തലശേരിയിലെ സംഘപരിവാര്‍ കേരളത്തില്‍ കേള്‍ക്കരുതാത്ത മുദ്രാവാക്യം മുഴക്കി: പിണറായി വിജയന്‍

Update: 2021-12-05 15:51 GMT

ആലപ്പുഴ: തലശേരിയിലെ സംഘപരിവാര്‍ പ്രകടനത്തില്‍ കേരളത്തില്‍ കേള്‍ക്കരുതാത്ത മുദ്രാവാക്യം മുഴക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വന്തം വളര്‍ച്ചയ്ക്ക് ആര്‍എസ്എസ് കലാപങ്ങളെയും സംഘര്‍ഷങ്ങളെയും ഉപയോഗിക്കുന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യ-പാക്ക് ക്രിക്കറ്റില്‍ ഇന്ത്യ തോറ്റാല്‍ അതും ആര്‍എസ്എസ് വര്‍ഗീയപ്രാചരണത്തിന് ഉപയോഗിക്കുന്നു. സംഘപരിവാര്‍ പറയുന്നത് കോണ്‍ഗ്രസ് അതേപടി ആവര്‍ത്തിക്കുന്നുവെന്നും പിണറായി ആലപ്പുഴയില്‍ പറഞ്ഞു.

ആര്‍എസ്എസ് പൂര്‍ണമായും വര്‍ഗീയതയില്‍ അഭിരമിക്കുന്നവരാണ്. വര്‍ഗീയതയിലൂടെ വളരാന്‍ കഴിയും എന്ന് ചിന്തിക്കുന്നവരാണ്. വളരുന്നതിന് വേണ്ടി വര്‍ഗീയതയേയും വര്‍ഗീയ സംഘര്‍ഷങ്ങളേയും അതിന്റെ ഭാഗമായുള്ള കലാപങ്ങളേയും ആശ്രയിക്കുന്നവരാണ്. പിണറായി വിജയന്‍ പറഞ്ഞു.

ബിജെപി നേതാവ് ജയകൃഷ്ണന്‍ ചരമവാര്‍ഷികത്തോടനുബന്ധിച്ച് സംഘപരിവാരം തലശ്ശേരിയില്‍ നടത്തിയ പ്രകടനത്തില്‍ മുസ് ലിം വിരുദ്ധ വര്‍ഗീയ മുദ്രാവാക്യം മുഴക്കിയത് ഏറെ വിവാദമായിരുന്നു. 'അഞ്ച് നേരം നമസ്‌കരിക്കാന്‍ പള്ളികളൊന്നും കാണില്ല, ബാങ്ക് വിളിയും കേള്‍ക്കില്ല' തുടങ്ങി കലാപാഹ്വാനമാണ് ആര്‍എസ്എസ് നടത്തിയത്. അതിനെതിരേ വിവിധ സംഘടനകള്‍ തലശ്ശേരിയില്‍ പ്രകടനം നടത്തി. ആര്‍എസ്എസ് കലാപത്തിന് ശ്രമിച്ചാല്‍ ജനകീയമായി നേരിടുമെന്ന മുന്നറിയിപ്പുമായി എസ്ഡിപിഐയും രംഗത്തെത്തി.

Tags:    

Similar News