പെരിയ ഇരട്ടക്കൊല സി.ബി.ഐ അന്വേഷിക്കണം; കുടുംബത്തിന് സര്‍ക്കാര്‍ സഹായധനം പ്രഖ്യാപിക്കണം: എസ്.ഡി.പി.ഐ
സ്ഥലം എം.എല്‍.എ ഉള്‍പ്പെടെയുള്ളവര്‍ക്ക് സംഭവത്തില്‍ പങ്കുള്ളതായാണ് കൊല്ലപ്പെട്ടവരുടെ കുടുംബം വ്യക്തമാക്കുന്നത്. കൂടാതെ കണ്ണൂരില്‍ നിന്നുള്ള പ്രത്യേക പരിശീലനം സിദ്ധിച്ച കൊലയാളി സംഘങ്ങളുടെ പങ്കും സംശയിക്കുന്നുണ്ട്. അതിനാല്‍ ഗൂഢാലോചന പുറത്തുകൊണ്ടുവരുന്നതിനും യഥാര്‍ഥ പ്രതികളെ പിടികൂടുന്നതിനും സി.ബി.ഐ അന്വേഷണം വേണം.
കാസര്‍കോഡ്: കാസര്‍കോഡ് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത്‌ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസിയും വൈസ് പ്രസിഡന്റ് എം കെ മനോജ്കുമാറും വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു. കൊല്ലപ്പെട്ട യുവാക്കളുടെ വസതി എസ്.ഡി.പി.ഐ നേതാക്കള്‍ സന്ദര്‍ശിച്ചു. സ്ഥലം എം.എല്‍.എ ഉള്‍പ്പെടെയുള്ളവര്‍ക്ക് സംഭവത്തില്‍ പങ്കുള്ളതായാണ് കൊല്ലപ്പെട്ടവരുടെ കുടുംബം വ്യക്തമാക്കുന്നത്. കൂടാതെ കണ്ണൂരില്‍ നിന്നുള്ള പ്രത്യേക പരിശീലനം സിദ്ധിച്ച കൊലയാളി സംഘങ്ങളുടെ പങ്കും സംശയിക്കുന്നുണ്ട്. അതിനാല്‍ ഗൂഢാലോചന പുറത്തുകൊണ്ടുവരുന്നതിനും യഥാര്‍ഥ പ്രതികളെ പിടികൂടുന്നതിനും സി.ബി.ഐ അന്വേഷണം വേണം.
കൊല്ലപ്പെട്ട യുവാക്കളുടെ കുടുംബത്തിന് സര്‍ക്കാര്‍ സഹായധനം പ്രഖ്യാപിക്കണം. നിര്‍ധന കുടുംബങ്ങളുടെ ഏകപ്രതീക്ഷയായിരുന്ന യുവാക്കളെയാണ് അക്രമികള്‍ കൊലപ്പെടുത്തിയത്. ഭരണകക്ഷി പ്രതിനിധികള്‍ക്ക് സംഭവത്തില്‍ ഉത്തരവാദിത്വമുള്ളതുകൊണ്ട് സര്‍ക്കാരിന് കയ്യൊഴിയാനാവില്ല. യുവാക്കളെ വെട്ടിക്കൊലപ്പെടുത്തിയവരെ സിപിഎം കയ്യൊഴിയുന്നത് ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തത് കൊണ്ടുമാത്രമാണ്. ഇരട്ടക്കൊല കേസില്‍ അറസ്റ്റിലായ എ പീതാംബരന് പ്രാദേശിക തര്‍ക്കത്തിനിടെ മര്‍ദ്ദനമേറ്റതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ജനുവരി ഏഴിന് കല്യോട്ട് സി.പി.എം സംഘടിപ്പിച്ച സമ്മേളനത്തില്‍ ജില്ലാ നേതാവ് നടത്തിയ കൊലവിളി പ്രസംഗങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. പാര്‍ട്ടി അറിയാതെ ഒന്നും ചെയ്യില്ലെന്ന മുഖ്യപ്രതിയും സി.പി.എം ലോക്കല്‍ കമ്മിറ്റിയംഗവുമായിരുന്ന പീതാംബരന്റെ ഭാര്യ മഞ്ജുവിന്റെയും മകള്‍ ദേവികയുടെയും വാക്കുകള്‍ ഗൗരവമുള്ളതാണ്.
ആഭ്യന്തര വകുപ്പിന്റെ സഹായവും പാര്‍ട്ടി സംരക്ഷണവും കൊലപാതകങ്ങള്‍ക്കും അക്രമങ്ങള്‍ക്കും പ്രചോദനമാകുകയാണ്. രാഷ്ട്രീയ ബോധമുള്ള ആരെങ്കിലും ഈ സന്ദര്‍ഭത്തില്‍ ഇത് ചെയ്യുമോ എന്നായിരുന്നു സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരിയുടെ ആദ്യ പ്രതികരണം. പാര്‍ട്ടി നേതാക്കള്‍ അണികളില്‍ കുത്തി വെച്ചിട്ടുള്ള പ്രതികാര രാഷ്ട്രീയത്തിന്റെ പ്രതിഫലനമായാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത്്. പിണറായി സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷമുണ്ടായ 20 രാഷ്ട്രീയ കൊലപാതകങ്ങളില്‍ 16 ലും പ്രതികള്‍ സി.പി.എം ആണെന്നത് ഇതിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. സിപിഎം അണികളല്ലാത്തവരുടെയെല്ലാം ജീവന്‍ അപകടത്തിലായ കേരളത്തില്‍ ഇടത് മുന്നണി കേരള സംരക്ഷണയാത്ര നടത്തുന്നത് പരിഹാസ്യമാണ്. സൈദ്ധാന്തികമായി എതിര്‍പ്പുളളവരെയൊക്കെ വകവരുത്തുകയെന്ന ഫാഷിസ്റ്റ് നയത്തിന്റെ കേരള പതിപ്പാണ് സിപിഎം.
കേന്ദ്ര ഭരണത്തിന്റെ ഒത്താശയില്‍ ഉത്തരേന്ത്യയില്‍ ആര്‍.എസ്.എസ് നടത്തി കൊണ്ടിരിക്കുന്ന കീഴ്‌പ്പെടുത്തല്‍ നയമാണ് സി.പി.എംകേരളത്തില്‍ നടപ്പാക്കുന്നത്. പെരിയ ഇരട്ടക്കൊലയുടെ പേരില്‍ തലകുനിക്കുന്ന പിണറായി വിജയന്‍ മുഖ്യമന്ത്രി കസേരയില്‍ തുടരാതിരിക്കാനുള്ള ധാര്‍മ്മികത കാണിക്കണം.
കൊലപാതകങ്ങളെ മഹത്വവല്‍ക്കരിക്കുന്ന നയമാണ് സിപിഎമ്മിന്റെത്. മനുഷ്യ രക്തം കൊണ്ട് ചെഞ്ചായമണിഞ്ഞ പതാകയേന്തി ജനങ്ങളോട് വോട്ട് ചോദിക്കാന്‍ സി.പി.എമ്മിന് അര്‍ഹതയില്ലെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.
എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.കെ അബ്ദുല്‍ ജബ്ബാര്‍, കാസര്‍കോഡ് ജില്ലാ പ്രസിഡന്റ് എന്‍.യു അബ്ദുല്‍ സലാം, ജില്ലാ ജനറല്‍ സെക്രട്ടറി ഷെരീഫ് പടന്ന, ജില്ലാ സെക്രട്ടറി ഖാദര്‍ അറഫ, മണ്ഡലം ഭാരവാഹികളായ അബ്ദുര്‍ റഹ്മാന്‍, സമദ് പാറപ്പള്ളി എന്നിവരും നേതാക്കളോടൊപ്പം കൊല്ലപ്പെട്ട യുവാക്കളുടെ വസതി സന്ദര്‍ശിച്ചു.