വിദ്വേഷ പ്രസംഗക്കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാവില്ല; പോലിസ് മുന്നറിയിപ്പ് തള്ളി പി സി ജോര്‍ജ് തൃക്കാക്കരയില്‍
കോട്ടയം: വിദ്വേഷ പ്രസംഗം കേസില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ പി സി ജോര്‍ജ് ചോദ്യം ചെയ്യലിന് ഹാജരാകാതെ ബിജെപി പ്രചാരണത്തിനായി തൃക്കാക്കരയിലേക്ക്. ചോദ്യം ചെയ്യലിന് ഹാജരായില്ലെങ്കില്‍ ജാമ്യ ഉപാധികളുടെ ലംഘനമായി കണക്കാക്കുമെന്ന പോലിസ് രണ്ടാമതും നല്‍കിയ മുന്നറിയിപ്പ് വകവയ്ക്കാതെയാണ് പി സി ജോര്‍ജ് ബിജെപി പ്രചാരണത്തിനെത്തുന്നത്.
ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മിഷണര്‍ മുമ്പാകെ ഹാജരാകാന്‍ കഴിഞ്ഞ ദിവസം നോട്ടിസ് നല്‍കിയിരുന്നു. ഹാജരാകാന്‍ ആകില്ലെന്ന് വ്യക്തമാക്കി പി സി ജോര്‍ജ് രംഗത്തെത്തി. ആദ്യം ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചായിരുന്നു ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് വാര്‍ത്താകുറിപ്പ് ഇറക്കിയതെങ്കില്‍ അതിന് മാറ്റം വന്നിട്ടുണ്ട്.ഭരണഘടനാപരമായിം ജനാധിപത്യപരവുമായ തന്റെ അവകാശമാണെന്നും തന്റെ ജനപക്ഷം സംഘടനയുടെ പേരില്‍ പ്രചരണത്തിന് ഇറങ്ങാന്‍ പോകുകയാണെന്നും ജോര്‍ജ് വ്യക്തമാക്കിയിട്ടുണ്ട്.അതേസമയം ഉപതെരഞ്ഞെടുപ്പില്‍ എന്‍ ഡി എ സ്ഥാനാര്‍ഥിയുടെ പ്രചാരണത്തിനായി പി സി ജോര്‍ജ് ഇന്ന് തൃക്കാക്കരയിലുണ്ട്. കൊട്ടിക്കലാശ ദിവസമായ ഇന്ന് പി സി ജോര്‍ജ് യോഗങ്ങളിലും സ്ഥാനാര്‍ഥിക്കൊപ്പം പര്യടന പരിപാടിയിലും പങ്കെടുക്കും. വെണ്ണല ക്ഷേത്രത്തില്‍ പി സി ജോര്‍ജിന് സ്വീകരണവും ഉണ്ടായിരുന്നു.
ഹാജരാകാന്‍ ആകില്ലെന്ന് വ്യക്തമാക്കി പി സി ജോര്‍ജ് കത്ത് നല്‍കിയെങ്കിലും അതില്‍ ദുരഹത ഉണ്ടെന്ന് പോലിസ് വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് വീണ്ടും നോട്ടിസ് നല്‍കിയെങ്കിലും പി സി ജോര്‍ജ് അതും തള്ളുകയായിരുന്നു. വീണ്ടും നോട്ടിസ് നല്‍കാനാണ് പോലിസ് തീരുമാനം.