തിന്റെ ചാംപ്യനാകേണ്ടെന്ന് ഓര്‍ത്തഡോക്‌സ് സഭ. ജോര്‍ജിനെ ക്രൈസ്തവരുടെ പ്രതിനിധിയായി കാണാനാകില്ലെന്നും ഓര്‍ത്തഡോക്‌സ് സഭ തൃശൂര്‍ ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ മിലിത്തിയോസ് പറഞ്ഞു. 'ക്രിസ്ത്യാനികളുടെ കാര്യം നോക്കാന്‍ ജോര്‍ജിനെ ഏല്‍പ്പിച്ചിട്ടില്ല. ജോര്‍ജ് ക്രിസ്ത്യാനികളുടെ ചാമ്പ്യനാകേണ്ട. കോണ്‍ഗ്രസും ഇടതുപക്ഷവും എടുക്കാത്തത് കൊണ്ട് ബിജെപിയില്‍ പോകാതെ ജോര്‍ജിന് നിവൃത്തിയില്ല. ഭാരതത്തെ മുഴുവനായി കാണുന്ന ആര്‍ക്കും സംഘ് പരിവാറിനൊപ്പം നില്‍ക്കാന്‍ കഴിയില്ലെന്നും യൂഹാനോന്‍ മാര്‍ മിലിത്തിയോസ് വ്യക്തമാക്കി.

നാര്‍ക്കോട്ടിക് ജിഹാദ്, ലവ് ജിഹാദ് എന്നീ വിഷയങ്ങള്‍ കേരളത്തിലെ ചില കത്തോലിക്ക സഭ നേതാക്കള്‍ ഉന്നയിക്കുന്നതിന് പിന്നില്‍ അവരുടെ വ്യക്തി താത്പര്യമാണെന്നും തൃശൂര്‍ ഭദ്രാസനാധിപന്‍ പറഞ്ഞു. വിശ്വാസികളാണ് സഭാ നേതൃത്വത്തെ തിരുത്തേണ്ടത്.

അതിനിടെ, വിദ്വേഷക്കേസില്‍ ജാമ്യത്തിലിറങ്ങിയ പി.സി ജോര്‍ജ് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കരയിലെത്തി. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന പോലിസ് നിര്‍ദേശം തള്ളിയാണ് ജോര്‍ജ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയത്. തന്നെ വര്‍ഗീയവാദിയാക്കി അറസ്റ്റു ചെയ്തതിനും തുടര്‍ന്നുള്ള നടപടിക്കും പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ക്രിമിനല്‍ ഗൂഢാലോചനയാണെന്ന് അദ്ദേഹം ആരോപിച്ചു. തൃക്കാക്കരയിലെ എന്‍ഡിഎ സ്ഥാനാര്‍ഥി എ.എന്‍ രാധാകൃഷ്ണന്റെ പ്രചാരണ പരിപാടികളില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ജോര്‍ജ്. മുസ്‌ലിംകള്‍ക്കെതിരേ വിദ്വേഷ പ്രസംഗം നടത്തിയ വെണ്ണല ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയ ശേഷമാണ് അദ്ദേഹം മാധ്യമങ്ങളോട് സംസാരിച്ചത്.

Tags:    

Similar News