'റിപബ്ലിക്കിനെ രക്ഷിക്കുക'; പോപുലര്‍ ഫ്രണ്ട് സാമൂഹിക സുരക്ഷാ സമ്മേളനം ജൂലൈ 24ന് ചെന്നൈയില്‍

Update: 2022-07-07 16:29 GMT

ചെന്നൈ: 'റിപബ്ലിക്കിനെ രക്ഷിക്കുക' എന്ന പ്രമേയത്തില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംഘടിപ്പിക്കുന്ന 'സാമൂഹിക സുരക്ഷാ സമ്മേളനം' ജൂലൈ 24ന് ചെന്നൈയില്‍ നടക്കും. എട്ട് വര്‍ഷത്തെ ബിജെപി ഭരണത്തിന് കീഴില്‍, സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ തൊഴിലില്ലായ്മയും വിലക്കയറ്റവും അതിന്റെ ഉച്ചസ്ഥായിയിലായെന്ന് മാധ്യമപ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് പോപുലര്‍ ഫ്രണ്ട് തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റ് എം മുഹമ്മദ് ഷെയ്ഖ് അന്‍സാരി പറഞ്ഞു.

എന്നാല്‍, ഭരണകക്ഷിയായ ബിജെപി സര്‍ക്കാര്‍ ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനേക്കാള്‍ സമൂഹത്തില്‍ വര്‍ഗീയ കലാപം സൃഷ്ടിക്കുന്നതിലാണ് ശ്രദ്ധകേന്ദ്രീകരിക്കുന്നത്. ന്യൂനപക്ഷങ്ങള്‍ക്കെതിരായ അക്രമം വര്‍ധിച്ചുവരികയാണ്. മതസ്വാതന്ത്ര്യം ചോദ്യം ചെയ്യപ്പെടുന്നു. ജനാധിപത്യപരമായ വിയോജിപ്പുകള്‍ കുറ്റകൃത്യമായി പ്രഖ്യാപിക്കപ്പെടുന്നു. തെറ്റായ വിവരങ്ങളും വിദ്വേഷ പ്രസംഗങ്ങളും പ്രചരിപ്പിച്ചാണ് ബിജെപി ഇപ്പോള്‍ തമിഴ്‌നാടിനെ ലക്ഷ്യമിടുന്നത്. ജനാധിപത്യം, സോഷ്യലിസം, മതനിരപേക്ഷത തുടങ്ങിയ ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് സമ്മേളനം സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    

Similar News