വയനാട് തുരങ്കപ്പാതയ്ക്ക് സ്ഥലമേറ്റെടുക്കാൻ അനുമതി; പ്രദേശത്ത് രണ്ടാഴ്ച്ച മുമ്പ് ഉരുൾപൊട്ടി

പരിസ്ഥിതി ആഘാത പഠനം നടത്താതെയുള്ള, ഉരുൾപൊട്ടൽ സാധ്യതാ പ്രദേശത്തെ തുരങ്കപ്പാത നിർമാണത്തിന് സർക്കാർ തിടുക്കപ്പെട്ട് അനുതി നൽകിയ നടപടി ഈ ആരോപണം ശരിവയ്ക്കുന്നതാണ്.

Update: 2022-09-21 11:09 GMT

കോഴിക്കോട്: സംസ്ഥാന സർക്കാരിന്റെ സ്വപ്ന പദ്ധതിയെന്ന് വിശേഷിപ്പിക്കുന്ന ആനക്കാംപൊയിൽ–കള്ളാടി–മേപ്പാടി തുരങ്കപ്പാത നിർമാണത്തിന്‌ കോടഞ്ചേരി, തിരുവമ്പാടി വില്ലേജുകളിലെ സ്ഥലം എറ്റെടുക്കൽ നടപടിക്ക് അനുമതി നൽകി സർക്കാർ. എന്നാൽ തുരങ്കപ്പാത തുടങ്ങുന്ന പ്രദേശത്ത് ഇക്കഴിഞ്ഞ അതിതീവ്ര മഴയിൽ ഉരുൾപൊട്ടലുണ്ടായിട്ടുണ്ട്.

തുരങ്കപ്പാത തുടങ്ങുന്ന മറിപ്പുഴയിലെ വെള്ളരിമലയിൽ നിന്ന് ഏകദേശം 500 മീറ്ററും തുരങ്കപ്പാതയുടെ അപ്രോച്ച് റോഡ് ആരംഭിക്കുന്ന ഇടത്തുനിന്ന് കഷ്ടിച്ച് 200 മീറ്ററും ദൂരത്തിലുള്ള മലയിലാണ് വലിയ ഉരുൾപൊട്ടലുണ്ടായത്. രണ്ടാഴ്ച്ച മുമ്പത്തെ മഴയിലാണ് ഉരുൾപൊട്ടിയതെന്ന് പ്രദേശത്തെ ആദിവാസികൾ സാക്ഷ്യപ്പെടുത്തുന്നു.

ഉരുൾപൊട്ടിയതിനു താഴെ രണ്ട് വീടുകൾ ഉണ്ടായിരുന്നെങ്കിലും ആരും സംഭവസമയത്ത് വീട്ടിലില്ലാത്തതിനാൽ ആളപായമുണ്ടായില്ലെന്നും നാട്ടുകാർ പറയുന്നു. അതീവ പരിസ്ഥിതി ലോല മേഖലയായ ഇവിടെ അപകട സാധ്യതയെ മറച്ചുവച്ചുകൊണ്ടാണ് പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോകുന്നതെന്ന് വയനാട് തുരങ്കപ്പാത വിരുദ്ധസമിതി നേരത്തേ ആരോപിച്ചിരുന്നു. പരിസ്ഥിതി ആഘാത പഠനം നടത്താതെയുള്ള, ഉരുൾപൊട്ടൽ സാധ്യതാ പ്രദേശത്തെ തുരങ്കപ്പാത നിർമാണത്തിന് സർക്കാർ തിടുക്കപ്പെട്ട് അനുതി നൽകിയ നടപടി ഈ ആരോപണം ശരിവയ്ക്കുന്നതാണ്.

സ്ഥലം ഏറ്റെടുക്കൽ നടപടിക്ക്‌ മുന്നോടിയായുള്ള സാമൂഹികാഘാത പഠനത്തിന്‌ കണ്ണൂർ ഡോൺ ബോസ്‌കോ ആർട്‌സ് ആൻഡ്‌ സയൻസ് കോളജിനെ ചുമതലപ്പെടുത്തിയിരുന്നു. അവരുടെ പഠന റിപോർട്ട്, വിദഗ്‌ധസമിതിയുടെ ശുപാർശ, കോഴിക്കോട് കലക്ടറുടെ ശുപാർശ എന്നിവയുടെ അടിസ്ഥാനത്തിൽ 2013ലെ ഭൂമി ഏറ്റെടുക്കൽ നിയമ (എൽഎആർആർ) പ്രകാരമാണ് ഭൂമി ഏറ്റെടുക്കുകയെന്ന് ലിന്റോ ജോസഫ് എംഎൽഎ പറയുന്നു.

സാമൂഹികാഘാത പഠനം നടത്തിയെന്ന് എംഎൽഎ പറയുമ്പോഴും സ്ഥലമേറ്റെടുക്കുന്നതിന് മുമ്പ് എന്തുകൊണ്ട് പരിസ്ഥിതി ആഘാത പഠനം നടത്തിയില്ലെന്നത് ശ്രദ്ധേയമാണ്. പരിസ്ഥിതി ലോല മേഖലകളിലെ വീട് നിർമാണത്തിന് പോലും സർക്കാർ കടുത്ത നിയന്ത്രണമേർപ്പെടുത്തുമ്പോഴാണ് കിലോമീറ്ററിന് 98 കോടി രൂപ ചിലവഴിച്ച് തുരങ്കപ്പാത നിർമാണത്തിന് ഉരുൾപൊട്ടൽ മേഖലയിൽ അനുമതി നൽകിയിരിക്കുന്നത്.

Similar News