യുദ്ധം അവസാനിക്കുമോ ?; ബെലാറൂസില്‍ റഷ്യന്‍- യുക്രെയ്ന്‍ സമാധാന ചര്‍ച്ച

Update: 2022-02-28 10:11 GMT

കീവ്: അഞ്ചാം ദിവസവും യുക്രെയ്ന്‍ നഗരങ്ങളെ ലക്ഷ്യമാക്കി റഷ്യ ആക്രമണം ശക്തമാക്കിയിരിക്കെ സമാധാന ചര്‍ച്ചയ്ക്ക് വഴിയൊരുങ്ങി. അയല്‍രാജ്യമായ ബെലാറൂസിലാണ് നിര്‍ണായക ചര്‍ച്ച നടക്കുക. ചര്‍ച്ചയ്ക്കായി റഷ്യന്‍- യുക്രെയ്ന്‍ പ്രതിനിധി സംഘങ്ങള്‍ ബെലാറൂസിലെത്തിയിട്ടുണ്ട്. ചര്‍ച്ച വൈകാതെ ആരംഭിക്കുമെന്നാണ് റിപോര്‍ട്ടുകള്‍. യുക്രെയ്ന്‍ പ്രതിരോധമന്ത്രി ഒലെക്‌സി റെസ്‌നിക്കോവും സംഘത്തിലുണ്ട്. യുക്രെയ്‌നില്‍നിന്നും റഷ്യയുടെ സേനാപിന്‍മാറ്റമാണ് പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്. വെടിനിര്‍ത്തലും ചര്‍ച്ച ചെയ്യുമെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വഌമിമിര്‍ സെലന്‍സ്‌കി അറിയിച്ചു. സമാധാന ചര്‍ച്ചയോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള യുദ്ധം അവസാനിക്കുമോ എന്നാണ് ലോകരാജ്യങ്ങള്‍ ഉറ്റുനോക്കുന്നത്.

റഷ്യയുടെ സഖ്യരാജ്യം കൂടിയായ ബെലാറൂസില്‍ സമാധാന ചര്‍ച്ചയ്ക്ക് നേരത്തെ യുക്രെയ്ന്‍ സന്നദ്ധമായിരുന്നില്ല. ബെലാറൂസിലുള്ള റഷ്യന്‍ വ്യോമതാളവങ്ങളില്‍നിന്നു കൂടി ആക്രമണം നേരിടുന്ന സാഹചര്യത്തില്‍ മറ്റേതെങ്കിലും രാജ്യത്ത് വച്ചാവാം ചര്‍ച്ചയെന്ന നിലപാടിലായിരുന്നു യുക്രെയ്ന്‍. ബെലാറൂസ് പ്രസിഡന്റ് അലക്‌സാണ്ടര്‍ ലുകാഷെങ്കോ റഷ്യയ്ക്ക് സഹായവുമായി സൈന്യത്തെ അയക്കുമെന്നും റിപോര്‍ട്ടുണ്ടായിരുന്നു. പിന്നീട് നയതന്ത്ര ഇടപെടലുകള്‍ക്കൊടുവില്‍ തങ്ങളുടെ പ്രതിനിധികളെ അയക്കാന്‍ യുക്രെയ്ന്‍ സമ്മതിക്കുകയായിരുന്നു.

കൂടിക്കാഴ്ചയില്‍ അനുകൂലമായ ഫലമുണ്ടാവുമെന്ന് വിശ്വാസമില്ലെങ്കിലും ചര്‍ച്ച നടക്കട്ടെയെന്നാണ് യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കി വ്യക്തമാക്കിയത്. പ്രതിരോധ മന്ത്രി ഒലെക്‌സി റെസ്‌നികോവ്, പ്രസിഡന്റിന്റെ ഉപദേഷ്ടാവ് മിഖായേല്‍ പോഡൊലിയാക്ക് അടക്കമുള്ള പ്രമുഖര്‍ ബെലാറൂസിലെത്തിയ റഷ്യന്‍ സംഘത്തിലുണ്ട്. അടിയന്തരമായ വെടിനിര്‍ത്തലും റഷ്യയുടെ സേനാപിന്‍മാറ്റവുമാണ് ചര്‍ച്ച ചെയ്യാന്‍ പോകുന്ന പ്രധാന വിഷയമെന്ന് യുക്രെയ്ന്‍ വാര്‍ത്താക്കകുറിപ്പിലൂടെ അറിയിച്ചു.

ചര്‍ച്ചയ്ക്കായി ഒരുക്കിയ വേദിയുടെ ചിത്രം ബെലാറൂസ് വിദേശകാര്യ മന്ത്രാലയം സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരുന്നു. ചര്‍ച്ചയ്ക്കായി റഷ്യന്‍ സംഘമാണ് ആദ്യമെത്തിയത്. പ്രസിഡന്റ് ഫ്‌ളാദിമിര്‍ പുടിന്റെ പ്രതിനിധികളും സംഘത്തിലുണ്ട്. അതേസമയം, മറുവശത്ത് റഷ്യ ഇപ്പോഴും ആക്രമണം തുടരുകയാണ്. യുക്രെയ്ന്‍ നഗരമായ ചെര്‍ണിഹിവില്‍ ജനവാസ മേഖലയില്‍ റഷ്യ മിസൈല്‍ ആക്രമണം നടത്തി.

വടക്കന്‍ നഗരമായ ചെര്‍ണിഹിവില്‍ റഷ്യ ബോംബിട്ടത് ജനങ്ങള്‍ താമസിച്ചിരുന്ന ഫ്‌ളാറ്റിന്റെ താഴത്തെ നിലയിലാണ്. കീവിലും ഖാര്‍കീവിലും ഇന്നലെ രാത്രിയും ഇന്ന് പുലര്‍ച്ചെയും ആക്രമണം നടത്തി. റഷ്യ ആക്രമണം തുടരുമ്പോഴും കീവും ഖര്‍കീവും കീഴടങ്ങാതെ നില്‍ക്കുകയാണ്. തലസ്ഥാനമായ കീവിലും പ്രധാന നഗരമായ ഖര്‍ക്കിവിലും സ്‌ഫോടനങ്ങള്‍ കേട്ടതായി ഉക്രേനിയന്‍ അധികൃതരെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്തു. കീവില്‍ റഷ്യന്‍ സൈന്യത്തിന് ശക്തമായ ചെറുത്തുനില്‍പ്പ് നേരിടേണ്ടിവന്നതായി റിപോര്‍ട്ട് പറയുന്നു.

Tags:    

Similar News